26 May Sunday

ലോകകപ്പ‌് ക്രിക്കറ്റ‌് പന്ത‌്, റായ‌്ഡു, സെയ‌്നി പകരക്കാർ

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019


മുംബൈ
ലോകകപ്പ‌് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടാതിരുന്ന യുവ വിക്കറ്റ‌് കീപ്പർ ഋഷഭ‌് പന്ത‌്, മധ്യനിര ബാറ്റ‌്സ‌്മാൻ അമ്പാട്ടി റായ‌്ഡു, പേസ‌് ബൗളർ നവ‌്ദീപ‌് സെയ‌്നി എന്നിവരെ പകരക്കാരായി തെരഞ്ഞെടുത്തു.

പന്തിനെയും റായ‌്ഡുവിനെയും ഒഴിവാക്കിയത‌് വിവാദത്തിനും ചർച്ചയ‌്ക്കും വഴിവച്ചിരുന്നു. ദിനേഷ‌് കാർത്തിക്കും വിജയ‌് ശങ്കറുമാണ‌് ടീമിൽ ഇടംപിടിച്ചത‌്.
പതിനഞ്ചംഗ ടീമിലെ ആരെയെങ്കിലും പരിക്കുമൂലമോ മറ്റ‌ു സാഹചര്യത്തിലോ ഒഴിവാക്കേണ്ടിവന്നാൽ ആദ്യം പന്തിനെ പരിഗണിക്കുമെന്ന‌് ക്രിക്കറ്റ‌് കൺട്രോൾ ബോർഡ‌് വക്താവ‌് അറിയിച്ചു. പേസ‌് ബൗളർമാരായ സെയ‌്നി, ഖലീൽ അഹമ്മദ‌്, ആവേഷ‌് ഖാൻ, ദീപക‌് ചഹാർ എന്നിവർ ടീമിനെ പരിശീലനത്തിൽ സഹായിക്കാൻ ഇംഗ്ലണ്ടിലെത്തും. ടീമിനൊപ്പമായിരിക്കും ഇവരുടെ യാത്ര. ഇതിൽ സെയ‌്നി മാത്രമാണ‌് പകരക്കാരനെന്ന‌് ക്രിക്കറ്റ‌് ബോർഡ‌് വ്യക്തമാക്കി.

പന്തിനെ ഒഴിവാക്കിയത‌് അത്ഭുതകരമാണെന്ന‌് സുനിൽ ഗാവസ‌്കർ പ്രതികരിച്ചിരുന്നു. റായ‌്ഡുവിനെ ഉൾപ്പെടുത്താത്തത‌് ഗൗതം ഗംഭീറും ചോദ്യംചെയ‌്തു. തന്റെ നിരാശ റായ‌്ഡു ട്വിറ്ററിൽ കുറിച്ചിരുന്നു.

ഇംഗ്ലണ്ടിലെ വേഗമേറിയ പിച്ചിൽ നാലാമതൊരു പേസ‌് ബൗളർ വേണ്ടിയിരുന്നുവെന്ന ആവശ്യം ശക്തമാണ‌്. നിലവിൽ ഭുവനേശ്വർ കുമാർ, ജസ‌്പ്രീത‌് ബുമ്ര, മുഹമ്മദ‌് ഷമി എന്നിവരാണ‌് പേസ‌് ആക്രമണത്തിനുള്ളത‌്.


പ്രധാന വാർത്തകൾ
 Top