14 December Saturday

കല്ലടിക്കാറ്റിൽ നേടാൻ പാലക്കാട്‌

ടി എം സുജിത്‌Updated: Friday Nov 15, 2019

കുമരംപുത്തൂർ കല്ലടി സ്‌കൂൾ ടീം

പാലക്കാട്
കണ്ണൂരിൽ കരിമ്പനക്കാറ്റ് ആഞ്ഞ് വീശാനാണ്‌ സാധ്യത.  ഇക്കുറി പാലക്കാടിന്റെ കിരീട പ്രതീക്ഷയ്‌ക്ക്‌ നല്ല തിളക്കമുണ്ട്‌. 2012ലും 2016ലും നേടിയ ഓവറോൾ കിരീടം ഇക്കുറി സ്വന്തമാക്കിയാൽ അത്ഭുതം വേണ്ട. 154 അത്‌ലീറ്റുകളാണ്‌ പാലക്കാടിനായി അണിനിരക്കുന്നത്‌. കുമരംപുത്തൂർ കല്ലടി സ്കൂളാണ് പ്രധാന ഊർജം. ചാമ്പ്യൻ സ്‌കൂളാകാൻ ഒരുങ്ങുന്ന കല്ലടിയിൽനിന്ന് പകുതി മെഡലെങ്കിലും ജില്ല പ്രതീക്ഷിക്കുന്നു. സെന്റ് ജോർജ് സ്കൂളിന്റെ പിൻമാറ്റം കഴിഞ്ഞ തവണത്തെ ചാമ്പ്യൻമാരായ എറണാകുളത്തിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലുകൾക്ക് ഇടയിൽ കിരീടം ഉറപ്പിക്കുന്നു.

പത്തിരിപ്പാല ജിവിഎച്ച്എസ്എസിലെ സ്റ്റെഫി സാറാ കോശി, കല്ലടിയുടെ ഗൗരി ശങ്കരി, കല്ലടിയുടെ മണിപ്പുരി താരം ഒജിത്ത് സിങ്, സി ചാന്ദിനി, ബിഇഎം സ്കൂളിന്റെ എസ് അയോഷാ എന്നിവരാണ് പ്രധാന താരങ്ങൾ.

കല്ലടിയുടെ 35 ചുണക്കുട്ടികൾ
ഇത്തവണയില്ലെങ്കിൽ, പിന്നെ എപ്പോഴാണ്? കല്ലടി സ്കൂളിന്റെ പരീശീലകൻ കെ രാമചന്ദ്രൻ കിരീട പ്രതീക്ഷയെക്കുറിച്ച് ഇങ്ങനെ വിലയിരുത്തുന്നു. പാലക്കാട്
ജില്ലാ സ്കൂൾ കായികമേളയിൽ തുടർച്ചയായി 23 വർഷമാണ് കല്ലടി ചാമ്പ്യന്മാരാകുന്നത്. 2012, 2016, 2018 വർഷങ്ങളിൽ സംസ്ഥാന മീറ്റിൽ രണ്ടാംസ്ഥാനവും നേടി. ഇത്തവണ 35 പേർ സംസ്ഥാന മേളയ്ക്ക് യോഗ്യത നേടിയിട്ടുണ്ട്. ഇതിൽ മണിപ്പുരിൽ നിന്നുള്ള ആറ് താരങ്ങളുമുണ്ട്. മണിപ്പുരി താരം ഒയിനം ഒജിത് സിങ് ഷോട്ട്‌പുട്ട്, ഡിസ്കസ് ത്രോ, ഹൈജമ്പ്‌ എന്നിവയിൽ ജൂനിയറിലെ മെഡൽ പ്രതീക്ഷയാണ്.

