21 May Tuesday

ലിവർപൂൾ കുതിച്ചു; ബയേൺ തകർന്നു (3‐1)

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019

ബെർലിൻ
ചാമ്പ്യൻസ‌് ലീഗ‌് പ്രീ ക്വാർട്ടറിൽ ലിവർപൂളിന‌ു മുന്നിൽ ബയേൺ മ്യൂണിക്കിന‌്‌ കാലിടറി.  രണ്ടാംപാദത്തിൽ ബയേണിനെ 3–-1ന‌് തോൽപ്പിച്ചു. ആദ്യപാദത്തിൽ ഇരുടീമുകളും ഗോളടിച്ചില്ല. ചാമ്പ്യൻസ‌് ലീഗിന്റെ അവസാന എട്ടിലെത്തുന്ന നാലാം പ്രീമിയർ ലീഗ‌് ടീമാണ‌് ലിവർപൂൾ. അഞ്ചുതവണ ജേതാക്കളായ ബയേൺ 2010–-11 സീസണിനുശേഷം ആദ്യമായാണ്‌  ചാമ്പ്യൻസ്‌ ലീഗിന്റെ ക്വാർട്ടറിൽ ഇടംകാണാതെ പുറത്താകുന്നത്‌. സാദിയോ മാനെ രണ്ടും വിർജിൽ വാൻഡിക്ക‌് ഒരു ഗോളും ലിവർപൂളിനായി നേടി. ജോയൽ മാറ്റിപ്പിന്റെ ദാനഗോളിലാണ‌് ബയേൺ ആശ്വാസം കണ്ടെത്തിയത‌്. യുർഗൻ ക്ലോപ്പും സംഘവും തുടർച്ചയായ രണ്ടാംതവണയാണ‌് യൂറോപ്യൻ ചാമ്പ്യൻ പോരാട്ടത്തിന്റെ അവസാന എട്ടിൽ ഇടംപിടിക്കുന്നത‌്.

പതിഞ്ഞിരിക്കുക, തക്കം കിട്ടുമ്പോൾ മുന്നേറുക. ഇതായിരുന്നു ലിവർപൂളിന്റെ കളിതന്ത്രം. ബയേണാകട്ടെ സ്വന്തം മൈതാനത്ത്‌ തുടക്കത്തിലേ ഗോളടിച്ച്‌ ആധിപത്യം പുലർത്താനുള്ള ശ്രമവും. ജർമൻ ലീഗിൽ വൂൾഫ‌്സ‌്ബർഗിനെ ആറ്‌ ഗോളിന‌് കീഴടക്കിയ വീര്യവുമായെത്തിയ ബയേണിന്‌ ലിവർപൂളിനു മുന്നിൽ ഒന്നും ചെയ്യാനായില്ല. ഫ്രാങ്ക്‌ റിബറി, ഹാമിഷ്‌ റോഡ്രിഗസ്‌, റോബർട്ട്‌ ലെവൻഡോവ‌്സ്‌കി, തലെയടുപ്പുള്ള കളിക്കാരെല്ലാം മൈതാനത്ത്‌ ലക്ഷ്യബോധമില്ലാതെ അലഞ്ഞു. ലിവർപൂൾ ഗോൾകീപ്പർ അലിസണെ പരീക്ഷിക്കാൻപോലും ബയേൺ മുന്നേറ്റത്തിനായില്ല.

ജോർദാൻ ഹെൻഡേഴ‌്സൺ തുടക്കത്തിലേ പരിക്കേറ്റ‌് കളത്തിൽനിന്ന‌ു പിന്മാറിയത‌് ലിവർപൂളിന‌് തിരിച്ചടിയായി. ഒന്നാന്തരം ഗോളിലൂടെയായിരുന്നു ലിവർപൂൾ അലയൻസ്‌ അരീനയിൽ മുന്നിലെത്തിയത്‌. ബയേൺ ഗോളി മാനുവൽ നോയെയുടെ പിഴവിൽനിന്നാണ്‌ ഗോൾ വന്നത്‌.  വാൻഡിക്ക്‌ നൽകിയ നീണ്ട പാസ്‌ ബോക്‌സിൽ സ്വീകരിച്ച മാനെയെ തടയാൻ നോയെ മുന്നിലേക്ക്‌ ഓടിയെത്തി. പിന്നാലെ രണ്ടു പ്രതിരോധക്കാരും. പന്ത്‌ കൈക്കലാക്കാമെന്ന നോയെയുടെ കണക്കുകൂട്ടലുകൾ പിഴച്ചു. മൂവരെയും കാഴ്‌ചക്കാരാക്കി മാനെ കണ്ണഞ്ചിപ്പിക്കും വേഗത്തിൽ പന്ത്‌ വലയിലാക്കി.

ജയിക്കാൻ രണ്ടു ഗോൾ വേണമെന്നിരിക്കെ ബയേൺ സർവതും മറന്ന്‌ ലിവർപൂൾ പകുതിയിലേക്ക്‌ കുതിച്ചു. റോബർട്ട്‌ ലെവൻഡോവ‌്സ്‌കിക്കായി സെർജ്‌ നാബ്രി നൽകിയ ക്രോസ്‌ ബാറിനു മുന്നിൽനിന്നു തടഞ്ഞ ലിവർപൂളിന്റെ ജോയൽ മാറ്റിപ്പിന്റെ ശ്രമം ദാനഗോളായി. സ്‌കോർ 1–-1. രണ്ടാം പകുതി‌യിൽ ലിവർപൂൾ  മികവുകാട്ടി. ജെയിംസ്‌ മിൽനറുടെ കോർണറിൽനിന്ന്‌ രണ്ടാം ഗോൾ വന്നു. മിൽനറുടെ പാകത്തിലുള്ള പന്തിൽ ഉയർന്നുചാടി തലവയ്‌ക്കുകയേ വാൻ ഡിക്കിനു വേണ്ടിയിരുന്നുള്ളു. കളിയവസാനത്തിൽ സലായുടെ ക്രോസിൽ തലവച്ച്‌ മാനെ ലിവർപൂളിന്റെ ജയം ഉറപ്പിച്ചു. എതിരാളികളുടെ മൈതാനത്ത്‌ ചാമ്പ്യൻസ്‌ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ലിവർപൂളുകാരനായി മാനെ; ഏഴ്‌ ഗോളുകൾ. അവസാന പത്തു മത്സരത്തിലെ പത്താം ഗോളാണ്‌ മാനെ ജർമനിയിൽ കുറിച്ചത്‌.

രണ്ടാം മഞ്ഞക്കാർഡ്‌ കണ്ട ലിവർപൂൾ പ്രതിരോധക്കാരൻ ആൻഡ്രൂ റോബേർട‌്സണ്‌  ഒന്നാംപാദ ക്വാർട്ടർ നഷ്ടമാകും. 2009നുശേഷം ആദ്യമായാണ്‌ ചാമ്പ്യൻസ്‌ ലീഗ്‌ ക്വാർട്ടറിൽ നാലു പ്രീമിയർ ലീഗ്‌ ക്ലബ്ബുകൾ ഇടംപിടിക്കുന്നത്‌.


പ്രധാന വാർത്തകൾ
 Top