20 May Monday

നെയ്മർ ഗോളടിച്ചു പിഎസ്ജി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018


പാരീസ്
നെയ്മറുടെ ഗോളിൽ പിഎസ്ജി ഫ്രഞ്ച് ലീഗിലെ പുതിയ സീസണിന് ഉശിരൻ തുടക്കം കുറിച്ചു. ആദ്യകളിയിൽ കെയ്നെ മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് പിഎസ്ജി തോൽപ്പിച്ചത്. നെയ്മർക്കൊപ്പം അഡ്രിയാൻ റാബിയോട്ടും തിമോത്തി വിയയും ഗോളടിച്ചു. പിഎസ്ജി പരിശീലകനായി തോമസ് ടുഷെലിന്റെ തുടക്കം ഗംഭീരമായി. കാൽപ്പാദത്തിനേറ്റ പരിക്കിനുശേഷം ആദ്യമായാണ് നെയ്മർ പിഎസ്ജി നിരയിൽ കളിക്കാനെത്തുന്നത്.

യുവനിരയെയാണ് ടുഷെൽ സായെനെതിരെ പരീക്ഷിച്ചത്. പകരക്കാർ ഉൾപ്പെടെ ഇരുപത് വയസിന് താഴെയുള്ള ആറ് കളിക്കാർ പിഎസ്ജിക്ക് കളിച്ചു. വമ്പൻ താരങ്ങളിൽ പലരും വിശ്രമത്തിലായിരുന്നു. ഫ്രാൻസിന്റെ ലോകകപ്പ് ഹീറോ കിലിയൻ എംബാപ്പെ, എഡിൻസൺ കവാനി, മാർകോ വെറാട്ടി എന്നിവർ കളിച്ചില്ല. യുവന്റസിൽനിന്നെത്തിയ ഇറ്റലിയുടെ വിഖ്യാത ഗോൾ കീപ്പർ ജിയാൻല്യൂജി ബുഫൺ ഫ്രഞ്ച് ലീഗിൽ അരങ്ങേറി.

ഫെബ്രുവരിയിലാണ് നെയ്മർ പിഎസ്ജിക്കുവേണ്ടി അവസാനമായി കളിച്ചത്. തുടർന്ന് ലോകകപ്പിലാണ് തിരിച്ചെത്തിയത്. ബ്രസീലിന്റെ എല്ലാ മത്സരങ്ങളിലും പൂർണസമയം പന്ത് തട്ടാൻ നെയ്മർക്ക് കഴിഞ്ഞു. ഇടവേളയ്ക്കുശേഷം പിഎസ്ജിയിലേക്കുള്ള വരവ് നെയ്മർ ആഘോഷമാക്കി. മധ്യനിരക്കാരൻ ക്രിസ്റ്റഫർ എങ്കുങ്കു നൽകിയ പാസിൽ നെയ്മർ ലക്ഷ്യം കണ്ടു.

ആദ്യപകുതി അവസാനിക്കുംമുമ്പ് ഏഞ്ചൽ ഡി മരിയ ഒരുക്കിയ അവസരത്തിൽ റാബിയോട്ടും ഗോളടിച്ചു. ഇടവേളയ്ക്കുശേഷമായിരുന്നു ഫ്രഞ്ച് ലീഗിൽ തിമോത്തി വിയയുടെ കന്നിഗോൾ. മുൻതാരവും ലൈബീരിയയുടെ പ്രസിഡന്റുമായ ജോർജ് വീയയുടെ മകനാണ് തിമോത്തി.

മറ്റൊരു മത്സരത്തിൽ ഒളിമ്പിക് ല്യോൺ രണ്ട് ഗോളിന് അമിയെൻ എസ്സിയെ കീഴടക്കി. ബെർട്രാൻഡ് ട്രയോറെയും മെംഫിസ് ഡിപെയും ല്യോണിന്റെ ഗോളുകൾ നേടി.
 

പ്രധാന വാർത്തകൾ
 Top