17 October Thursday

രണ്ടാം ആഷസ്‌ ടെസ്‌റ്റിന്‌ ഇന്ന്‌ തുടക്കം ; ഇംഗ്ലണ്ടിന്‌ ലക്ഷ്യം സ്‌മിത്ത്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019

ലോർഡ്‌സ്‌
ആഷസിൽ തിരിച്ചുവരാനൊരുങ്ങി ഇംഗ്ലണ്ട്‌. പരമ്പരയിലെ ആദ്യ കളി ജയിച്ച ഓസ്‌ട്രേലിയ 1–-0ന്‌ മുന്നിലാണ്‌. ലോർഡ്‌സിലാണ്‌ ഇന്ന്‌ കളി. സ്‌റ്റീവ്‌ സ്‌മിത്തിന്‌ മുന്നിലാണ്‌ ആദ്യ ടെസ്‌റ്റിൽ ഇംഗ്ലണ്ട്‌ കളി മറന്നത്‌. രണ്ടാം ടെസ്‌റ്റിലും സ്‌മിത്ത്‌തന്നെയാണ്‌ ഇംഗ്ലണ്ടിന്‌ ഭീഷണി.

രണ്ട്‌ ഇന്നിങ്‌സിലും സെഞ്ചുറി നേടിയാണ്‌ സ്‌മിത്ത്‌ എഡ്‌ജ്‌ബാസ്‌റ്റണിലെ ആദ്യ ടെസ്‌റ്റിൽ ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞത്‌. വിലക്കുകഴിഞ്ഞുള്ള ആദ്യ ടെസ്‌റ്റിൽ സ്‌മിത്ത്‌ ഉഗ്രഭാവം പൂണ്ടപ്പോൾ ഇംഗ്ലണ്ടിന്‌ പിടിച്ചുനിൽക്കാനായില്ല. പരിക്കാണ്‌ ഇംഗ്ലണ്ടിനെ തളർത്തുന്നത്‌. പ്രധാന പേസർ ജെയിംസ്‌ ആൻഡേഴ്‌സൺ പിന്മാറി. ആദ്യ ടെസ്‌റ്റിൽ നാലോവർ എറിഞ്ഞ കളംവിട്ട ആൻഡേഴ്‌സൺ പിന്നെ പന്തെറിഞ്ഞില്ല. പകരം ജോഫ്ര ആർച്ചെറാണ്‌ ഇംഗ്ലണ്ട്‌ പേസ്‌ നിരയിൽ ഇടംപിടിച്ചത്‌. ആർച്ചെറുടെ ടെസ്‌റ്റിലെ അരങ്ങേറ്റമാണ്‌. ഓൾ റൗണ്ടർ മൊയീൻ അലിക്ക്‌ പകരം ജാക്‌ ലീഷും ഇടംനേടി.

സ്‌മിത്തൊഴികെയുള്ള ഓസീസ്‌ ബാറ്റ്‌സ്‌മാൻമാർ സ്ഥിരത കാട്ടുന്നില്ല. പ്രത്യേകിച്ചും ഓപ്പണിങ്‌ സഖ്യം. ആദ്യ ടെസ്‌റ്റിലെ രണ്ട്‌ ഇന്നിങ്‌സിലും ഡേവിഡ്‌ വാർണർ–-കാമറൂൺ ബാൻക്രോഫ്‌റ്റ്‌ സഖ്യം പരാജയമായി. ഉസ്‌മാൻ ഖവാജയും ക്യാപ്‌റ്റൻ ടിം പെയ്‌നും വലിയ സ്‌കോർ കണ്ടെത്തുന്നില്ല. ട്രാവിസ്‌ ഹെഡും മാത്യു വെയ്‌ഡും ആദ്യ ടെസ്‌റ്റിൽ തിളങ്ങി.

ബൗളർമാരിൽ ജെയിംസ്‌ പാറ്റിൻസണ്‌ വിശ്രമം അനുവദിച്ചു. പകരം ജോഷ്‌ ഹാസെൽവുഡ്‌ ഇറങ്ങും. പാറ്റ്‌ കമ്മിൻസാണ്‌ ഓസീസ്‌ പേസർമാരിലെ പ്രധാനി. ആദ്യ ടെസ്‌റ്റിൽ കമ്മിൻസ്‌ ഇംഗ്ലീഷ്‌ ബാറ്റിങ്‌ നിരയെ തകർത്തു. രണ്ടാം ഇന്നിങ്‌സിൽ  സ്‌പിന്നർ നതാൻ ല്യോണാണ്‌ ഇംഗ്ലണ്ട്‌ ബാറ്റ്‌സ്‌മാൻമാരെ വലച്ചത്‌.


പ്രധാന വാർത്തകൾ
 Top