19 March Tuesday

ഓസീസ‌് 6–-277

വെബ് ഡെസ്‌ക്‌Updated: Saturday Dec 15, 2018

റണ്ണൗട്ടിൽനിന്ന്‌ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഓസ്‌ട്രേലിയൻ ഓപ്പണർ ആരോൺ ഫിഞ്ച്‌


പെർത്ത‌്
പെർത്തിൽ ആദ്യദിനം പേസിന്റ ഇരന്പമില്ല, വേഗവും സ്വിങ്ങും ഓസ‌്ട്രേലിയൻ ബാറ്റ‌്സ‌്മാൻമാരെ ഭയപ്പെടുത്തിയില്ല. ഇന്ത്യയുടെ മുൻനിര ബൗളർമാർക്ക‌് തുടക്കം പിഴച്ചപ്പോൾ ഓസീസ‌് രണ്ടാം ടെസ‌്റ്റിന്റെ ആദ്യദിനം ആറ‌ു വിക്കറ്റ‌് നഷ്ടത്തിൽ 277 റണ്ണെടുത്തു. അവസാന ഘട്ടത്തിൽ ഇന്ത്യൻ ബൗളർമാർ തിരിച്ചുവന്നെങ്കിലും ആദ്യദിനം ഓസീസ‌് ബാറ്റ‌്സ‌്മാൻമാർക്ക‌് അവകാശപ്പെട്ടതാണ‌്.

പെർത്തിൽ പ്രതീക്ഷിച്ച സ്വിങ്ങും ബൗൺസും ഇന്ത്യൻ പേസർമാർക്ക‌് കിട്ടിയില്ല. പിച്ചിന്റെ ആനുകൂല്യം മുതലാക്കാനും കഴിഞ്ഞില്ല. അവസാനഘട്ടത്തിൽ പന്ത‌് നന്നായി സ്വിങ‌്ചെയ‌്തു. പക്ഷേ, ആദ്യദിനം വീണ വിക്കറ്റുകളിൽ രണ്ടെണ്ണം കിട്ടിയത‌് ഇടക്കാല സ‌്പിന്നർ ഹനുമ വിഹാരിക്കാണ‌്. ആദ്യദിനം അവസാനിച്ചപ്പോൾ ക്യാപ‌്റ്റൻ ടിം പെയ‌്നും (16*) പാറ്റ‌് കമ്മിൻസും (11*) ആണ‌് ക്രീസിൽ. മാർക‌സ‌് ഹാരിസ‌് (70), ആരോൺ ഫിഞ്ച‌് (50), ട്രാവിസ‌് ഹെഡ‌് (58) എന്നിവരുടെ അരസെഞ്ചുറി ഓസീസ‌് ഇന്നിങ‌്സിന‌് കരുത്തേകി‌.
പ്രധാന സ‌്പിന്നറില്ലാതെയാണ‌് ഇന്ത്യ വാകയിൽ ഇറങ്ങിയത‌്. ടെസ‌്റ്റ‌് ചരിത്രത്തിൽ ഇത‌് മൂന്നാംതവണ മാത്രമാണ‌് ഇന്ത്യ സ‌്പിന്നറെ ഒഴിവാക്കി ടെസ‌്റ്റ‌് കളിച്ചത‌്. പരിക്കേറ്റ ആർ അശ്വിൻ മാറിനിന്നപ്പോൾ മറ്റൊരു സ‌്പിന്നർ രവീന്ദ്ര ജഡേജയ‌്ക്ക‌് സ്ഥാനം കിട്ടിയതുമില്ല. ആദ്യ ഘട്ടത്തിൽ കൃത്യതയുള്ള സ‌്പിന്നറുടെ അഭാവം ഇന്ത്യയെ ബാധിച്ചു. പകരം പേസർ ഉമേഷ‌് യാദവാണ‌് ടീമിൽ ഇടംനേടിയത‌്. പേസർമാർ ആദ്യഘട്ടത്തിൽ താളംകിട്ടാതെ വലഞ്ഞപ്പോൾ ക്യാപ‌്റ്റൻ വിരാട‌് കോഹ‌്‌ലിക്ക‌് ഇടക്കാല സ‌്പിന്നർ വിഹാരിയെ പരീക്ഷിക്കേണ്ടിവന്നു. വിഹാരിക്ക‌് പിച്ചിൽ മോശമല്ലാത്ത പിന്തുണ കിട്ടി.

