12 December Thursday

700 ഗോൾ തികച്ച് ക്രിസ്‌റ്റ്യാനോ റൊണാൾഡോ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2019

ലിസ്‌ബൺ
ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ ഗോളടി തുടരുന്നു. 700 ഗോൾ തികച്ചു ഈ മുപ്പത്തിനാലുകാരൻ. യൂറോ യോഗ്യതയിൽ ഉക്രയ്‌നെതിരായ മത്സരത്തിലായിരുന്നു റൊണാൾഡോയുടെ അനുപമ നേട്ടം. 973 കളിയിലാണ്‌ 700 ഗോൾ. 458 കളികളിലും ഈ പോർച്ചുഗൽ താരം ഗോളടിച്ചു.

ഉക്രയ്‌നെതിരെ പെനൽറ്റിയിലൂടെയായിരുന്നു ഗോൾ. കളിയിൽ പോർച്ചുഗൽ 1–-2ന്‌ തോറ്റു.പോർച്ചുഗൽ കുപ്പായത്തിൽ 95 ഗോളായി റൊണാൾഡോയ്‌ക്ക്‌. രണ്ടാമതുള്ള പൗലേറ്റയ്‌ക്ക്‌ 47 ഗോളാണ്‌. രാജ്യാന്തര ഫുട്‌ബോളിൽ ഇറാന്റെ അലി ദേയി മാത്രമാണ്‌  മുന്നിൽ. 109 ഗോളാണ്‌ അലിദേയിക്ക്‌.

ആകെ നേട്ടത്തിൽ അഞ്ചുപേർ മാത്രമാണ്‌ റൊണാൾഡോയ്‌ക്ക്‌ മുന്നിൽ. യെർദ്‌ മുള്ളർ (735), ഫെറെങ്ക്‌ പുസ്‌കാസ്‌ (746), പെലെ (767), റൊമാരിയോ (772), ജോസെഫ്‌ ബികാൻ (805) എന്നിവർ.

നിലവിൽ കളിക്കുന്നവരിൽ അർജന്റീനയുടെ ബാഴ്‌സലോണ താരം ലയണൽ മെസിയാണ്‌ റൊണാൾഡോയുടെ അരികിലുള്ളത്‌. 672 ഗോളാണ്‌ മെസിക്ക്‌. മുൻ ക്ലബ്ബ്‌ റയൽ മാഡ്രിഡിനുവേണ്ടിയാണ്‌ റൊണാൾഡോ കൂടുതൽ ഗോളടിച്ചത്‌ –-450. മാഞ്ചസ്‌റ്റർ യുണൈറ്റഡിനായി 118. പോർച്ചുഗൽ കുപ്പായത്തിൽ 95. സ്‌പോർടിങ്‌ ലിസ്‌ബണിനുവേണ്ടി അഞ്ച്‌. യുവന്റസിനായി 32.

അൻഡോറ, അർമേനിയ, ലാത്വിയ, സ്വീഡൻ ടീമുകൾക്കെതിരെ അഞ്ചുവീതം ഗോളടിച്ചിട്ടുണ്ട്‌.  എസ്‌തോണിയ, ഫറോ ഐസ്‌ലൻഡ്‌സ്‌, ഹംഗറി, ലിത്വാനിയ, ലക്‌സംബുർഗ്‌, നെതർലൻഡ്‌സ്‌ ടീമുകൾക്കെതിരെ നാലെണ്ണം വീതം. ഫ്രാൻസ്‌, ജർമനി, ഇറ്റലി, ഇംഗ്ലണ്ട്‌ ടീമുകൾക്കെതിരെ ഗോളില്ല. ക്ലബ്ബ്‌ കുപ്പായത്തിൽ സെവിയ്യക്കെതിരെയാണ്‌ കൂടുതൽ നേട്ടം–-27. അത്‌ലറ്റികോ മാഡ്രിഡ്‌ (25), ഗെറ്റഫെ (23), സെൽറ്റ ഡി വിഗോ (20), ബാഴ്‌സലോണ (18) എന്നിവയ്‌ക്കെതിരെയും മികച്ച പ്രകടനം നടത്തി.

ചാമ്പ്യൻസ്‌ ലീഗിലെ ഏറ്റവും മികച്ച ഗോളടിക്കാരൻ റൊണാൾഡോയാണ്‌. ഒരു സീസണിലെ മികച്ച ഗോളടിക്കാരനെന്ന നേട്ടവും സ്വന്തം. റയലിനുവേണ്ടി കൂടുതൽ ഗോളും ഈ പോർച്ചുഗലുകാരന്റെ പേരിലാണ്‌. ക്ലബ്ബ്‌ ഗോളുകൾ ആകെ 605. മെസിയെക്കാൾ രണ്ടെണ്ണം കൂടുതൽ.


പ്രധാന വാർത്തകൾ
 Top