21 February Friday

അലറുന്നു അയാക്‌സ്‌

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019


ടൂറിൻ
അയാക്സിന്റെ പത്മവ്യൂഹത്തിൽ ആയുധം നഷ്ടപ്പെട്ട യുവന്റസ‌ിന്റെ മുന്നിൽ ചാമ്പ്യൻസ‌് ലീഗിന്റെ വാതിൽ അടഞ്ഞു. യുവന്റസിന്റെ  ടുറിനിൽ ആംസ‌്റ്റർഡാമിലെ യുവനിര ആക്രമണത്തിന്റെ സർവഷട്ടറുകളും തുറന്നപ്പോൾ ക്വാർട്ടറിന്റെ രണ്ടാംപാദം 2–-1ന‌് അവർ സ്വന്തമാക്കി. ആദ്യപാദം 1–-1 ആയിരുന്നു. പ്രീക്വാർട്ടറിൽ റയൽ മാഡ്രിഡിനെ അയാക‌്സ‌്‌ അട്ടിമറിച്ചത‌് യാദൃശ‌്ചികമായിരുന്നില്ലെന്ന‌് എറിക‌്‌ ടെൻ ഹാഗിന്റെ കുട്ടികൾ തെളിയിച്ചു.

റൊണാൾഡോ ഇല്ലാത്ത റയലിനെ തോൽപ്പിച്ച അയാക‌്സിന്റെ വിജയത്തിൽ അൽഭുതം കാണാതിരുന്നവർക്ക‌് ടുറിനിലെ മൈതാനത്ത‌് അവർ മറുപടി നൽകി. ചാമ്പ്യൻസ‌് ലീഗ‌് കിരീടം മാറോടണയ‌്ക്കാൻ 785 കോടി രൂപ മുടക്കി യുവന്റസ‌് കൊണ്ടുവന്ന ക്രിസ‌്റ്റ്യാനോ റൊണാൾ‌ഡോയെ കാഴ‌്ചക്കാരനാക്കി  പത്തൊമ്പതുകാരൻ മാറ്റിസ‌് ഡി ലിറ്റിന്റെ നേതൃത്വത്തിലിറങ്ങിയ അയാക‌്സ‌് പട കാൽപ്പാദത്തിന‌്‌ കത്തിമുനയുടെ മൂർച്ച നൽകി വിജയരഥം തെളിച്ചു.

സ്വന്തം മൈതാനിയിൽ ആത്മവിശ്വാസത്തോടെ ഇറങ്ങിയ യുവന്റസിന്റെ താരപരിവേഷത്തിനു മുന്നിൽ അയാക‌്സ‌് പതറിയില്ല. ആദ്യപാദം 1–-1 ആണെങ്കിലും എതിർതട്ടകത്തിലെ ഗേ‌ാൾ എന്ന ആനുകൂല്യവും യുവന്റസിനുണ്ടായിരുന്നു. ഒന്നും പരിഗണിച്ചില്ല അയാക‌്സിന്റെ ചുണക്കുട്ടികൾ.
കളി അരമണിക്കൂർ എത്തും മുമ്പെ അയാക‌്സ‌് ഒരു ഗോൾ വഴങ്ങുകയും ചെയ‌്തു. പെനൽറ്റി ബോക‌്സിൽ നിരന്നുനിന്ന അയാക‌്സ‌് കളിക്കാർക്കിടയിലൂടെ വിടവ‌് കണ്ടെത്തി ഉയർന്ന‌് ചാടിയ റൊണാൾഡോ തലകൊണ്ട‌് തൊടുത്തപ്പോൾ യുവന്റസ‌് സെമി ഉറപ്പിച്ചു. യുവന്റസ‌് മുന്നിൽ. 1–-0.

വലയിൽ പിടഞ്ഞ പന്തിൽ നോക്കി വിലപിക്കുകയായിരുന്നില്ല അയാക‌്സ‌്. അതോടെ ആ യുവനിരയുടെ സിരകളിൽ തീ പടർന്നു. ആഗ്നേയാസ‌്ത്രങ്ങൾ കണക്കെ അവർ യുവന്റസ‌് മേഖലയിലേക്ക‌് പറന്നു. ജാമ്യതീയരൂപങ്ങൾ വരയ‌്ക്കുന്ന പോലെ കൃത്യമായ പാസുകൾ. അണുകിട തെറ്റാത്ത കണക്കുകൂട്ടലുകൾ, ഒഴുക്കുള്ള കളി; ഒലിച്ചുപോയി യുവന്റസ‌്. അഞ്ച‌് മിനിറ്റ‌്‌ കഴിഞ്ഞതോടെ അയാക‌്സിന്റെ മറുപടി വന്നു. ഹക്കിം സിയെച്ച‌് തെളിച്ച പന്ത‌്‌ പിടിച്ച‌് ഡോനി വാൻ ഡീ ബീക്ക‌് യുവന്റസ‌്‌ പാരമ്പര്യത്തിന്റെ നെറുക പിളർത്തി. 1–-1.

