19 May Sunday

ഗ്രീസ‌്മാൻ അത‌്‌ലറ്റികോ വിട്ടു

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019


മാഡ്രിഡ്‌
അത്‌ലറ്റികോ മാഡ്രിഡിന്റെ മുന്നേറ്റക്കാരൻ ഒൺട്ടോയ്‌ൻ ഗ്രീസ്‌മാൻ ക്ലബ്‌ വിടുന്നു. ഈ സീസണോടെ ടീം വിടുകയാണെന്ന്‌ ഗ്രീസ്‌മാൻ അറിയിച്ചു. ശനിയാഴ്‌ച സ്‌പാനിഷ്‌ ലീഗിൽ ലെവന്റെയ്‌ക്കെതിരായ മത്സരം അത്‌ലറ്റികോ കുപ്പായത്തിൽ ഫ്രഞ്ചുകാരന്റെ അവസാന മത്സരമാകും. കഴിഞ്ഞ ജൂണിൽ ടീമുമായുള്ള കരാർ അഞ്ച്‌ വർഷത്തേക്ക്‌ പുതുക്കിയ ഗ്രീസ്‌മാൻ ടീം വിടാൻ തീരുമാനിക്കുകയായിരുന്നു. വിടുതൽതുക നൽകി ബാഴ്‌സലോണ ഇരുപത്തെട്ടുകാരനെ സ്വന്തമാക്കുമെന്നാണ്‌ സൂചനകൾ.

2014ൽ റയൽ സോസിഡാഡിൽ നിന്നാണ്‌ ഗ്രീസ്‌മാൻ അത്‌ലറ്റികോയിലെത്തിയത്‌. ‘മറക്കാനാകാത്ത അഞ്ചു വർഷങ്ങളാണ്‌ കഴിഞ്ഞുപോയത്‌. എല്ലാത്തിനും നന്ദി’‐  വിടപറയൽ പ്രഖ്യാപിച്ചുകൊണ്ട‌് ഗ്രീസ്‌മാൻ അറിയിച്ചു. പരിചിതമല്ലാത്ത ഇടങ്ങളിൽ ചെന്ന്‌ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള ആഗ്രഹമാണ‌് ടീം വിടാനുള്ള തീരുമാനത്തിനു പിന്നിലെന്ന്‌ ആരാധകരോടായി ഗ്രീസ്‌മാൻ പറഞ്ഞു.  വിഷമം പിടിച്ചതായിരുന്നു ഇത്‌.

അത്‌ലറ്റികോയ്‌ക്കായി 256 കളികളിൽ നിന്നായി 133 ഗോളുകൾ നേടി. ടീമിനൊപ്പം യൂറോപ കപ്പ്‌, സ്‌പാനിഷ്‌ സൂപ്പർ കപ്പ്‌, യുവേഫ സൂപ്പർ കപ്പ്‌  കിരീടനേട്ടങ്ങളിൽ പങ്കാളിയായി. കഴിഞ്ഞവർഷവും ഗ്രീസ്‌മാനായി ബാഴ്‌സ ശ്രമം നടത്തിയിരുന്നു. എന്നാൽ, താരം അത്‌ നിരസിക്കുകയായിരുന്നു.

സീസണിൽ അത്‌ലറ്റികോ വിടുന്ന മൂന്നാമത്തെ പ്രധാന കളിക്കാരനാണ്‌ ഗ്രീസ്‌മാൻ. നായകൻ ഡീഗോ ഗോഡിനും പ്രതിരോധക്കാരനായ ലൂക്കാസ്‌ ഹെർണാണ്ടസും  ടീം വിടുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു. ഹെർണാണ്ടസ്‌ ബയേൺ മ്യൂണിക്കുമായി കരാറിലെത്തി. ഗോഡിനാകട്ടെ ഇന്റർ മിലാനിലേക്കാകും ചേക്കേറുക.


പ്രധാന വാർത്തകൾ
 Top