05 December Thursday

സെന്റ്‌ ജോർജ്‌ മറഞ്ഞു, ഇനി?

ആനന്ദ്‌ ശിവൻUpdated: Saturday Nov 16, 2019

കല്ലടി സ്‌കൂളിലെ കായിക താരങ്ങൾ പരിശീലനത്തിൽ


കണ്ണൂർ
കോതമംഗലം സെന്റ്‌ ജോർജ്‌ വച്ചൊഴിഞ്ഞ ചാമ്പ്യൻ സ്‌കൂൾ കിരീടം ഇക്കുറി ആരുനേടും? സ്‌കൂൾ കായികമേളയുടെ ചരിത്രത്തിൽ 2001 മുതൽ അവഗണിക്കാനാകാത്ത സാന്നിധ്യമായിരുന്ന സെന്റ്‌ ജോർജിന്റെ പത്താംകിരീട നേട്ടമായിരുന്നു കഴിഞ്ഞതവണ. 2002ൽ മൂന്നാംസ്ഥാനവും 2003ൽ രണ്ടാംസ്ഥാനവും പിടിച്ചെടുത്ത സെന്റ്‌ ജോർജ്‌ 2004ലാണ്‌ ആദ്യമായി ചാമ്പ്യൻ പട്ടമണിഞ്ഞത്‌.

2018 വരെയായി പത്തുതവണ സംസ്ഥാന ചാമ്പ്യൻപട്ടം. ഒമ്പതുതവണ ദേശീയ സ്‌കൂൾ മേളയിലെ മികച്ച സ്‌കൂൾ.  മികച്ച താരങ്ങളെ കായികകേരളത്തിനു സമ്മാനിച്ച സ്‌കൂളിൽനിന്ന്‌ കായികാധ്യാപകൻ രാജു പോൾ മേയിൽ വിരമിച്ചതോടെ സ്‌പോർട്‌സ്‌ ഹോസ്‌റ്റൽ പ്രവർത്തനം അവസാനിപ്പിച്ചു. പുതിയ താരങ്ങളെ കണ്ടെത്തി സ്‌കൂളിലെത്തിച്ച്‌ പരിശീലനം നൽകുന്ന പതിവും ഇക്കുറിയില്ല. ഉപജില്ലയിൽനിന്ന്‌ യോഗ്യത നേടിയ ഏക അത്‌ലീറ്റ്‌ ജില്ലാമേളയിൽനിന്ന്‌ വിട്ടുനിന്നതോടെ ഇക്കുറി സെന്റ്‌ ജോർജില്ലാത്ത സംസ്ഥാനമേളക്ക്‌ അരങ്ങൊരുങ്ങി. കോരുത്തോടിന്റെയും കോട്ടയത്തിന്റെയും കുത്തക തകർത്ത്‌ കായികകിരീടം എറണാകുളത്ത്‌ എത്തിക്കുന്നതിൽ പ്രധാനപങ്കുവഹിച്ച സെന്റ്‌ ജോർജ്‌ പിന്മാറുമ്പോൾ ഒന്നാംസ്ഥാനം ലക്ഷ്യംവച്ച്‌ ഒരുപിടി സ്‌കൂളുകൾ കണ്ണൂരിലിറങ്ങും.

കോമതംഗലം മാർ ബേസിൽ സ്‌കൂളിലെ അത്‌ലീ്റ്റുകൾ പരിശീലനത്തിൽ \ ഫോട്ടോ: പി ദിലീപ്‌കുമാർ

കോമതംഗലം മാർ ബേസിൽ സ്‌കൂളിലെ അത്‌ലീ്റ്റുകൾ പരിശീലനത്തിൽ \ ഫോട്ടോ: പി ദിലീപ്‌കുമാർ


 

മാർ ബേസിലിന്‌ സുവർണാവസരം
പലകുറി സെന്റ്‌ ജോർജിനുപിന്നിൽ രണ്ടാംസ്ഥാനക്കാരാകേണ്ടിവന്ന അയൽക്കാരായ മാർ ബേസിൽ എച്ച്‌എസ്‌എസുതന്നെയാണ്‌ കിരീടപ്രതീക്ഷകളിൽ മുന്നിൽ. സെന്റ്‌ ജോർജിന്റെയും കല്ലടി, പറളി സ്‌കൂളുകളുടെയും വെല്ലുവിളികളെ അതിജീവിച്ച്‌ 2015,16,17 വർഷങ്ങളിൽ ഹാട്രിക്‌ കിരീടം കുറിച്ച മാർ ബേസിലിന്‌ ഇക്കുറി സാധ്യത ഏറെയാണ്‌. 13 തവണ സംസ്ഥാന കിരീടം എറണാകുളം ജില്ലയിൽ എത്തിക്കുന്നതിൽ സെന്റ്‌ ജോർജിനൊപ്പം പങ്കുവഹിച്ച മാർ ബേസിലിൽനിന്ന്‌  41 അംഗ സംഘമാണ്‌ മേളയ്‌ക്ക്‌ എത്തുന്നത്‌. കഴിഞ്ഞതവണ അഞ്ച്‌ സ്വർണവും ഏഴ്‌ വെള്ളിയും നാല്‌ വെങ്കലവുമുൾപ്പെടെ 50 പോയിന്റുമായി മൂന്നാംസ്ഥാനത്തായിരുന്നു മാർ ബേസിൽ. ഇക്കുറി സ്വർണനേട്ടം രണ്ടക്കത്തിലെത്തിക്കാൻ കഴിഞ്ഞാൽ ചാമ്പ്യൻസ്‌കൂൾ പട്ടത്തിന്‌ മറ്റ്‌ അവകാശികൾ ഉണ്ടാകില്ല.

