22 May Wednesday

വീണ്ടും... നാലാം നമ്പറിൽ ആര‌്?

വെബ് ഡെസ്‌ക്‌Updated: Wednesday May 15, 2019

കേദാർ ജാദവ്‌


ന്യൂഡൽഹി
അന്തിമ ടീമിനെ പ്രഖ്യാപിച്ചെങ്കിലും നാലാം നമ്പറിൽ ആര‌് കളിക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന‌് ഇന്ത്യൻ ടീം പരിശീലകൻ രവി ശാസ‌്ത്രി. നിലവിൽ ലോകകപ്പ‌് നേടാനുള്ള വിഭവങ്ങൾ ടീമിനുണ്ടെന്നും ശാസ‌്ത്രി വ്യക്തമാക്കി. 30നാണ‌് ഏകദിന ക്രിക്കറ്റ‌് ലോകകപ്പ‌് തുടങ്ങുന്നത‌്. നാലാം നമ്പറിൽ പ്രത്യേകിച്ചൊരു ബാറ്റ‌്സ‌്മാനെ തീരുമാനിച്ചിട്ടില്ല. അതിനെക്കുറിച്ച‌് ആശങ്കയുമില്ല. നാലാം നമ്പറിൽ കളിക്കാൻ കഴിയുന്ന ഒരുപിടി കളിക്കാർ ഈ ടീമിലുണ്ട‌്–- ശാസ‌്ത്രി പറഞ്ഞു.

നിലവിൽ കേദാർ ജാദവിനെയാണ‌് നാലാം നമ്പറിൽ പരിഗണിക്കുന്നത‌്. എന്നാൽ, ഐപിഎൽ മത്സരത്തിനിടെ ജാദവിന‌് പരിക്കേറ്റത‌് ആശങ്കയുണ്ടാക്കുന്നു. അവസാന മത്സരങ്ങളിൽ ഈ വലംകൈയൻ ബാറ്റ‌്സ‌്മാന‌് കളിക്കാനായില്ല. ക്യാപ‌്റ്റൻ വിരാട‌് കോഹ‌്‌ലിയുടെ സംഘത്തിലെ പ്രധാനിയാണ‌് ജാദവ‌്. അഞ്ചാം ബൗളറായും ജാദവിനെ ഉപയോഗിക്കാറുണ്ട‌്.

പരിക്ക‌് ഗുരുതരമല്ലെന്നും ടീം ഇംഗ്ലണ്ടിലേക്ക‌് പുറപ്പെടുന്നതിന‌ുമുമ്പ‌് ജാദവ‌് സുഖം പ്രാപിക്കുമെന്നും ശാസ‌്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ‘ജാദവിന‌് പരിക്കേറ്റ സമയം ഞാൻ ഭയന്നിരുന്നു. ഇപ്പോൾ അതുമാറി. 22ന‌് വിമാനം കയറുമ്പോൾ മാത്രമേ ആരൊക്കെ 15 അംഗ ടീമിൽ ഉണ്ടാകുകയുള്ളൂവെന്ന‌് ഉറപ്പ‌് പറയാനാകൂ. കേദാറിന്റെ കാര്യത്തിൽ ശുഭാപ‌്തി വിശ്വാസമുണ്ട‌്’–- ശാസ‌്ത്രി പറഞ്ഞു.

ടീം പ്രഖ്യാപനത്തിന‌ു മുമ്പ‌് അമ്പാട്ടി റായുഡു, ഋഷഭ‌് പന്ത‌് എന്നിവരെയും നാലാം നമ്പറിലേക്ക‌് പരിഗണിക്കുമെന്ന‌് സൂചനയുണ്ടായിരുന്നു. എന്നാൽ, ഇരുവർക്കും 15 അംഗ ടീമിൽ ഇടംകിട്ടിയില്ല. പകരക്കാരുടെ പട്ടികയിൽ റായുഡുവും പന്തുമുണ്ട‌്. ജാദവ‌് ശാരീരികക്ഷമത വീണ്ടെടുത്തില്ലെങ്കിൽ റായുഡുവിനോ പന്തിനോ സാധ്യത തെളിയും. 23നാണ‌് ടീമിൽ മാറ്റം വരുത്താനുള്ള അവസാന ദിവസം.

ഇപ്പോഴുള്ള സംഘത്തിൽ ജാദവിനെ കൂടാതെ വിക്കറ്റ‌് കീപ്പർ മഹേന്ദ്ര സിങ‌് ധോണി, ലോകേഷ‌് രാഹുൽ എന്നിവരും നാലാ‌ം നമ്പറിൽ കളിച്ചവരാണ‌്.


പ്രധാന വാർത്തകൾ
 Top