24 May Tuesday
തോൽക്കരുത്‌

ഐ ലീഗില്‍ ഇന്ന് കിരീടപ്പോരാട്ടം ; ഗോകുലം കേരള എഫ്‌സി മുഹമ്മദൻസിനെ നേരിടും

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022

ഗോകുലം മുന്നേറ്റക്കാരൻ ലൂക്ക മെയ്സെൻ പരിശീലനത്തിൽ


കൊൽക്കത്ത
ഐ ലീഗ് ഫുട്‌ബോളിൽ ഇന്ന്‌ ‘ഫൈനൽ’ പോരാട്ടം. ഗോകുലം കേരള എഫ്‌സി അവസാന മത്സരത്തിൽ  കൊൽക്കത്ത മുഹമ്മദൻസിനെ നേരിടും. തോൽക്കാതിരുന്നാൽ ഗോകുലത്തിന്‌ തുടർച്ചയായ രണ്ടാംതവണയും കിരീടം ഉയർത്താം. കൊൽക്കത്തയിലെ സാൾട്ട്‌ലേക്ക്‌ സ്‌റ്റേഡിയത്തിൽ രാത്രി ഏഴിനാണ്‌ മത്സരം. വൺ സ്പോർട്സിലും 24 ന്യൂസിലും കാണാം.

ഫൈനൽ റൗണ്ടിലെ അവസാന മത്സരമാണിത്‌. ഒന്നാമതുള്ള ഗോകുലത്തിന്‌ 17 കളിയിൽ 40 പോയിന്റ്‌. രണ്ടാമതുള്ള മുഹമ്മദൻസിന്‌ 37. ജയമോ സമനിലയോ ഗോകുലത്തെ ചാമ്പ്യന്മാരാക്കും. മുഹമ്മദൻസിന്‌ ജയിക്കുകതന്നെ വേണം. അങ്ങനെയെങ്കിൽ പോയിന്റ്‌ ഇരുടീമുകൾക്കും തുല്യമാകും. നേരിട്ട്‌ ഏറ്റുമുട്ടിയപ്പോൾ ജയിച്ചതിന്റെ ആനുകൂല്യത്തിൽ കൊൽക്കത്തക്കാർ കപ്പടിക്കും.
നേരത്തേ ആദ്യപാദത്തിൽ ഗോകുലവും മുഹമ്മദൻസും സമനിലയിൽ പിരിഞ്ഞിരുന്നു.

മുപ്പതിനായിരത്തോളം വരുന്ന കാണികൾക്കുമുന്നിൽ കളിക്കുന്നതിന്റെ ആനുകൂല്യം മുഹമ്മദൻസിനുണ്ടാകും. അവസാനകളിയിൽ ശ്രീനിധി ഡെക്കാനെതിരെ 3–-1ന്‌ തോറ്റത്‌ ഗോകുലത്തെ ആശങ്കയിലാക്കിയിട്ടുണ്ട്‌. സമനില പിടിച്ചിരുന്നെങ്കിൽ അവസാന കളിക്കിറങ്ങുംമുമ്പേ കിരീടം ഉറപ്പിക്കാമായിരുന്നു.

ശ്രീനിധിക്കെതിരെ ചുവപ്പുകാർഡ് കണ്ട ക്യാപ്റ്റൻ ഷരീഫ് മുഹമ്മദിന്റെയും നാല് മഞ്ഞക്കാർഡ് കിട്ടിയ എം എസ്‌ ജിതിന്റെയും അഭാവം ഗോകുലത്തിന്‌ തിരിച്ചടിയാകും. പരിക്കുമാറിയ സ്ലോവേനിയൻ മുന്നേറ്റക്കാരൻ ലൂക്ക മെയ്‌സനെ പരിശീലകൻ വിൻസെൻസോ അനീസെ ആദ്യപതിനൊന്നിൽ ഉൾപ്പെടുത്തും. ലൂക്ക 13 ഗോളടിച്ചിട്ടുണ്ട്‌. ഗോകുലത്തിന്റെ വിശ്വസ്തനായിരുന്ന മാർക്കസ് ജോസഫാണ് മുഹമ്മദൻസിന്റെ കരുത്ത്‌. 15 ഗോളുമായി ഗോൾവേട്ടക്കാരിൽ ഒന്നാമനാണ്‌ മാർക്കസ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top