17 October Thursday

സീനിയർ അത‌്‌ലറ്റിക‌് മീറ്റ‌് : കാൽനൂറ്റാണ്ട‌് മായ്‌ച്ച്‌ അനീസ്‌

ജിജോ ജോർജ‌്Updated: Sunday Jun 16, 2019


തേഞ്ഞിപ്പലം (മലപ്പുറം)
മുഹമ്മദ‌് അനീസിന്റെ കുതിപ്പിൽ കാൽനൂറ്റാണ്ട‌് മാഞ്ഞുപോയി. പുരുഷന്മാരുടെ ലോങ‌്ജമ്പിലാണ‌്  തിരുവനന്തപുരത്തെ അനീസിന്റെ സുവർണ നേട്ടം.  പുതിയ ദൂരം 7.74 മീറ്റർ.

തിരുവനന്തപുരത്തിന്റെ എം ബി സദാശിവൻ 1994ൽ (7.72മീ) സ്ഥാപിച്ച റെക്കോഡാണ‌് മറികടന്നത‌്.  ഗുരുവായൂർ ശ്രീകൃഷ‌്ണ കോളേജിന്റെ താരമായിരുന്ന മുഹമ്മദ‌് അനീസ‌് മൂന്ന‌് മാസംമുമ്പ‌് പൊലീസിൽ ജോലിയിൽ പ്രവേശിച്ചു. സംസ്ഥാന സീനിയർ അത‌്‌ലറ്റിക‌് മീറ്റിന്റെ ആദ്യ ദിനം  ഇതടക്കം മൂന്ന‌് റെക്കോഡുകൾ പിറന്നു.
ചാമ്പ്യൻമാരായ കോട്ടയം 26 ഇനങ്ങൾ  പൂർത്തിയാക്കിയപ്പോൾ 104 പോയിന്റുമായി മുന്നിലാണ‌്. എറണാകുളം (90), പാലക്കാട‌് (80), കോഴിക്കോട‌് (57) ജില്ലകളാണ‌് പിന്നിലുള്ളത‌്. ഡിസ‌്കസ‌് ത്രോയിൽ പത്തനംതിട്ടയുടെ എം അർജുൻ (44.65 മീ.) റെക്കോഡിട്ടു.

വനിതകളുടെ പോൾവോൾട്ടിൽ കൃഷ‌്ണ രചനാണ‌് (4 മീറ്റർ) പുതിയ മീറ്റ‌് റെക്കോഡിന്റെ അവകാശി. 2008ൽ കോട്ടയത്തിന്റെ ആർ ജിഷ (3.40) താണ്ടിയ ഉയരമാണ‌് കൃഷ‌്ണ രചൻ മറികടന്നത‌്.

തൃശൂരിന്റെ കെ പി അശ്വിനും (10.69 സെക്കൻഡ‌്)  കോട്ടയത്തിന്റെ രമ്യ രാജനുമാണ‌് (11.94 സെക്കൻഡ‌്) വേഗമേറിയ താരങ്ങൾ. അശ്വിൻ ഗുരുവായൂർ ശ്രീകൃഷ‌്ണ കോളേജ‌് താരമാണ‌്. എറണാകുളത്തിന്റെ ഓംകാർ നാഥ‌് വെള്ളിയും കോട്ടയത്തിന്റെ ഡി ബി ബിബിൻ വെങ്കലവും സ്വന്തമാക്കി.

വനിതകളുടെ 100 മീറ്ററിൽ കടുത്ത പോരാട്ടത്തിനൊടുവിൽ തൃശൂരിന്റെ ആൻസി സോജനെ (11.98) രണ്ടാം സ്ഥാനത്തേക്ക‌് പിന്തള്ളിയാണ‌് രമ്യ രാജന്റെ സുവർണ നേട്ടം. കോട്ടയം പാലാ അൽഫോൺസാ കോളേജിലെ അവസാന സെമസ‌്റ്റർ വിദ്യാർഥിനിയാണ‌് രമ്യ. കോട്ടയത്തിന്റെ എസ‌് എസ‌് സ‌്നേഹയ‌്ക്കാണ‌് വെങ്കലം.
ദേശീയ ക്യാമ്പിലുള്ള താരങ്ങൾക്ക‌് ദേശീയ മീറ്റിലേക്ക‌് നേരിട്ട‌് പ്രവേശനം നൽകാൻ തീരുമാനിച്ചതോടെ പ്രധാന താരങ്ങൾ ട്രാക്കിലിറങ്ങിയില്ല.


പ്രധാന വാർത്തകൾ
 Top