26 March Tuesday

പത്താം ദിനം ഇന്ത്യക്ക്‌ 8 സ്വർണം

വെബ് ഡെസ്‌ക്‌Updated: Saturday Apr 14, 2018


ഗോൾഡ് കോസ്റ്റ് > ജാവലിൻ ത്രോയിൽ നീരജ് ചോപ്ര മിന്നിയ 10‐ാംദിനം ഇന്ത്യയുടെ സ്വർണക്കൊയ്ത്ത്. നീരജിന്റേതുൾപ്പെടെ എട്ട് സ്വർണം ഇന്ത്യ ഗോൾഡ് കോസ്റ്റിൽ കൊയ്തു. അഞ്ച്‌ വെള്ളിയും നാല്‌ വെങ്കലവും കൂട്ടിച്ചേർത്തു.

ആകെ 25 സ്വർണവും 16 വെള്ളിയും 18 വെങ്കലവും ഉൾപ്പെടെ 59 മെഡലായി ഇന്ത്യക്ക്. മേള ഇന്ന് സമാപിക്കും. ചരിത്രത്തിലെ ഏറ്റും മികച്ച മൂന്നാമത്തെ സ്വർണനേട്ടത്തിലാണ് ഇപ്പോൾ ഇന്ത്യ. നീരജിനെ കൂടാതെ മേരി കോം, വികാസ്‌ കൃഷൻ, ഗൗരവ്‌ സോളങ്കി (ബോക്‌സിങ്്‌), വിനേഷ്‌, സുമിത്‌ (ഗുസ്‌തി), മണിക ബത്ര (ടേബിൾ ടെന്നീസ്‌), സഞ്‌ജീവ്‌ രജ്‌പുത്‌ (ഷൂട്ടിങ്‌ ) എന്നിവരാണ്‌ പത്താംദിനത്തിലെ മറ്റ്‌ സ്വർണനേട്ടക്കാർ.

നീരജായിരുന്നു 10‐ാംദിനം ഇന്ത്യയുടെ താരം. 86.47 മീറ്ററിലാണ് നീരജിന്റെ സ്വർണനേട്ടം. ഈ സീസണിലെ ഏറ്റവും മികച്ച ദൂരമാണിത്. കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ സ്വർണംനേടിയ ആദ്യ ഇന്ത്യൻ അത്ലീറ്റുംകൂടിയാണ് നീരജ്. അതും അരങ്ങേറ്റത്തിൽ.

ആദ്യശ്രമത്തിൽ 85.50 മീറ്ററാണ് നീരജ് എറിഞ്ഞത്. രണ്ടാമത്തെ ശ്രമത്തിൽ 84.78. മൂന്നാമത്തെ ശ്രമമാണ് സ്വർണത്തിൽ തറച്ചത്. മറ്റൊരു ഇന്ത്യൻതാരം വിപിൻ കഷാന 77.87 മീറ്ററിൽ അഞ്ചാമതായി. ഓസ്ട്രേലിയയുടെ ഹമീഷ് പീകോക്കിനാണ് വെള്ളി (82.59). ഗ്രനഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സിനാണ് വെങ്കലം (82.20).

ഇന്ത്യയുടെ ഭാവിതാരമെന്ന് വിശേഷണമുള്ള നീരജിന്റെ നാലാമത്തെ പ്രധാന മെഡലാണിത്. ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ റെക്കോഡോടെ സ്വർണമണിഞ്ഞായിരുന്നു ഈ ഇരുപതുകാരന്റെ തുടക്കം. 86.48 മീറ്ററിലായിരുന്നു റെക്കോഡ്. പിന്നാലെ സാഫ് ഗെയിംസിലും സ്വർണം ആവർത്തിച്ചു. കഴിഞ്ഞവർഷം ഏഷ്യൻ ചാമ്പ്യൻഷിപ്പിലും നീരജിന് എതിരാളികളുണ്ടായില്ല. കഴിഞ്ഞ ലോകചാമ്പ്യൻഷിപ്പിൽ മാത്രമാണ് നീരജ് നിരാശപ്പെടുത്തിയത്. യോഗ്യതാറൗണ്ടിൽ 82.26 മീറ്റർ എറിയാനേ നീരജിന് കഴിഞ്ഞുള്ളൂ.മാർച്ചിൽ ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിൽ 85.94 മീറ്റർ എറിഞ്ഞ് കോമൺവെൽത്തിനുള്ള യോഗ്യത ഉറപ്പാക്കി.

കോമൺവെൽത്ത്‌ ഗെയിംസിൽ സ്വർണം നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ്‌ നീരജ്‌. മിൽഖാ സിങ്‌ (400 മീറ്റർ, 1958), കൃഷ്‌ണ പൂണിയ ( ഡിസ്‌കസ്‌ ത്രോ, 2010), വനിതാ 4‐400 മീറ്റർ റിലേ ടീം അംഗങ്ങളായ മൻജീത്‌കൗർ,അശ്വിനി അക്കുഞ്ഞി, സിനി ജോസ്‌, മൻദീപ്‌ കൗർ (2010), വികാസ്‌ ഗൗഡ (േഷാട്ട്‌പുട്ട്‌, 2014) എന്നിവരാണ്‌ ഇതിനുമുന്പത്തെ സ്വർണനേട്ടക്കാർ.