ഇടവേളയിൽ എറിക‌് ടെൻ ഹാഗ‌്‌ അയാക‌്സിന്റെ പോരാളികളെ അടുത്ത പകുതിയുടെ പ്രധാന്യം അറിയിച്ചു. ഈ മുക്കാൽ മണിക്കൂറിലാണ‌് വിധിയെഴുത്ത‌്. അയാക‌്സ‌് വരുന്നു എന്ന‌് യൂറോപ്പ‌് അറിയട്ടെ. എല്ലാം ആക്രമണത്തിലേക്ക‌്. കിതപ്പ‌് തീർത്ത‌് രണ്ടാംപകുതിക്കിറങ്ങിയ അയാക‌്സിന‌്‌ മാരകഭാവം. വാൻ ബീക്ക‌്, ഡി ലിറ്റ‌്, ഹക്കിം സിയെച്ച‌്, ഡേവിഡ‌് നെറെസ‌്, ഫ്രെങ്കി ഡി യോങ് എന്നിവരുടെ ബൂട്ടുകളിൽ യുവന്റസ‌് ഞെരിഞ്ഞു. യുവന്റസ‌് കളി മറന്നു. അയാക‌്സിന‌് പിന്നാലെ ഓടിത്തളർന്നു. സിയെച്ചിന്റെ തകർപ്പനടി യുവന്റസ‌്‌ ഗോളി വോയ‌്ജെനിക്ക‌് സെസ‌്നി ഡൈവ‌് ചെയ‌്ത‌്‌ ‌ഇടത‌് കൈകൊണ്ട‌് തട്ടിയകറ്റി. മറ്റൊരടി ബാറിന‌് മീതെ കുത്തിയകറ്റി. ഉലഞ്ഞു തുടങ്ങി യുവന്റസ‌് കോട്ട. അധികം വൈകിയില്ല, യുവന്റസ‌് അടുത്തെങ്ങും മറക്കാനിടയില്ലാത്ത നിമിഷം പിറന്നു. ഡി ലിറ്റിന്റെ അതിശക്തമായ ഹെഡറിന്റെ മുന്നിൽ സെസ‌്നി കാഴ‌്ചക്കാരനായി. 2–-1. എതിർതട്ടകത്തിൽ രണ്ട‌്‌ ഗോളടിച്ച അയാക‌്സിനെ തോൽപ്പിക്കണമെങ്കിൽ യുവന്റസിന‌് രണ്ട‌് ഗോൾ വേണം. ശേഷിക്കുന്നത‌് 23 മിനിറ്റ‌് മാത്രം. സ‌്കോറല്ല, വൻമലയാണ‌് യുവന്റസിന്റെ മുന്നിൽ. പർവതം കീഴടക്കാനുള്ള ബലം യുവന്റസിന്റെ കാലുകൾക്കുണ്ടായില്ല. അത‌് വല്ലാതെ തളർന്നുപോയി. പ്രീ ക്വാർട്ടറിൽ അത‌്‌ലറ്റികോ മാഡ്രിഡിനെതിരെ ഹാട്രിക‌് നേടിയ റൊണാൾഡോയെ അനക്കിയില്ല അയാക‌്സ‌്. മുന്നിലെത്തിയിട്ടും അയാക‌്സിന്റെ ശൗര്യം അടങ്ങിയില്ല. ഡേവിഡ‌് നെറെസിന്റെ അടി അൽപ്പംകൊണ്ട‌് യുവന്റസ‌് വലയിൽ നിന്നും അകന്നു. സിയെച്ചിന്റെ ശ്രമം ഓഫ‌് സൈഡായി.

അഞ്ചുവട്ടം ചാമ്പ്യൻസ‌് ലീഗ‌് കിരീടം ഉയർത്തിയ റൊണാൾഡോയ‌്ക്ക‌് ഇത്തവണ സെമി നിഷേധിച്ച‌് ലോങ‌് വിസിൽ മുഴങ്ങി. ഒമ്പത്‌ വർഷത്തിനുശേഷം റൊണാൾഡോ ഇല്ലാത്ത ആദ്യ സെമി. യുവന്റസ‌് നിരാശയിൽ മുഖംപൊത്തി നിൽക്കെ അയാക‌്സ‌് ആകാശത്തോളം ഉയർന്നു. ചാമ്പ്യൻസ‌് ലീഗിന്റെ ആദ്യറൗണ്ട‌് തുടങ്ങിയപ്പോൾ 250–-1 സാധ്യത മാത്രമുണ്ടായിരുന്ന അയാക‌്സ‌് സെമിയിലേക്ക‌്. 1997ന‌് ശേഷം ആദ്യമായാണ‌് അയാക‌്സ‌് ചാമ്പ്യൻസ‌് ലീഗിന്റെ സെമിയിലെത്തിയത‌്.


പ്രധാന വാർത്തകൾ
 Top