22 October Tuesday

ബ്രസീൽ തുടങ്ങി (3‐0)

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019


സാവോപോളോ
ബ്രസീൽ ഉദിച്ചു, രാജകീയമായി. സാവോപോളോയിലെ എസ്റ്റാഡിയോ മൊറൂമ്പി സ്‌റ്റേഡിയത്തിൽ ആർപ്പുവിളിച്ച പതിനായിരങ്ങൾക്ക്‌ ആഘോഷരാവ്‌ സമ്മാനിച്ച്‌ ബ്രസീൽ കോപ അമേരിക്കയുടെ 46–-ാം പതിപ്പിൽ ഗംഭീരമായി അരങ്ങേറി.   ബൊളീവിയയെ മൂന്ന്‌ ഗോളിനാണ്‌ തകർത്തത്‌. ഇരട്ട ഗോളുമായി ഫിലിപ്പെ കുടീന്യോ പട നയിച്ചു. അമ്പരപ്പിക്കുന്ന ഗോളുമായി എവർട്ടൺ പട്ടിക പൂർത്തിയാക്കി.

അറുപത‌ു വർഷത്തിനിടെ ആദ്യമായി വെള്ളയും നീലയുമണിഞ്ഞ‌് കളത്തിലെത്തിയ ബ്രസീൽ ആദ്യപകുതിയിൽ ബൊളീവിയൻ പ്രതിരോധത്തിന്‌ മുന്നിൽ പകച്ചു. ഗബ്രിയൽ ജെസ്യൂസിനെ ബെഞ്ചിലിരുത്തി റോബർട്ടോ ഫിർമിനോയെ ഗോളടിക്കാൻ വിന്യസിച്ചാണ്‌ പരിശീലകൻ ടിറ്റെ ബ്രസീലിനെ ഒരുക്കിയത്‌. ഫിലിപെ ലൂയിസും നായകൻ ഡാനി ആൽവെസും ഇരുമൂലയിലും പിൻനിര കാത്തു. മാർകീന്യോസും തിയാഗോ സിൽവയും എതിർപ്പിന്റെ കോട്ട കെട്ടി. ഗോൾവലയ്‌ക്ക് പിന്നിൽ അലിസൺ ബക്കറായിരുന്നു. ആദ്യപകുതി ബ്രസീലിന്‌ ശോഭിക്കാനായില്ല. മുന്നേറ്റത്തിൽ നെയ്‌മറിന്റെ അഭാവം നിഴലിച്ചു. ബൊളീവിയക്കാർ പ്രതിരോധം കടുപ്പിച്ചതോടെ മുന്നേറ്റങ്ങൾ ബോക്‌സ്‌ കടന്നില്ല. ഫിർമിനോയും റിച്ചാർലിസണുമെല്ലാം പോയി മടങ്ങി.

ഇടവേള കഴിഞ്ഞ്‌ ആശങ്കകൾക്ക്‌ മറുപടി നൽകി കാനറികൾ. മുന്നേറ്റം ചലിച്ചുതുടങ്ങി. കുടീന്യോയും ആൽവെസും പന്തുകൾ ബൊളീവിയൻ ഗോൾമുഖത്തെത്തിച്ചു. കാത്തിരിക്കേണ്ടിവന്നില്ല. റിച്ചാർലിസൺ തൊടുത്ത പന്ത്‌ ബൊളീവിയക്കാരൻ ജസ്റ്റിന്യാനോയുടെ കൈയിൽ തട്ടി. ‘വാറി’ൽ ലഭിച്ച പെനൽറ്റി കുടീന്യോ തെറ്റിച്ചില്ല. അതേവരെ കെട്ടിപ്പടുത്ത ബൊളീവിയൻ പ്രതിരോധം ഒറ്റ ഗോളോടെ ചിതറി. ബ്രസീൽ വേട്ടയാരംഭിച്ചു. ആവേശം അടങ്ങുംമുമ്പേ രണ്ടാം ഗോൾ വന്നു. ഫിർമിനോ പാകത്തിൽ നൽകിയ പന്ത്‌ ഗോൾവലയ്‌ക്ക്‌ മുന്നിൽനിന്ന്‌ തല വയ്‌ക്കുകമാത്രമായിരുന്നു കുടീന്യോയ്‌ക്ക്‌ ചെയ്യേണ്ടിയിരുന്നുള്ളു.

അതേവരെ മുറുകിയ കളി തുടരെയുള്ള രണ്ട്‌ ഗോളോടെ അയഞ്ഞു. കാനറികൾ മൈതാനത്ത്‌ സാംബാ താളമാടി. തുരുതുരാ മുന്നേറ്റങ്ങൾ. പക്ഷേ, മതിയായ മൂർച്ചയുണ്ടായിരുന്നില്ല. ഫിർമിനോയ്‌ക്ക്‌ പകരം ജെസ്യൂസ്‌ എത്തി. ഇതിനിടെ, മാർകീന്യോസിന്റെ ഹെഡ്ഡർ ബൊളീവിയൻ ഗോളി കാർലോസ്‌ ലാംപെയുടെ കൈകളിലെത്തി. നെറസിനു പകരം എവർട്ടണും, റിച്ചാർലിസണ്‌ പകരം വില്ലിയനും എത്തിയതോടെ ബ്രസീലിന്റെ കരുത്ത് കൂടി.

മനം കവർന്ന ഗോളോടെ ബ്രസീൽ പട്ടിക തികച്ചു. ടിറ്റെയുടെ പുതിയ കണ്ടെത്തലായ ബ്രസീലിയൻ ക്ലബ്‌ ഗ്രെമിയോയുടെ മുന്നേറ്റക്കാരനായ എവർട്ടൺ ദേശീയ കുപ്പായത്തിലെ ആദ്യ ഗോൾ ഗംഭീരമാക്കി. പന്തുമായി ഇടതുമൂലയിലൂടെ മുന്നേറിയ ഇരുപ്പത്തിമൂന്നുകാരൻ ഒറ്റയാൻ കുതിപ്പിലൂടെയാണ്‌ വല കുലുക്കിയത്‌. ബൊളീവിയൻ പ്രതിരോധക്കാരൻ  ദ്യേഗോ ബെജറാനോ തടയാനെത്തിയെങ്കിലും ഫലമുണ്ടായില്ല. ബോക്‌സിനുള്ളിൽ കടന്ന്‌ എവർട്ടൺ പന്ത്‌ റോക്കറ്റ്‌ കണക്കെ വലതുമൂലയിലേക്ക്‌ പായിച്ചു.

ബുധനാഴ്‌ച വെനസ്വെലയ്‌ക്കെതിരാണ്‌ ബ്രസീലിന്റെ അടുത്ത അങ്കം. ഇന്ന്‌ ഖത്തർ പരാഗ്വേയും ഉറുഗ്വേ ഇക്വഡോറിനെയും നേരിടും.


പ്രധാന വാർത്തകൾ
 Top