19 January Sunday

പത്തുമാസം ‘ദാദാ’കാലം; 65 വർഷത്തിനിടെ ആദ്യ ക്രിക്കറ്റർ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2019

ന്യൂഡൽഹി > പത്ത്‌ മാസമാണ്‌ സൗരവ്‌ ഗാംഗുലിക്ക്‌ ബിസിസിഐ അധ്യക്ഷ കസേരയിൽ ഇരിക്കാനാകുക. ആ പത്ത്‌ മാസത്തിനുള്ളിൽ ചെയ്യാനുള്ളതൊക്കെ ചെയ്യുമെന്നാണ്‌ ഗാംഗുലിയുടെ മറുപടി. 2015 മുതൽ ബംഗാൾ ക്രിക്കറ്റ്‌ അസോസിയേഷൻ തലവനാണ്‌ ഈ നാൽപ്പത്തേഴുകാരൻ. അതിനുമുമ്പും അസോസിയേഷനിലുണ്ടായിരുന്നു. ലോധ സമിതി നിർദേശപ്രകാരം തുടർച്ചയായി ആറ്‌ വർഷം ചുമതലയിൽ ഇരുന്നവർക്ക്‌ അടുത്ത മൂന്നുവർഷം ഒരു പദവിയും വഹിക്കാനാകില്ല. 2020 സെപ്‌തംബർവരെയാണ്‌ ഗാംഗുലിയുടെ കാലാവധി.

പ്രതിസന്ധി ഘട്ടത്തിലായിരുന്നു ബിസിസിഐ. അഴിമതിയും അധികാരക്കൊതിയും കാരണം സുപ്രീംകോടതിയുടെ ഇടപെടലുകളുണ്ടായി.
കഴിഞ്ഞ 33 മാസമായി കോടതി നിയമിച്ച താൽക്കാലിക ഭരണസമിതിയാണ്‌ ബിസിസിഐയുടെ തലപ്പത്ത്‌. അതിനുമാറ്റം വന്നിരിക്കുന്നു. ഒന്നാന്തരം ക്യാപ്‌റ്റനായിരുന്നു ഗാംഗുലി. നേതൃപാടവം പലവട്ടം തെളിയിച്ചതാണ്‌.  നേതൃപദവിയിലും ഇന്ത്യൻ ക്രിക്കറ്റിലെ ‘ദാദ’ ആദ്യമല്ല. മുൻ ഇന്ത്യൻ ബാറ്റ്‌സ്‌മാനും കർണാടകക്കാരനുമായ ബ്രിജേഷ്‌ പട്ടേലായിരുന്നു ബിസിസിഐ തലവനാകാനുള്ള സാധ്യതയിൽ മുമ്പിൽ.

മുംബൈയിൽ ചേർന്ന യോഗത്തിൽ മുൻ ബിസിസിഐ തലവൻ എൻ ശ്രീനിവാസൻ പട്ടേലിനെ പിന്തുണച്ചു. ഈ ആവശ്യമുന്നയിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായേയും ശ്രീനിവാസൻ കണ്ടിരുന്നു. ഗാംഗുലിയും അമിത്‌ ഷായുമായി ചർച്ച നടത്തി. പിന്തുണയ്‌ക്കണമെങ്കിൽ 2021ലെ ബംഗാൾ നിയമസഭാ തെരെഞ്ഞെടുപ്പിൽ ബിജെപിക്കായി രംഗത്തിറങ്ങണമെന്ന ആവശ്യം അമിത്‌ ഷാ ഗാംഗുലിക്ക്‌ മുന്നിൽവച്ചതായും വാർത്തകളുണ്ടായി. എന്നാൽ ഗാംഗുലി ഇക്കാര്യം നിഷേധിച്ചു. ‘അങ്ങനെയൊരു  തീരുമാനം ഉണ്ടായിട്ടില്ല. അത്തരം ആവശ്യം ആരും എന്റെ മുമ്പിൽ വച്ചതുമില്ല’–- ഗാംഗുലി പ്രതികരിച്ചു.

സമവായത്തിലൂടെയാണ്‌ ഗാംഗുലിയെ പ്രസിഡന്റാക്കാനുള്ള തീരുമാനമുണ്ടായത്‌. പട്ടേലിനെതിരെ സംസ്ഥാന അസോസിയേഷനുകളിൽനിന്ന്‌ ചില എതിർപ്പുകളുണ്ടായി. ഗാംഗുലിയുടെ കാര്യത്തിൽ അതുണ്ടായില്ല. പട്ടേലിന്‌ ഐപിഎൽ തലവൻ സ്ഥാനംകൊടുത്ത്‌ തൃപ്‌തിപ്പെടുത്തുകയും ചെയ്‌തു.
തിങ്കളാഴ്‌ചയായിരുന്നു നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം.

ബിസിസിഐ മുൻ തലവൻമാർക്കൊപ്പമായിരുന്നു പത്രിക സമർപ്പിക്കാൻ ഗാംഗുലി എത്തിയത്‌.23ന്‌ ഗാംഗുലിയുടെ നേതൃത്വത്തിലുള്ള സംഘം അധികാരമേൽക്കും. മുൻ പരിശീലകൻ അൻഷുമാൻ ഗെയ്‌ക്ക്‌വാദ്‌ കളിക്കാരുടെ പ്രതിനിധിയായി ഈ സമിതിയിൽ ഉൾപ്പെടും. വനിതകളിൽ ശാന്ത രംഗസ്വാമിയും.

65 വർഷത്തിനിടെ ആദ്യ ക്രിക്കറ്റർ

ന്യൂഡൽഹി > ബിസിസിഐ തലവനാകുന്ന രണ്ടാമത്തെ ക്രിക്കറ്റ്‌ താരമാണ്‌ സൗരവ്‌ ഗാംഗുലി. 65 വർഷത്തിനിടയിലെ ആദ്യ ക്രിക്കറ്റർ. വിജയനഗരത്തിലെ മഹാരാജ ആയിരുന്നു ആദ്യ താരം. മൂന്ന്‌ ടെസ്‌റ്റ്‌ കളിച്ചിട്ടുള്ള വിസി 1954 മുതൽ 1956 വരെ ബിസിസിഐ തലവനായി. 2014ൽ സുനിൽ ഗാവസ്‌കറും ശിവലാൽ യാദവും തലപ്പത്തെത്തിയെങ്കിലും ഇടക്കാല ചുമതലയായിരുന്നു ഇരുവർക്കും.


പ്രധാന വാർത്തകൾ
 Top