അത്ലറ്റിക്സിലെ മറ്റ് ഇനങ്ങളിൽ ഇന്ത്യക്ക് തിരിച്ചടികിട്ടി. അർപിന്ദർ സിങ്   ട്രിപ്പിൾജമ്പിൽ നാലാമതായി. 16.46 മീറ്ററാണ് അർപിന്ദർ ചാടിയത്. പുരുഷന്മാരുടെ 1500 മീറ്ററിൽ മലയാളിതാരം ജിൻസൺ ജോൺസൺ അഞ്ചാമതെത്തി. മൂന്നുമിനിറ്റ് 37.86 സെക്കൻഡിൽ മീറ്റ് റെക്കോഡ് കുറിക്കാനും ജിൻസണ് കഴിഞ്ഞു. വനിതകളുടെ 4‐400 മീറ്റർ റിലേയിൽ ഇന്ത്യ ഏഴാമതായി. പുരുഷന്മാരിൽ ദൂരം പൂർത്തിയാക്കാനായില്ല. 72 സ്വർണം ഉൾപ്പെടെ 184 മെഡലുമായി ഓസ്ട്രേലിയയാണ് ഒന്നാമത്. 40 സ്വർണം ഉൾപ്പെടെ 118 മെഡലുമായി ഇംഗ്ലണ്ട് രണ്ടാമതും.

 

ചരിത്രമെഴുതി മണിക
ഗോൾഡ് കോസ്റ്റ് > കോമൺവെൽത്ത് ഗെയിംസിൽ ചരിത്രമെഴുതി മണിക ബത്ര. ടേബിൾ ടെന്നീസ് വനിതാ സിംഗിൾസിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് മണിക. സിംഗപ്പുരിന്റെ മെൻഗ്യുവിനെയാണ് ഫൈനലിൽ തോൽപ്പിച്ചത്. നാലു ഗെയിം സ്വന്തമാക്കി ആധികാരികമായാണ് മണിക സുവർണപതക്കം സ്വന്തമാക്കിയത് (11‐7, 11‐6, 11‐2, 11‐7). ഗോൾഡ് കോസ്റ്റ് ഗെയിംസിലെ ബത്രയുടെ രണ്ട്‌ സ്വർണമാണ്. വനിതകളുടെ ടീം ഇനത്തിലും ബത്ര സ്വർണം നേടിയിരുന്നു. ഡബിൾസിൽ മൗമാ  ദാസിനൊപ്പം വെള്ളിയുംനേടി.
പുരുഷ ഡബിൾസിൽ വെള്ളിയും വെങ്കലവും ഇന്ത്യ നേടി. സതിയാൻ ജനശേഖരൻ‐ശരത് അച്ചാന്ത സഖ്യമാണ് വെള്ളിയും സനിൽ ശങ്കർ ഷെട്ടി‐ഹർമീത് ദേശായ് സഖ്യം വെങ്കലവും സ്വന്തമാക്കി.

ഗുസ്തിയിൽ  വിനേഷ്, സുമിത്

ഗോൾഡ് കോസ്റ്റ് > ഗുസ്തിയിൽ അവസാനദിനവും ഇന്ത്യ മിന്നി. രണ്ട് സ്വർണമാണ് നേടിയത്. രണ്ട് വെങ്കലവും സ്വന്തമാക്കി. ഗുസ്തിയിൽ ആകെ അഞ്ച്് സ്വർണമാണ് മേളയിൽ ഇന്ത്യക്ക് കിട്ടിയത്.

വനിതകളുടെ 50 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ വിനേഷ് സ്വർണമണിഞ്ഞു. ഫൈനലിൽ കനഡയുടെ ജെസീക മക്ഡൊണാൾഡിനെ വിനേഷ് തകർത്തു (13‐3). പുരുഷന്മാരുടെ 125 കിലോ വിഭാഗത്തിൽ സുമിതിന്റെ എതിരാളി നൈജീരിയയുടെ സിൻവി ബോൾട്ടിക് പരിക്കുകാരണം പിന്മാറി.

ഒളിമ്പിക്സ് വെങ്കലമെഡൽ ജേതാവായ സാക്ഷി മാലിക്കിന് 62 കിലോയിൽ സ്വർണത്തിലെത്താനായില്ല. വെങ്കലത്തിൽ തൃപ്തിപ്പെട്ടു. വെങ്കലമെഡൽ മത്സരത്തിൽ ന്യൂസിലൻഡിന്റെ ടയ്ല ഫോർഡിനെ സാക്ഷി തോൽപ്പിച്ചു (6‐5). പുരുഷന്മാരുടെ 86 കിലോ വിഭാഗത്തിൽ സോംവീർ കനഡയുടെ അലക്സാണ്ടർ മൂറിനെ തോൽപ്പിച്ചു (7‐3).

പ്രധാന വാർത്തകൾ
 Top