18 May Tuesday

കേരള പ്രീമിയർ ലീഗ് ഫുട്ബോൾ : ബ്ലാസ്റ്റേഴ്‌സ്‌ പുറത്ത്, കെഎസ്‌ഇബി സെമിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Apr 18, 2021


കൊച്ചി
കേരള പ്രീമിയർ ലീഗ് ഫുട്ബോളിൽ നിലവിലെ ചാമ്പ്യൻമാരായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി പുറത്തായി. ബി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കെഎസ്ഇബിയോട് ഒന്നിനെതിരെ നാലു ഗോളിന് പരാജയപ്പെട്ടു. സെമി പ്രവേശനത്തിന് വിജയം അനിവാര്യമായ മത്സരത്തിൽ ഫിനിഷിങ്ങിലെ പോരായ്മ ചാമ്പ്യൻമാർക്ക് തിരിച്ചടിയായി. ഇതോടെ കെഎസ്ഇബി സെമിയിലെത്തി.

നിജോ ഗിൽബർട്ട്, എൽദോസ് ജോർജ്, എം വിഗ്‌നേഷ്, പി അജീഷ് എന്നിവർ വിജയികൾക്കായി ഗോളടിച്ചു. പരിക്കുസമയത്ത് നഓറം മഹേഷ്സിങ്ങാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആശ്വാസഗോൾ നേടിയത്.

കെഎസ്‌ഇബി 2014ലെ ജേതാക്കളാണ്. കഴിഞ്ഞ സീസണിൽ കളിക്കാതിരുന്ന ടീമിന് സെമി പ്രവേശം ഊർജമായി.  ലീഗിലെ ആദ്യ കളി തോറ്റ ശേഷമാണ് തുടർച്ചയായ നാല്‌ ജയം. 12 പോയിന്റോടെ ബി ഗ്രൂപ്പ് ജേതാക്കളായി.  സെമിയിലെത്തിയ കേരള യുണെെറ്റഡിനും ഇതേ പോയിന്റാണ്. നേർക്കുനേർ പോരാട്ടത്തിലെ വിജയം കെഎസ്ഇബിക്ക് നേട്ടമായി.  പത്ത് പോയിന്റോടെ എംഎ ഫുട്ബോൾ അക്കാദമി ഗ്രൂപ്പിൽ മൂന്നാമതായി. ഏഴു പോയിന്റുള്ള ബ്ലാസ്റ്റേഴ്സിന് നാലാം സ്ഥാനം.
അഞ്ച് കളിയും ജയിച്ച് ഗോകുലം കേരള എഫ്സി ഗ്രൂപ്പ് എ യിൽനിന്നും സെമിയിലെത്തി.

അവസാന മത്സരത്തിൽ എഫ്സി കേരളയെ നാല് ഗോളിന് തോൽപ്പിച്ച് റോയൽ ബോസ്കോയും സെമിയിൽ കടന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top