27 September Sunday

കരാറിൽനിന്ന്‌ പുറത്ത്‌ ; ധോണി യുഗം അവസാനിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jan 17, 2020


മുംബൈ
ബിസിസിഐയുടെ വാർഷിക കരാറിൽനിന്ന്‌ മഹേന്ദ്രസിങ്‌ ധോണി പുറത്ത്‌. കഴിഞ്ഞവർഷംവരെ ‘എ’ ഗ്രേഡിൽ ഉണ്ടായിരുന്ന ധോണി ഒരു വിഭാഗത്തിലും ഇടംപിടിച്ചില്ല. നാല്‌ ഗ്രേഡുകളിലായി 27 താരങ്ങളുമായാണ്‌ ബിസിസിഐ പുതിയ കരാറിൽ എത്തിയിരിക്കുന്നത്‌. ഏഴു കോടി വരുമാനം ലഭിക്കുന്ന ‘എ പ്ലസ്‌’ വിഭാഗത്തിൽ ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലി, രോഹിത്‌ ശർമ, ജസ്‌പ്രീത്‌ ബുമ്ര എന്നിവരാണുള്ളത്‌.

വിരമിക്കൽ അഭ്യൂഹങ്ങൾക്കിടെയാണ്‌ ധോണിയെ കരാറിൽനിന്ന്‌ ഒഴിവാക്കിയിരിക്കുന്നത്‌. ഏകദിന ലോകകപ്പിനുശേഷം കളത്തിൽ ഇറങ്ങിയിട്ടില്ല മുൻ ഇന്ത്യൻ നായകൻ. ടെസ്റ്റിൽനിന്ന് നേരത്തെ വിരമിച്ചിരുന്നു. ഏകദിനത്തിൽനിന്ന്‌ ധോണി വിരമിക്കുമെന്ന സൂചന കഴിഞ്ഞദിവസം ഇന്ത്യൻ പരിശീലകൻ രവി ശാസ്‌ത്രി നൽകിയിരുന്നു. ഭാവിയെപ്പറ്റി ധോണി പരിശീലകനോടും സെലക്‌ടർമാരോടും വ്യക്തമാക്കിയിട്ടുണ്ടാകും എന്നായിരുന്നു ബിസിസിഐ തലവൻ സൗരവ്‌ ഗാംഗുലിയുടെ പ്രതികരണം. വിരമിക്കലിന്റെ ഭാഗമായാണ്‌ ധോണിയെ ഒഴിവാക്കിയതെന്നാണ്‌ അഭ്യൂഹം. ക്രിക്കറ്റിൽനിന്ന്‌ അവധിയെടുത്തുനിൽക്കുന്നമുപ്പത്തെട്ടുകാരൻ ഐപിഎലിലൂടെ കളത്തിൽ മടങ്ങിവന്നേക്കും. ധോണിയെ കൂടാതെ അംബാട്ടി റായ്‌ഡു, ദിനേഷ്‌ കാർത്തിക്‌, ഖലീൽ അഹമ്മദ്‌ എന്നിവർക്കും കരാർ നഷ്ടമായി.

ഓപ്പണർ ലോകേഷ്‌ രാഹുലാണ്‌ കരാറിൽ നേട്ടമുണ്ടാക്കിയത്‌. ബി ഗ്രേഡിൽനിന്ന്‌ അഞ്ചു കോടി വരുമാനമുള്ള എ ഗ്രേഡിലെത്തി കർണാടകക്കാരൻ. മായങ്ക്‌ അഗർവാളും വൃദ്ധിമാൻ സാഹയും ബി ഗ്രേഡിൽ ഉൾപ്പെട്ടു. നവ്‌ദീപ്‌ സെയ്‌നി, ദീപക്‌ ചഹാർ, ശർദുൾ താക്കൂർ, ശ്രേയസ്‌ അയ്യർ, വാഷിങ്‌ടൺ സുന്ദർ എന്നിവരാണ്‌ പുതുമുഖങ്ങൾ. എല്ലാവരും സി ഗ്രേഡിലാണ്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top