25 May Monday

വൈറസ്‌ വിഴുങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Mar 14, 2020

സിഡ്‌നി ക്രിക്കറ്റ്‌ ഗ്രൗണ്ടിൽ കാണികളെ പുറത്താക്കി ഓസ്‌ട്രേലിയ‐ന്യൂസിലൻഡ്‌ മത്സരം നടന്നപ്പോൾ

കളിക്കളത്തിൽ കോവിഡ്‌–-19 പടരുകയാണ്‌. കളിക്കാർക്കും പരിശീലകനും ക്ലബ്‌ ഉടമയ്‌ക്കുമെല്ലാം രോഗം സ്ഥിരീകരിച്ചു. യൂറോപ്പിലെ ഭൂരിഭാഗം ഫുട്‌ബോൾ ക്ലബ്ബുകളും നിരീക്ഷണത്തിലാണ്‌. പരിശീലന ക്യാമ്പുകൾ അടച്ചു.  ക്രിസ്റ്റ്യാനോ റൊണാൾഡോയടക്കമുള്ളവർ വീട്ടിൽ കരുതലിലാണ്‌. ഗ്രീക്ക്‌ ക്ലബ്‌ ഒളിമ്പ്യാകോസ്‌ ഉടമ ഇവാൻജെലോസ്‌ മരിനാസ്‌കിസിനായിരുന്നു ആദ്യമായി രോഗം ബാധിച്ചത്‌. കഴിഞ്ഞദിവസം യുവന്റസ്‌ പ്രതിരോധക്കാരൻ ഡാനിയേൽ റുഗാനിക്കും ഉറപ്പിച്ചു. അവിടെയും തീർന്നില്ല. പുതിയ രോഗബാധിതർ ഇവരാണ്‌

മൈക്കേൽ അർടേറ്റ
അഴ്‌സണൽ പരിശീലകൻ

വയസ്സ്‌: 37
അഴ്‌സണൽ പരിശീലകൻ മൈക്കേൽ അർടേറ്റയാണ്‌ ഇംഗ്ലണ്ടിൽ ആദ്യം വൈറസ്‌ പിടിപ്പെട്ട പ്രമുഖൻ. യൂറോപ  ലീഗ്‌ ഫുട്‌ബോളിൽ ഒളിമ്പ്യാകോസിനോട്‌ അഴ്‌സണൽ കളിച്ചിരുന്നു. അന്ന്‌ ഗ്രീക്ക്‌ ടീം ഉടമ ഇവാൻജെലോസ്‌ മരിനാസ്‌കിസിനുമായി അർടേറ്റ ഇടപഴകുകയും ചെയ്‌തു. പിന്നീട്‌ മരിനാസ്‌കിസിന്‌ കോവിഡ്‌ സ്ഥിരീകരിച്ചു. ഇതുവഴിയാണ്‌ അർടേറ്റയ്‌ക്ക്‌ രോഗം വന്നതെന്നാണ്‌ പ്രാഥമിക നിഗമനം. എല്ലാ കളിക്കാരുമായും ഇടപെടുന്ന പരിശീലകന്‌ രോഗം സ്ഥിരീകരിച്ചതോടെ അഴ്‌സണൽ ടീം അതീവജാഗ്രതയിലാണ്‌. പരിശീലനകേന്ദ്രം അടച്ചു.

കല്ലം ഹഡ്‌സൺ ഒഡോയ്‌
ചെൽസി വിങ്ങർ

വയസ്സ്‌: 19
രോഗം കണ്ടെത്തിയ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിലെ ആദ്യ കളിക്കാരൻ. കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയ പത്തൊമ്പതുകാരൻ ടീമിൽനിന്ന്‌ വിട്ടുനിന്നിരുന്നു. പിന്നാലെയാണ്‌ കോവിഡാണെന്ന്‌ തെളിഞ്ഞത്‌. എങ്ങനെയാണ്‌ ഇംഗ്ലീഷുകാരന്‌ വൈറസ്‌ ബാധിച്ചതെന്ന്‌ വ്യക്തമല്ല. ചികിത്സയിലാണെന്നും ഡോക്‌ടർമാരുടെ നിർദേശങ്ങൾ പാലിച്ച്‌ കഴിയുകയാണെന്നും ഒഡോയ്‌ ട്വിറ്ററിലൂടെ അറിയിച്ചു. ഉടൻ കളത്തിൽ മടങ്ങിയെത്തുമെന്നും ചെൽസിക്കാരൻ പറഞ്ഞു.

മനോളോ ഗാബിയാദിനി
സാംബദോറിയ മുന്നേറ്റക്കാരൻ

വയസ്സ്‌: 28
ഇറ്റാലിയൻ ഫുട്‌ബോൾ ലീഗിൽ കോവിഡ്‌ ഉറപ്പിച്ച രണ്ടാമത്തെ കളിക്കാരൻ. ദേശീയ ലീഗിൽ ഹെല്ലാസ്‌ വെറോണയ്‌ക്കെതിരായ മത്സരത്തിൽ 61 മിനിറ്റ്‌ കളിച്ചിരുന്നു മനോളോ ഗാബിയാദിനി. പിന്നാലെയാണ്‌ പനി വന്നത്‌. ഒടുവിൽ രോഗം സ്ഥിരീകരിച്ചു. സാംബദോറിയയുടെയും വെറോണയുടെയും കളിക്കാർ നിരീക്ഷണത്തിലാണ്‌.




ഇന്ത്യൻ ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലി, ലോകേഷ്‌ രാഹുൽ, യുശ്‌വേന്ദ്ര ചഹാൽ എന്നിവർ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിനായി ലഖ്‌നൗവിൽ മുഖാവരണമണിഞ്ഞ്‌ എത്തിയപ്പോൾ. പരമ്പര ഉപേക്ഷിച്ച അറിയിപ്പ്‌ പിന്നീട്‌ ഉണ്ടായി


പ്രധാന വാർത്തകൾ
 Top