27 September Sunday

അടിക്ക്‌ അടി ; ബാറ്റിലും പന്തിലും മിന്നി ഇന്ത്യ

വെബ് ഡെസ്‌ക്‌Updated: Saturday Jan 18, 2020

സെഞ്ചുറിക്ക്‌ രണ്ട്‌ റൺ അരികെ (98) ഓസ്‌ട്രേലിയയുടെ സ്‌റ്റീവ്‌ സ്‌മിത്ത്‌ കുൽദീപ്‌ യാദവിന്റെ പന്തിൽ ബൗൾഡായപ്പോൾ


ബാറ്റിലും പന്തിലും മിന്നി ഇന്ത്യ തിരിച്ചുവന്നു. പരമ്പര മോഹവുമായി ഇറങ്ങിയ ഓസ്‌ട്രേലിയയെ 36 റണ്ണിന്‌ മുട്ടുകുത്തിച്ച്‌ വിരാട്‌ കോഹ്‌ലിയും കൂട്ടരും ഏകദിന ക്രിക്കറ്റ്‌ പരമ്പര ഒപ്പമാക്കി (1–-1). നാളെ ബംഗളൂരുവിൽ നടക്കുന്ന ‘ഫൈനൽ’ ജേതാക്കളെ നിശ്‌ചയിക്കും. ‌സ്‌കോർ: ഇന്ത്യ 6–-340,  ഓസീസ്‌ 304 (49.1).

ഇന്ത്യ ഉയർത്തിയ റൺമല പിന്തുടർന്ന ഓസ്‌ട്രേലിയക്ക്‌ തുടക്കം പിഴച്ചു. കഴിഞ്ഞ കളിയിൽ സെഞ്ചുറി നേടിയ ഡേവിഡ്‌ വാർണറും (15) ആരോൺ ഫിഞ്ചും (33) നിലയുറപ്പിച്ചില്ല. ജസ്‌പ്രീത്‌ ബുമ്ര തുടർച്ചയായി രണ്ട്‌ ഓവറുകൾ മെയ്‌ഡനെറിഞ്ഞ്‌ ഓസീസിനെ വിരട്ടി. വാർണറെ മിന്നും ക്യാച്ചിലൂടെ പുറത്താക്കി മനീഷ്‌ പാണ്ഡെ ഇന്ത്യക്ക്‌ ആത്മവിശ്വാസം നൽകി. പിന്നാലെ ഫിഞ്ചും വീണു. പതർച്ചയിൽനിന്ന്‌ സ്റ്റീവ്‌ സ്‌മിത്തും (98) മാർണസ്‌ ലബുഷെയ്‌നും (46) കരകയറ്റി. ലബുഷെയ്‌നെ നഷ്ടമായെങ്കിലും സ്‌മിത്ത്‌ നയിച്ചു.

ജയത്തിലേക്ക്‌ ബാറ്റ്‌ വീശുകയായിരുന്ന ഓസീസിനെ ഒതുക്കിയത്‌ കുൽദീപ്‌ യാദവും മുഹമ്മദ്‌ ഷമിയും ചേർന്നാണ്‌. അലക്‌സ്‌ കാരിയുടെയും (18) സ്റ്റീവ്‌ സ്‌മിത്തിന്റെയും അഞ്ചാം വിക്കറ്റ്‌ കൂട്ട്‌കെട്ട്‌ ഒറ്റ ഓവറിൽ കുൽദീപ്‌ പൊളിച്ചു. ആദ്യം കാരിയെ മടക്കി. പിന്നെ സെഞ്ചുറിക്ക്‌ രണ്ട്‌ റൺ അകലെനിന്ന്‌ സ്‌മിത്തിനെ ബൗൾഡാക്കി. പിന്നാലെ ഓസീസിന്റെ അവസാന പ്രതീക്ഷകളായിരുന്ന ആഷ്‌ടൺ ടേണറെയും (13) ആഷ്‌ടൺ ആഗറെയും (25) അടുത്തടുത്ത പന്തുകളിൽ മടക്കി ഷമി കളി ഇന്ത്യക്ക്‌ ഉറപ്പിച്ചു. ഷമി മൂന്ന്‌ വിക്കറ്റ്‌ നേടി.

വാംഖഡെയിലെ പത്ത്‌ വിക്കറ്റിന്റെ തോൽവി പാഠമാക്കിയാണ്‌ ഇന്ത്യ എത്തിയത്‌. പിഴവുകൾ ആവർത്തിച്ചില്ല. ബാറ്റിങ്‌നിരയിലെ പരീക്ഷണങ്ങൾ ഉപേക്ഷിച്ചു. ഋഷഭ്‌ പന്തിനു പകരം മനീഷ്‌ പാണ്ഡെയും ശർദുൾ താക്കൂറിനു പകരം നവ്‌ദീപ്‌ സെയ്‌നിയും ഇടംപിടിച്ചു. തുടക്കത്തിൽ ശിഖർ ധവാന്റെയും (90 പന്തിൽ 96) മധ്യനിരയിൽ ക്യാപ്‌റ്റൻ കോഹ്‌ലിയുടെയും (76 പന്തിൽ 78) ഇന്നിങ്‌സുകൾ ഇന്ത്യയെ മുന്നോട്ടുനയിച്ചു, അഞ്ചാം നമ്പറിലെത്തിയ ലോകേഷ്‌ രാഹുൽ (52 പന്തിൽ 80) വമ്പനടികൾ തീർത്ത്‌ ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചു. കോഹ്‌ലി മൂന്നാമനായാണ്‌ ഇറങ്ങിയത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top