കല്ലടിക്ക്‌ ഇനിയില്ലെങ്കിൽ എപ്പോൾ
2012, 16, 18 വർഷങ്ങളിൽ കോതമംഗലം സ്‌കൂളുകളെ വെല്ലുവിളിച്ച്‌ രണ്ടാംസ്ഥാനത്തേക്ക്‌ കുതിച്ചെത്തിയ പാലക്കാട്‌ കുമരംപുത്തൂർ കല്ലടി സ്‌കൂൾ ഇക്കുറി കിരീടം ലക്ഷ്യമിട്ട്‌ ഇറങ്ങുമ്പോൾ മത്സരം പൊടിപാറും. 35 താരങ്ങൾ സംസ്ഥാനമേളയ്‌ക്ക്‌ യോഗ്യത നേടിയിട്ടുണ്ട്‌. കഴിഞ്ഞതവണ ഒന്നാംസ്ഥാനക്കാരായ സെന്റ്‌ ജോർജിനൊപ്പം 10 സ്വർണം കല്ലടി സ്‌കൂൾ നേടിയിരുന്നു. മൂന്നുവീതം സ്വർണവും വെള്ളിയുമുൾപ്പെടെ 62 പോയിന്റായിരുന്നു സമ്പാദ്യം. ഇക്കുറി മണിപ്പൂരി താരങ്ങൾകൂടി ഉൾപ്പെടുന്ന ടീമിൽനിന്ന്‌ അത്ഭുതം പ്രതീക്ഷിക്കാം.  18 താരങ്ങളുമായി എത്തുന്ന പാലക്കാട്‌ പറളി സ്‌കൂളും അട്ടിമറികൾക്ക്‌ കെൽപുള്ളവരാണ്‌.

അട്ടിമറിക്കാർ ഇനിയുമുണ്ട്‌
മലബാർ സ്‌പോർട്‌സ്‌ അക്കാദമിയുടെ കരുത്തിലിറങ്ങുന്ന പുല്ലൂരാംപാറ സെന്റ്‌ ജോസഫ്‌സ്‌ സ്‌കൂൾ ഇക്കുറി നില മെച്ചപ്പെടുത്താമെന്ന ഉറച്ച പ്രതീക്ഷയിലാണ്‌. കഴിഞ്ഞതവണ രണ്ട്‌ സ്വർണമുൾപ്പെടെ 28 പോയിന്റ്‌ നേടാനെ കഴിഞ്ഞുള്ളൂവെങ്കിലും ഇക്കുറി മാറ്റമുണ്ടാകുമെന്നാണ്‌ കണക്കുകൂട്ടൽ.
ആറ്‌ സ്വർണമുൾപ്പെടെ 45 പോയിന്റുമായി കഴിഞ്ഞതവണ നാലാംസ്ഥാനത്തെത്തിയ തൃശൂർ നാട്ടിക ഗവ. ഫിഷറീസ്‌ സ്‌കൂൾ മികവുതെളിയിച്ച ഒരുപിടി താരങ്ങളുമായാണ്‌ ഇക്കുറി കണ്ണൂരിലിറങ്ങുന്നത്‌.

കായികകേരളത്തിന്‌ ഒരുപിടി താരങ്ങളെ സമ്മാനിച്ച കെ പി തോമസ്‌ മാഷിനുകീഴിലിറങ്ങുന്ന പൂഞ്ഞാർ എസ്‌എംവി സ്‌കൂൾ ഇക്കുറി എതിരാളികൾക്ക്‌ വെല്ലുവിളിയാകുമെന്നുറപ്പിക്കാം. കോട്ടയം ജില്ലാ കായികോത്സവത്തിൽ ചങ്ങനാശേരി, പാലാ സ്‌കൂളുകളെ അട്ടിമറിച്ച്‌ പൂഞ്ഞാർ സ്‌കൂൾ കിരീടം നേടി. വേൾഡ്‌ മലയാളി കൗൺസിലിന്റെ സഹായത്തോടെ കെ പി തോമസ്‌ സ്‌പോർട്‌സ്‌ അക്കാദമിക്കുകീഴിലാണ്‌ സ്‌കൂളിലെ കുട്ടികൾ പുതിയ നേട്ടങ്ങൾ സ്വന്തമാക്കാൻ ഒരുങ്ങുന്നത്‌. കെ പി തോമസിനുകീഴിൽ ആദ്യമായി സംസ്ഥാനകായികോത്സവത്തിനിറങ്ങുന്ന പൂഞ്ഞാർ എസ്‌എംവി കിരീടം നേടിയില്ലെങ്കിലും വരവറിയിച്ചുള്ള പ്രകടനം ഉറപ്പിക്കാം.


പ്രധാന വാർത്തകൾ
 Top