ബാറ്റിങ‌് ദുഷ‌്കരമല്ലായിരുന്നു പെർത്തിൽ. ഓസീസ‌് ഓപ്പണർമാരായ മാർകസ‌് ഹാരിസും ഫിഞ്ചും മികച്ച തുടക്കമാണ‌് ഓസീസിന‌് നൽകിയത‌്. ജസ‌്പ്രീത‌് ബുമ്രയ‌്ക്കും ഇശാന്ത‌് ശർമയ‌്ക്കും പിച്ചിന്റെ ആനുകൂല്യം മുതലെടുക്കാനായില്ല. മുഹമ്മദ‌് ഷമി നന്നായി പന്തെറിഞ്ഞെങ്കിലും വിക്കറ്റ‌് വീഴ‌്ത്താനായില്ല. ഉമേഷ‌് നിരാശപ്പെടുത്തി.ഒന്നാം വിക്കറ്റിൽ 112 റണ്ണാണ‌് പിറന്നത‌്. ഫിഞ്ചിനെ വിക്കറ്റിന‌ു മുന്നിൽ കുരുക്കി ബുമ്ര ഇന്ത്യക്ക‌് ആശ്വാസംനൽകി. പിന്നാലെ ഓസീസ‌് പതറി. ഉസ‌്മാൻ ഖവാജയെ (5) ഉമേഷും ഹാരിസിനെ വിഹാരിയും പുറത്താക്കിയതോടെ ഓസീസ‌് വിരണ്ടു. പിന്നാലെ ഇശാന്തിന്റെ പന്തിൽ പീറ്റർ ഹാൻഡ‌്സ‌്കോമ്പും (7) വീണു. ഓസീസ‌് 4–-148 എന്ന നിലയിലായി. ഷോൺ മാർഷും (45) ഹെഡും ചേർന്നാണ‌് ഓസീസിനെ കരയകയറ്റിയത‌്. വിഹാരിയുടെ പന്തിൽ മാർഷിന്റെ അനായാസ ക്യാച്ച‌് വിക്കറ്റ‌്കീപ്പർ ഋഷഭ‌് പന്ത‌് ഇതിനിടെ പാഴാക്കി. ഒടുവിൽ വിഹാരിതന്നെ മാർഷിനെ മടക്കി.

ഹെഡ‌് വേഗത്തിൽ മുന്നേറി. ഇശാന്തിന്റെ പന്തിൽ അനാവശ്യ ഷോട്ടിന‌് ശ്രമിച്ചാണ‌് ഹെഡ‌് മടങ്ങിയ‌ത‌്.അവസാനഘട്ടത്തിൽ പിച്ചിൽ ബൗൺസും സ്വിങ്ങും നിറഞ്ഞു. പെയ‌്നിനെയും കമ്മിൻസിനെയും ബുമ്രയുടെയും ഷമിയുടെയും പന്തുകൾ നിരവധിതവണ പരീക്ഷിച്ചു. എന്നാൽ, ആദ്യദിനം ഓസീസിന‌് വലിയ നഷ്ടങ്ങളുണ്ടാക്കാതെ ഇരുവരും പിടിച്ചുനിന്നു.

വിഹാരിക്കൊപ്പം ഇശാന്തും ഇന്ത്യൻനിരയിൽ രണ്ട‌് വിക്കറ്റ‌് നേടി. ബുമ്രയും ഉമേഷും ഓരോ വിക്കറ്റ‌് നേടി.


പ്രധാന വാർത്തകൾ
 Top