04 July Saturday

പി ടി ഉമ്മർകോയ : ‘കളിക്കാരുടെ രാജാവ്‌ ’

വെബ് ഡെസ്‌ക്‌Updated: Wednesday Jan 15, 2020

കളിക്കാരുടെ രാജാവായിരുന്നു പി ടി ഉമ്മർകോയ. അവർക്ക്‌ വേണ്ടതെല്ലാം ചെയ്യും. എല്ലാ പിന്തുണയും നൽകും. സംഘാടനത്തിൽ കണിശക്കാരനാണ്‌. പക്ഷേ കളിക്കുന്ന കുട്ടികളോടും മുതിർന്നവരോടും ഒരേ സ്‌നേഹവും വാത്സല്യവും. കഠിനാധ്വാനം, അർപ്പണബോധം എന്നീ ഗുണങ്ങൾ അദ്ദേഹത്തിൽനിന്ന്‌ കണ്ടുപഠിക്കണം.

ഒന്നുമല്ലാതിരുന്ന ഒരു സാധാരണ മനുഷ്യനാണ്‌ ലോക ചെസിന്റെ നെറുകയിലെത്തിയത്‌. അതിനായി അദ്ദേഹം പിന്നിട്ട വഴികൾ കഠിനമായിരുന്നു. കളി പഠിച്ചു. ഭാഷ പഠിച്ചു.

രാജ്യാന്തര ആർബിറ്റർ ആയിരുന്ന അദ്ദേഹം ഒട്ടേറെ മത്സരങ്ങൾ നിയന്ത്രിച്ചു. ഇന്ത്യൻ ചെസിൽ പ്രൊഫഷണലിസം കൊണ്ടുവന്നത്‌ അദ്ദേഹമാണ്‌. 1996 മുതൽ ലോക ചെസ്‌ ഫെഡറേഷന്റെ തലപ്പത്ത്‌. 

എനിക്കിപ്പോഴും ഓർമയിലുള്ളത്‌ ഉമ്മർകോയയിലെ മനുഷ്യസ്‌നേഹിയെയാണ്‌. 1984ൽ അഹമ്മദാബാദിൽ നടന്ന ദേശീയ ചെസ്‌ ചാമ്പ്യൻഷിപ്പിൽ കേരള ടീമിന്റെ മാനേജരായിരുന്നു. ഞാനടക്കം ആറ്‌ കളിക്കാർ. മക്കളെപ്പോലെയാണ്‌ അദ്ദേഹം കളിക്കാരെ കണ്ടത്‌. കളി തീരുന്നതുവരെ കണ്ടുനിൽക്കും. കളിക്കാർക്ക്‌ ഉച്ചയ്‌ക്ക്‌ ഊണും രാത്രി കഞ്ഞിയും അദ്ദേഹമുണ്ടാക്കും. എല്ലാ വിശേഷവും ചോദിക്കും. കളിയെക്കുറിച്ച്‌ പറയും. ആവശ്യങ്ങൾ അന്വേഷിച്ച്‌ വേണ്ടതു ചെയ്യും.

രാജ്യാന്തര നിലവാരത്തിൽ ഒരു ചെസ്‌ അക്കാദമി വലിയ ആഗ്രഹമായിരുന്നു. കോഴിക്കോട്ട്‌ അതിന്‌ തുടക്കമിടുകയും ചെയ്‌തു. എന്നാൽ ലക്ഷ്യം പൂർത്തിയായില്ല. 2005ൽ അഖിലേന്ത്യാ ചെസ്‌ ഫെഡറേഷനിലെ കരുനീക്കങ്ങളിൽപ്പെട്ട്‌ അദ്ദേഹം വീണുപോയി. അന്ന്‌ അദ്ദേഹത്തെ വെട്ടിയവരുടെ ഇന്നത്തെ അവസ്ഥ കാലം കരുതിവച്ച തിരിച്ചടിയാകാം.


പ്രധാന വാർത്തകൾ
 Top