പറളിയിൽനിന്ന് അത്ഭുതം
പതിനെട്ട്‌ താരങ്ങളുമായി എത്തുന്ന പറളി ഹയർ ക്കെൻഡറി സ്കൂളിന്‌ ഇത്തവണ  പടക്കുതിരകളാകാൻ കെൽപ്പുണ്ട്. സീനിയർ വിഭാഗം ഹാമർ ത്രോയിൽ ശ്രീ വിശ്വ, സീനിയർ വിഭാഗം നടത്തത്തിൽ മിഥുൻ കൃഷ്ണ, സീനിയർ ഹൈജമ്പിൽ ജ്യോതിഷ, സീനിയർ വിഭാഗം 5000 മീറ്ററിൽ അഖിൽ, ജൂനിയർ വിഭാഗം ഹാമറിൽ അശ്വിൻ ഇവർ പ്രതീക്ഷ തെറ്റിക്കാതിരുന്നാൽ പട്ടികയിൽ കുതിച്ചുചാട്ടം പറളി സ്വപ്നം കാണുന്നു. പരിശീലകൻ പി ജി മനോജ്‌ ആത്മവിശ്വാസത്തിലാണ്‌. 

മുണ്ടൂരും പിന്നെ മാത്തൂരും
പഴയ പ്രൗഢിയില്ലെങ്കിലും സാന്നിധ്യമാകാനാണ് മുണ്ടൂർ ഹയർ സെക്കൻഡറി സ്കൂൾ എത്തുന്നത്. ചിത്രയ്ക്ക് ശേഷം പുതിയൊരു താരോദയമുണ്ടായില്ലെങ്കിലും ചില മെഡൽ പ്രതീക്ഷയുണ്ട്. സീനിയർ ലോങ് ജമ്പിലും ട്രിപ്പിൾ ജമ്പിലും സി വി അഖിൽകുമാർ, സീനിയർ 3000, 1500 മീറ്ററിൽ എസ് അനന്യ എന്നിവർ പ്രതീക്ഷകളാണ്. 10 പേരാണ്  ഇത്തവണ യോഗ്യത  നേടിയത്.

രണ്ട് വർഷമായി സംസ്ഥാന മേളയിലെ സാന്നിധ്യമാണ് സിഎഫ്ഡിവിഎച്ച്എസ്എസ് മാത്തൂർ. ഏഴുപേർ സംസ്ഥാന മേളയിൽ പങ്കെടുക്കുന്നു. 400, 200 ജൂനിയർ വിഭാഗത്തിൽ കെ അഭിജിത്ത്, കെ അനാമിക എന്നിവർ മെഡൽ പ്രതീക്ഷകളാണ്.

ഒളിമ്പിക്‌സ്‌ അത്‌ലറ്റിക് ക്ലബ്‌
ജില്ലാ കായിക മേളയിൽ മൂന്നാംസ്ഥാനം നേടിയ പാലക്കാട് ബിഇഎം ഹയർ സെക്കൻഡറി സ്കൂളിന്റെ കുതിപ്പിന് പിന്നിൽ ഒളിമ്പിക്‌സ്‌ അത്‌ലറ്റിക് ക്ലബ്ബാണ്. പരിശീലകൻ ഹരിദാസിന്റെ ശിഷ്യരായ 11 പേർ സംസ്ഥാന കായിക മേളയ്ക്ക് എത്തുന്നുണ്ട്. ബിഇഎം, കാണിക്ക മാതാ, ഭാരത മാതാ എന്നീ സ്കൂളുകളുടെ താരങ്ങൾ ക്ലബ്ബിൽ നിന്നാണ്. സീനിയർ വിഭാഗം 100, 200, 400 മീറ്ററുകളിൽ അയോഷയും 400 മീറ്റർ ഹഡിൽസിൽ ദേശീയ ജൂനിയർ ചാമ്പ്യൻ രോഹിതും മെഡൽ ഉറപ്പിക്കുന്നു.
ഹർഡിൽസിൽ വിശ്വജിത്തും സൂര്യജിത്തും ക്ലബ്ബിന്റെ പ്രതീക്ഷകളാണ്.


പ്രധാന വാർത്തകൾ
 Top