24 January Friday

സംഘാടനത്തിന്റെ തേരാളി

എ പി സജിഷUpdated: Wednesday Jan 15, 2020

ടെഹ്‌റാനിൽ ലോക ചെസ്‌്‌ കിരീടം നേടി ഇന്ത്യയിൽ തിരിച്ചെത്തിയ വിശ്വനാഥൻ ആനന്ദിനെ അന്നത്തെ പ്രസിഡന്റ്‌ കെ ആർ നാരായണൻ അഭിനന്ദിച്ചപ്പോൾ അരികെ പി ടി ഉമ്മർകോയ



കോഴിക്കോട്‌
കറുപ്പും വെളുപ്പും കലർന്ന ബോർഡിൽ കരുക്കൾ നീക്കുന്ന തന്ത്രശാലിയായ കളിക്കാരനായിരുന്നില്ല പി ടി ഉമ്മർകോയ. പക്ഷേ, വിശ്വനാഥൻ ആനന്ദിനും മുമ്പേ  ഇന്ത്യൻ ചെസിന്‌ ലോക ഭൂപടത്തിൽ ഇടം സമ്മാനിച്ച സംഘാടകനായി അദ്ദേഹം. ആനന്ദ്‌ എന്ന ഒറ്റ നക്ഷത്രത്തിൽ ചുറ്റിയ ഇന്ത്യൻ ചെസിനെ ജനകീയനാക്കിയതാണ്‌ ഉമ്മർകോയയുടെ മിടുക്ക്‌. അറുപതോളം ഗ്രാൻഡ്‌ മാസ്‌റ്റർമാരെയാണ്‌ ആ സംഘാടനമികവ്‌ ഇന്ത്യക്ക്‌ സമ്മാനിച്ചത്‌.  

കുട്ടികൾക്ക്‌ ചെസ്‌ കളിച്ചുവളരാൻ കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങളൊന്നും ഇല്ലാത്ത കാലത്താണ്‌ ഉമ്മർകോയ ചെസിന്റെ അമരത്ത്‌ എത്തുന്നത്‌. 15 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക്‌ മാത്രമാണ്‌ മുമ്പ്‌ ടൂർണമെന്റുകൾ ഉണ്ടായിരുന്നത്‌. ആ സംഘാടനമികവിൽ 15 വയസ്സിനു താഴെയുള്ള കുട്ടികൾക്കും മൂന്നു വിഭാഗങ്ങളിലായി മത്സരം തുടങ്ങി. ഇത്തവണത്തെ ലോക റാപിഡ്‌ ചെസ്‌ ചാമ്പ്യൻ കൊണേരു ഹമ്പി ഉൾപ്പെടെയുള്ള താരങ്ങൾ ഉദിച്ചുയർന്നത്‌ ഈ ചാമ്പ്യൻഷിപ്പിലൂടെയാണ്‌.

ചെറുപ്പത്തിലേ മാതാപിതാക്കൾ നഷ്ടപ്പെട്ട ഉമ്മർകോയ ഉപ്പയുടെ ഉമ്മയുടെ സംരക്ഷണത്തിലാണ്‌ വളർന്നത്‌. ഉപ്പയുടെ ഉപ്പ ചതുരംഗത്തിൽ കേമനായിരുന്നു. കോഴിക്കോട്‌ വലിയങ്ങാടിയിലും മാവൂർ ഗ്വാളിയോർ റയോൺസിലും തൊഴിലാളിയായി ജീവിതം നയിക്കുന്നതിനിടെയാണ്‌ കലിക്കറ്റ്‌ സർവകലാശാലയിൽ എൻജിനിയറിങ് വിഭാഗത്തിൽ പ്ലംബറായി നിയമനം ലഭിക്കുന്നത്‌.  പുസ്‌തകങ്ങളെ സ്‌നേഹിച്ച ആ ചെറുപ്പക്കാരൻ സർവകലാശാലയിൽ ചെസ്‌ മത്സരങ്ങളിൽ പങ്കെടുത്തു. ചാമ്പ്യനായാൽ അഞ്ചു രൂപയുടെ പുസ്‌തകമായിരുന്നു സമ്മാനം. അതിനായി  പ്രയത്‌നിച്ചു.

അധികമാരും വരാത്ത ചെസിന്റെ ലോകത്തേക്ക്‌ കൂടുതൽ പേരെ കൊണ്ടുവരുന്നതിലായിരുന്നു പിന്നീടുള്ള ശ്രദ്ധ. നിശ്‌ചയദാർഢ്യത്തിന്റെ കരംപിടിച്ച്‌ അവിടെനിന്നു തുടങ്ങുന്നു ലോക ചെസിന്റെ സംഘാടനമികവിലേക്കുള്ള കുതിപ്പ്‌. ആ നേതൃത്വത്തിൽ എത്രയോ രാജ്യാന്തരമത്സരങ്ങൾക്ക്‌ കേരളം വേദിയായി. കോഴിക്കോടായിരുന്നു കേന്ദ്രം. കൂടുതൽ വിഭാഗങ്ങളിൽ ടൂർണമെന്റുകൾ തുടങ്ങി. സമൂഹത്തിലെ ഉന്നതർക്കു മാത്രം പതിച്ചുനൽകിയ ചെസിലേക്ക്‌ നിരവധി കുട്ടികൾ കടന്നുവന്നു. മത്സരനിയന്ത്രണങ്ങളിൽ വിട്ടുവീഴ്‌ചകളില്ലാത്ത കണിശക്കാരനായിരുന്നു അദ്ദേഹം.


പ്രധാന വാർത്തകൾ
 Top