24 August Saturday

‘ക്രൂരം’ ഈ നിയമം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2019


ലണ്ടൻ
ക്രിക്കറ്റ്‌ ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ അതിശയകരമായ വിജയത്തിനു പിന്നാലെ വിവാദം പുകയുന്നു. നിശ്ചിത ഓവറുകളിലും സൂപ്പർ ഓവറിലും ഇരുടീമുകളും തുല്യത പാലിച്ചതോടെ മത്സരത്തിൽ കൂടുതൽ ബൗണ്ടറികൾ നേടിയ ആനുകൂല്യത്തിലാണ്‌ ഇംഗ്ലണ്ടിനെ വിജയികളായി പ്രാഖ്യാപിച്ചത്‌. ഐസിസിയുടെ ഈ നിയമത്തിനെതിരെ ക്രിക്കറ്റ്‌ ലോകത്ത്‌ വ്യാപക പ്രതിഷേധമാണുയരുന്നത്‌.

നന്നായി കളിച്ചിട്ടും കൂടുതൽ ബൗണ്ടറി നേടിയില്ല എന്നതിന്റെ അടിസ്ഥാനത്തിൽ ന്യൂസിലൻഡിന്‌ കിരീടം നഷ്ടപ്പെട്ടു. ലോകകപ്പ്‌ പോലുള്ള സുപ്രധാന ടൂർണമെന്റിൽ ഇത്തരം സന്ദർഭത്തിൽ ഇരുടീമുകളെയും വിജയികളായി പ്രഖ്യാപിക്കണമെന്നാണ്‌ പ്രധാനമായും ഉയരുന്ന വാദം. ബൗണ്ടറികളുടെ കണക്കിൽ മത്സരത്തെ നിർണയിക്കുന്നത്‌ ബാറ്റ്‌സ്‌മാൻമാരുടെ മാത്രം മത്സരമായി ക്രിക്കറ്റിനെ അടയാളപ്പെടുത്തുന്നതാണെന്നും വിമർശമുണ്ട്‌. ബൗളർമാർക്ക്‌ ഒരു പ്രാധാന്യവും നൽകുന്നില്ല. കൂടുതൽ വിക്കറ്റുകൾ നേടിയ ടീമിനെയാകണം ഇത്തരത്തിൽ വിജയികളായി പ്രഖ്യാപിക്കേണ്ടതെന്ന ആവശ്യവും ഉയരുന്നുണ്ട്‌.‌

ഇന്ത്യൻ ഓപ്പണറും ലോകകപ്പിലെ റൺവേട്ടക്കാരിൽ ഒന്നാമനുമായ രോഹിത്‌ ശർമയാണ‌് സംഭവത്തിൽ പ്രതികരണവുമായി വന്ന ഈ ലോകകപ്പ‌് കളിച്ച ആദ്യ താരം. 
ക്രിക്കറ്റിലെ ചില നിയമങ്ങൾ ഗൗരവമായി പുനഃപരിശോധനയ്‌ക്ക്‌ വിധേയമാക്കേണ്ടതാണെന്ന്‌ രോഹിത‌് പറഞ്ഞു. ട്വിറ്ററിലൂടെയാണ്‌ ഇന്ത്യൻ വൈസ്‌ ക്യാപ്‌റ്റൻ ഐസിസി നിയമത്തിനെതിരെ രംഗത്തുവന്നത്‌. ‘ക്രൂരം’ എന്നായിരുന്നു മത്സരശേഷം ന്യൂസിലൻഡ്‌ മുൻ നായകൻ സ്റ്റീഫൻ ഫ്ലെമിങ്‌ അഭിപ്രായപ്പെട്ടത്‌. ഏറ്റവും മോശപ്പെട്ട രീതിയിലാണ്‌ വിജയികളെ തീരുമാനിച്ചതെന്നും ഈ നിയമം മാറണമെന്നും ഓസ്‌ട്രേലിയൻ മുൻ പേസർ ബ്രെറ്റ്‌ ലീ ആവശ്യപ്പെട്ടു.

മുൻ ഇന്ത്യൻ താരങ്ങളായ മുഹമ്മദ്‌ കൈഫ്‌, ഗൗതം ഗംഭീർ എന്നിവരും നിയമത്തിനെതിരെ പ്രതിഷേധമുയർത്തി. സാമൂഹ്യമാധ്യമങ്ങളിലും ഈ തീരുമാനത്തിനെതിരെ വലിയ എതിർപ്പാണുയരുന്നത്‌.


പ്രധാന വാർത്തകൾ
 Top