21 April Sunday

കൊൽക്കത്തയെ വീഴ്‌ത്തി ചെന്നൈ മുന്നോട്ട‌്

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019

കൊൽക്കത്തയുടെ നാല്‌ വിക്കറ്റ്‌ വീഴ്‌ത്തിയ ചെന്നൈയുടെ ഇമ്രാൻ താഹിറിന്റെ ആഹ്ലാദം


കൊൽക്കത്ത
ഐപിഎലിൽ ചെ‌ന്നൈ സൂപ്പർ കിങ‌്സ‌് കുതിപ്പുതുടരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ‌്സിനെ അഞ്ച‌് വിക്കറ്റിന‌് തോൽപ്പിച്ച‌് ചെന്നൈ ഏഴാം ജയം കുറിച്ചു.
162‌ റൺ ലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈ രണ്ട‌് പന്ത‌് ശേഷിക്കെ ജയംനേടി. കൊൽക്കത്തയുടെ നാല‌് വിക്കറ്റെടുത്ത ചെന്നൈ സ‌്പിന്നർ ഇമ്രാൻ താഹിറാണ‌് കളിയിലെ കേമൻ.

അവസാന ഓവറിലാണ‌് ചെന്നൈ ജയം നേടിയത‌്. രവീന്ദ്ര ജഡേജയും (17 പന്തിൽ 31) സുരേഷ‌് റെയ‌്നയും (42 പന്തിൽ 58) ചേർന്നാണ‌് ജയമൊരുക്കിയത‌്.
അഞ്ച‌് വിക്കറ്റ‌്  ശേഷിക്കെ അവസാന രണ്ടോവറിൽ 24 റണ്ണായിരുന്നു ചെന്നൈയുടെ ലക്ഷ്യം. പ്രസീദ‌് കൃഷ‌്ണയുടെ പത്തൊമ്പതാം ഓവറിൽ തുടർച്ചയായ ബൗണ്ടറികൾ പായിച്ച‌് ജഡേജ ലക്ഷ്യം ഒരോവറിൽ എട്ട‌് റണ്ണാക്കി ചുരുക്കി. പീയുഷ‌് ചൗളയെറിഞ്ഞ ഇരുപതാം ഓവറിന്റെ ആദ്യപന്തുതന്നെ ബൗണ്ടറി പായിച്ച‌് ജഡേജ ചെന്നൈയുടെ ജയമുറപ്പാക്കി.

മുൻനിരയിൽ 16 പന്തിൽ 24 റണ്ണെടുത്ത ഫാഫ‌് ഡു പ്ലെസിസ‌് ആണ‌് ഭേദപ്പെട്ട‌് കളിച്ചത‌്. കേദാർ ജാദവ‌് 12 പന്തിൽ 20 റണ്ണെടുത്തു. ക്യാപ‌്റ്റൻ മഹേന്ദ്ര സിങ‌് ധോണി 13 പന്തിൽ 16 റണ്ണെടുത്ത‌് പുറത്തായി.ആദ്യം ബാറ്റ‌് ചെയ‌്ത കൊൽക്കത്തയ‌്ക്ക‌ുവേണ്ടി ഓപ്പണർ ക്രിസ‌് ലിൻ തിളങ്ങി. 51 പന്തിൽ 82 റണ്ണെടുത്ത ലിനിന്റെ ഇന്നിങ‌്സിൽ ഏഴ‌് സിക‌്സറും ആറ‌് ബൗണ്ടറികളും ഉൾപ്പെട്ടു. മറ്റാർക്കും ലിനിന‌് പിന്തുണ കൊടുക്കാനായില്ല. താഹിറിന്റെ മിന്നുന്ന പ്രകടനമാണ‌് കൊൽക്കത്തയെ തകർത്തത‌്. നാലോവറിൽ 20 റൺ മാത്രം വഴങ്ങിയ താഹിർ കൊൽക്കത്തയുടെ വമ്പൻമാരെയെല്ലാം മടക്കി. ലിൻ, കൂറ്റനടിക്കാരൻ ആന്ദ്രേ റസെൽ (4  പന്തിൽ 10), നീതിഷ‌് റാണ (18 പന്തിൽ 21), റോബിൻ ഉത്തപ്പ (1 പന്തിൽ 0) എന്നിവരെയാണ‌് താഹിർ വീഴ്‌ത്തിയത‌്.

പേസർ ശർദുൾ താക്കൂർ നാലോവറിൽ 18 റൺ വഴങ്ങി രണ്ട‌് വിക്കറ്റെടുത്തു.ഇന്ന‌് മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ‌്സ‌് ബാംഗ്ലൂരും തമ്മിൽ ഏറ്റുമുട്ടും. നാളെ രാജസ്ഥാൻ റോയൽസും കിങ‌്സ‌് ഇലവൻ പഞ്ചാബും തമ്മിലാണ‌് കളി.


പ്രധാന വാർത്തകൾ
 Top