ഏതൻസ്
ലോകകപ്പ് ഫുട്ബോൾ യൂറോപ്യൻ യോഗ്യതാ പോരാട്ടങ്ങൾ കനക്കുന്നു. ഒറ്റ റൗണ്ട് കളി മാത്രം ബാക്കിനിൽക്കെ സ്പെയ്ൻ, പോർച്ചുഗൽ എന്നിവർക്ക് സമനില മതി ഖത്തർ ടിക്കറ്റെടുക്കാൻ. നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യക്കാണ് കടുപ്പം. ഗ്രൂപ്പ് എച്ചിൽ റഷ്യക്ക് പിറകിൽ രണ്ടാമതാണവർ. ഒമ്പത് കളിയിൽ റഷ്യക്ക് 22ഉം ക്രൊയേഷ്യക്ക് 20ഉം പോയിന്റാണ്. മാൾട്ടയെ 7–-1ന് തകർത്ത് ഗോൾവ്യത്യാസത്തിൽ മുന്നിലെത്തിയെങ്കിലും ലൂക്കാ മോഡ്രിച്ചിനും സംഘത്തിനും അത് മതിയായില്ല. നാളെ റഷ്യയുമായാണ് ക്രൊയേഷ്യയുടെ അവസാന കളി. ഇതിൽ ജയത്തിൽ കുറഞ്ഞതൊന്നും മതിയാകില്ല. തോൽവിയും സമനിലയും തിരിച്ചടിയാകും. രണ്ടാംസ്ഥാനക്കാരായാൽ യോഗ്യതയ്ക്ക് പ്ലേ ഓഫ് കളിക്കണം.
ബി ഗ്രൂപ്പിൽ ഒന്നാമതുണ്ടായിരുന്ന സ്വീഡൻ ജോർജിയയോട് 2–-0ന് തോറ്റതാണ് സ്പെയ്നിന് ആശ്വാസമായത്. ഗ്രീസിനെ ഒരു ഗോളിന് വീഴ്ത്തിയ സ്പാനിഷ് പട ഇതോടെ ഒന്നാമതെത്തി. ഏഴ് കളിയിൽ 16 പോയിന്റ്. സ്വീഡന് 15ഉം. ഗോൾവ്യത്യാസത്തിലും സ്പെയ്നിനാണ് മുൻതൂക്കം. നാളെ സ്വീഡനാണ് അവസാന മത്സരത്തിലെ എതിരാളി. സമനില മതി മുന്നേറാൻ. തോറ്റാൽ തിരിച്ചടിയാകും. ആദ്യഘട്ടത്തിൽ സ്പെയ്നിനെ സ്വീഡൻ 2–-1ന് തോൽപ്പിച്ചിരുന്നു. ഗ്രീസിനെതിരെ പാബ്ലോ സറാബിയയാണ് സ്പെയ്നിന്റെ വിജയഗോൾ കുറിച്ചത്.
എ ഗ്രൂപ്പിൽ അയർലൻഡിനോട് സമനില വഴങ്ങിയതാണ് പോർച്ചുഗലിന് തിരിച്ചടിയായത്. ക്രിസ്റ്റ്യാനോ റൊണാൾഡോയെയും സംഘത്തെയും ഗോളടിക്കാതെ തളച്ചു അയർലൻഡുകാർ. ഇതോടെ പട്ടികയിൽ ഒന്നാമതുള്ള പോർച്ചുഗലിനും രണ്ടാമതുള്ള സെർബിയക്കും 17 പോയിന്റായി. ഗോൾവ്യത്യാസത്തിൽ പോർച്ചുഗലിനാണ് ആധിപത്യം. സെർബിയയുമായാണ് അവസാന മത്സരം. നാളെ രാത്രിയാണ് കലാശക്കളി. സമനില മതി റൊണാൾഡോയ്ക്കും സംഘത്തിനും മുന്നേറാൻ. തോൽവി തിരിച്ചടിക്കും. ജെ ഗ്രൂപ്പിൽനിന്ന് നേരത്തേ യോഗ്യത നേടിയ ജർമനി ലിസ്റ്റെൻഷൈനെ ഒമ്പത് ഗോളിന് തകർത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..