21 August Wednesday

മൂന്നാം ഏകദിനം: വിരാട്‌ കോഹ്‌ലിയും സംഘവും ഇന്നിറങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019

പോർട്‌ ഓഫ്‌ സ്‌പെയ്‌ൻ> വെസ്‌റ്റിൻഡീസിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കാൻ വിരാട്‌ കോഹ്‌ലിയും സംഘവും ഇന്നിറങ്ങുന്നു.  മൂന്ന്‌ മത്സരപരമ്പരയിൽ ഇന്ത്യ 1–-0ന്‌ മുന്നിലാണ്‌. ആദ്യ കളി മഴകാരണം ഉപേക്ഷിച്ചു. രണ്ടാം ഏകദിനത്തിൽ ഇന്ത്യ 59 റൺ ജയം നേടി.സെഞ്ചുറിയിലും റണ്ണിലും റെക്കോഡിലേക്ക്‌ കുതിക്കുന്ന ക്യാപ്‌റ്റൻ കോഹ്‌ലിയാണ്‌ ശ്രദ്ധാകേന്ദ്രം. ഏകദിന ക്രിക്കറ്റ്‌ റൺവേട്ടക്കാരിൽ മുൻ ക്യാപ്‌റ്റൻ സൗരവ്‌ ഗാംഗുലിയെ മറികടന്ന കോഹ്‌ലി, സെഞ്ചുറികളുടെ എണ്ണം 42 ആക്കി. 49 സെഞ്ചുറിയുള്ള സച്ചിൻ ടെൻഡുൽക്കർ മാത്രം മുന്നിൽ. കോഹ്‌ലിയെ കൂടാതെ ശ്രേയസ്‌ അയ്യർ മാത്രമാണ്‌ ഇന്ത്യൻ ബാറ്റിങ്‌നിരയിൽ തിളങ്ങിയത്‌. ലോകകപ്പിൽ റണ്ണടിച്ചുകൂട്ടിയ രോഹിത്‌ ശർമയ്‌ക്ക്‌  താളം കണ്ടെത്താനായില്ല. ശിഖർ ധവാനും മങ്ങി. ധവാൻ ട്വന്റി–-20യിലും തിളങ്ങിയില്ല.

നാലാം നമ്പറിൽ ഋഷഭ്‌ പന്തിന്‌ പകരം ശ്രേയസ്‌ അയ്യരെ കളിപ്പിക്കണമെന്ന്‌ സുനിൽ ഗാവസ്‌കർ ഉൾപ്പെടെയുള്ള മുൻ താരങ്ങൾ ആവശ്യപ്പെട്ടിരുന്നു. പന്തിന്‌ നാലാം നമ്പറിൽ ശോഭിക്കാനാകുന്നില്ല. അനാവശ്യ ഷോട്ടിന്‌ ശ്രമിച്ചാണ്‌ പന്ത്‌ പുറത്താകുന്നത്‌. അഞ്ചാം നമ്പറിൽ ഇറങ്ങിയ ശ്രേയസ്‌ നല്ലപ്രകടനം പുറത്തെടുത്തു. രണ്ടാം ഏകദിനത്തിൽ ക്യാപ്‌റ്റൻ കോഹ്‌ലിക്ക്‌ ഉറച്ച പിന്തുണ നൽകാനായി. 71 റണ്ണാണ്‌ ശ്രേയസ്‌ നേടിയത്‌. ലോകകപ്പിൽ മങ്ങിയ കേദാർ ജാദവിന് അവസാന അവസരമായിരിക്കും ഇത്‌. രണ്ടാം ഏകദിനത്തിൽ ജാദവിന്‌ റൺ കണ്ടെത്താനായില്ല. ബൗളർമാർ സ്ഥിരത കാട്ടി. ഇന്ത്യൻ ടീമിൽ മാറ്റങ്ങൾക്ക്‌ സാധ്യതയില്ല.

രണ്ടാം മത്സരത്തിൽ വിൻഡീസ്‌ ജയം തുലയ്‌ക്കുകയായിരുന്നു. ആറ്‌ വിക്കറ്റ്‌ ശേഷിക്കെ, 91 പന്തിൽ 71 റൺ വേണ്ടിയിരിക്കെയായിരുന്നു അവർ തകർന്നത്‌. നിക്കോളാസ്‌ പൂരനും എവിൻ ലൂയിസും മാത്രം പൊരുതി. ക്രിസ്‌ ഗെയ്‌ലിന്‌ ഒരുപക്ഷേ, ഇത്‌ അവസാന അവസരമായിരിക്കും. മഴ മുടക്കിയ ആദ്യ കളിയിലും ഗെയ്‌ൽ പെട്ടെന്ന്‌ പുറത്തായിരുന്നു. വിൻഡീസിന്റെ ഏറ്റവും മികച്ച റൺവേട്ടക്കാരനെന്ന റെക്കോഡ്‌ സ്വന്തമാക്കിയെങ്കിലും ഗെയ്‌ലിന്‌ എളുപ്പമല്ല കാര്യങ്ങൾ. പരിക്കുള്ള ലൂയിസ്‌ പകരം ജോൺ കാംബെൽ കളിച്ചേക്കും.

ടീം: ഇന്ത്യ –- രോഹിത്‌ ശർമ, ശിഖർ ധവാൻ, വിരാട്‌ കോഹ്‌ലി, ഋഷഭ്‌ പന്ത്‌, ശ്രേയസ്‌ അയ്യർ, കേദാർ ജാദവ്‌, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, മുഹമ്മദ്‌ ഷമി, ഖലീൽ അഹമ്മദ്‌, കുൽദീപ്‌ യാദവ്‌.വെസ്‌റ്റിൻഡീസ്‌–- ക്രിസ്‌ ഗെയ്‌ൽ, എവിൻ ലൂയിസ്‌/ ജോൺ കാംബെൽ, ഷായ്‌ ഹോപ്‌, ഷിംറോൺ ഹെറ്റ്‌മെയർ, നിക്കോളാസ്‌ പൂരൻ, റോസ്‌റ്റൺ ചേസ്‌, ജാസൺ ഹോൾഡർ, കാർലോസ്‌ ബ്രത്‌വയ്‌റ്റ, കെമർ റോച്ച്‌, ഷെൽഡൺ കോട്രെൽ, ഒഷെയ്‌ൻ തോമസ്‌.


പ്രധാന വാർത്തകൾ
 Top