12 November Tuesday

വാക്കിലുണ്ട്‌, കളത്തിലില്ല

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019

ഗോൾ അവസരം നഷ്ടമായപ്പോൾ ഛേത്രിയുടെ നിരാശ


കൊൽക്കത്ത
അറുപതിനായിരം പേരാണ്‌ കൊൽക്കത്തയിൽ ഇന്ത്യ–-ബംഗ്ലാദേശ്‌ ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യതാമത്സരം കാണാനെത്തിയത്‌. ഇടവേളയ്‌ക്കുമുമ്പുതന്നെ അവരുടെ മുഴക്കം നിലച്ചു. ഇഗർ സ്‌റ്റിമച്ച്‌ എന്ന പരിശീലകന്‌ കീഴിലുള്ള ഇന്ത്യയുടെ ഏറ്റവും മോശം കളി. ബംഗ്ലാദേശിനോടുള്ള 1–-1 ഫലം ഒട്ടും പ്രതീക്ഷ നൽകുന്നതല്ല. ബംഗ്ലാദേശിനെതിരെ ആദ്യനിമിഷംതൊട്ട്‌ അവസാനംവരെ ആക്രമിക്കാനാണ്‌ സ്‌റ്റിമച്ച്‌ കളിക്കാരോട്‌ ആവശ്യപ്പെട്ടത്‌. സ്‌റ്റിമച്ചിന്‌ കീഴിൽ കഴിഞ്ഞ മത്സരങ്ങളിൽ നല്ല മാറ്റങ്ങളുണ്ടായിരുന്നു.വേഗമേറിയ നീക്കങ്ങളും മൂർച്ചയുള്ള പാസുകളും കണ്ടു. ബംഗ്ലാദേശിനെതിരെ ടീം തെരഞ്ഞെടുപ്പും പ്രതീക്ഷ നൽകുന്നതായിരുന്നു.

കളത്തിൽ പക്ഷെ, ഒന്നുംനടന്നില്ല. ഗോളിലേക്കുള്ള  ശ്രമങ്ങളെല്ലാം പാതിവഴിയിൽ അവസാനിച്ചു. ആദിൽ ഖാന്റെ ഒരു നിമിഷത്തെ മിന്നൽ ആണ്‌ തോൽവിയിൽനിന്ന്‌ രക്ഷിച്ചത്‌.  4–-5–-1 എന്ന രീതിയിലാണ്‌ ബംഗ്ലാദേശ്‌ പരിശീലകൻ ജാമി ഡെ കളിക്കാരെ വിന്യസിച്ചത്‌. ഇന്ത്യൻ ക്യാപ്‌റ്റൻ സുനിൽ ഛേത്രിയായിരുന്നു അവരുടെ പ്രധാന ലക്ഷ്യം. ഛേത്രിയെ കൃത്യമായി മാർക്ക്‌ ചെയ്‌തു. പന്തൊഴുക്കുന്ന വഴികളെല്ലാം അടച്ചു. ഇന്ത്യ വശങ്ങളിലൂടെ കളിക്കാൻ നിർബന്ധിതരായി.

ഇന്ത്യ ഖത്തറിനോട്‌ പരീക്ഷിച്ച പ്രതിരോധ തന്ത്രം ബംഗ്ലാദേശ്‌ നടപ്പാക്കി. പ്രതിരോധത്തിൽ ഉറച്ച്‌ കിട്ടിയ ഇടങ്ങളിലൂടെ കൃത്യമായി പ്രത്യാക്രമണം നടത്തി. അതിൽ ഇന്ത്യ ഉലഞ്ഞു. ബംഗ്ലാദേശിന്റെ മുഹമ്മദ്‌ ഇബ്രാഹിമും സാദ്‌ ഉദ്ദീനും വശങ്ങളിലൂടെ അതിവേഗത്തിൽ കുതിച്ചു.

4–-1–-3–-2 എന്ന നിലയിലാണ്‌ സ്‌റ്റിമച്ചിന്റെ വിന്യാസം. പ്രതിരോധത്തിന്‌ തൊട്ടുമുന്നിൽ അനിരുദ്ധ്‌ ഥാപ്പ. സഹൽ അബ്‌ദുൾ സമദിന്‌ ആക്രമണത്തിന്‌ പൂർണ സ്വാതന്ത്ര്യം നൽകി. സഹൽ ഭേദപ്പെട്ട്‌ കളിക്കുകയും ചെയ്‌തു. പക്ഷേ, പ്രതിരോധം പാളിയതോടെ മുൻനിരയിലേക്കുളള പന്തൊഴുക്ക്‌ നിലച്ചു. വശങ്ങളിൽ ആഷിഖ്‌ കുരുണിയനും ഉദാന്ത സിങ്ങിനും കൃത്യമായി പന്തെത്തിക്കാനായില്ല. ആദ്യപകുതിയിൽ ടീം തീർത്തും നിറംകെട്ടു. ഗോൾ കീപ്പർ ഗുർപ്രീത്‌ സിങ് സന്ധുവിന്റെ പിഴവുകൾ ഞെട്ടിപ്പിക്കുന്നതായിരുന്നു.

വിരമിക്കൽ പ്രഖ്യാപനം പിൻവലിച്ചതിനുശേഷമുള്ള ആദ്യകളിയായിരുന്നു അനസ്‌ എടത്തൊടികയ്‌ക്ക്‌. അനസിന്‌ തീരെ വേഗമുണ്ടായില്ല. പ്രതിരോധത്തിലെ മറ്റുള്ളവരും സമാന അവസ്ഥയിലായിരുന്നു. രാഹുൽ ബെക്കെയുടെ ഏറ്റവും മോശം പ്രകടനമായിരുന്നു കൊൽക്കത്തയിൽ. ബംഗ്ലാ വിങ്ങർ മുഹമ്മദ്‌ ഇബ്രാഹിമിനുമുന്നിൽ ബെക്കെ കഷ്ടപ്പെട്ടു. മന്ദാർ റാവു ദേശായി, ആദിൽ ഖാൻ എന്നിവർക്കും പ്രതിരോധത്തിൽ മികവുകാട്ടാൻ കഴിഞ്ഞില്ല. ആദിൽ ഒരുതവണ വലയ്‌ക്കുമുന്നിൽവച്ച്‌ ബംഗ്ലാദേശ്‌ ഗോൾശ്രമം നിർവീര്യമാക്കിയിരുന്നു. സന്ദേശ്‌ ജിങ്കന്റെ അഭാവം പ്രതിരോധത്തിൽ നിഴലിച്ചു.

രണ്ടാംപകുതിയിൽ വീര്യത്തോടെ പന്ത്‌ തട്ടിയതാണ്‌ സ്‌റ്റിമച്ചിനുള്ള ആശ്വാസം. പക്ഷേ, ഇപ്പോഴും ആക്രമണത്തിൽ ഛേത്രി മാത്രമാണ്‌. മുന്നേറ്റത്തിലെ പങ്കാളി മൻവീർ സിങ്ങിന്‌ പിന്തുണ നൽകാനായില്ല. അഫ്‌ഗാനിസ്ഥാനാണ്‌ അടുത്ത എതിരാളി. നവംബർ 14നാണ്‌ മത്സരം. സ്‌റ്റിമച്ചിന്‌ തിരുത്താനുള്ള സമയമാണ്‌.


പ്രധാന വാർത്തകൾ
 Top