24 October Thursday

ഇംഗ്ലണ്ട്‌ തകരുന്നു

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2019

പാറ്റ്‌ കമ്മിൻസിന്റെ പന്തിൽ ഇംഗ്ലണ്ട്‌ ക്യാപ്‌റ്റൻ ജോ റൂട്ട്‌ ബൗൾഡായപ്പോൾ


ഓവൽ
ഓസ്‌ട്രേലിയക്കെതിരായ അവസാന ആഷസ്‌ ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ഇംഗ്ലണ്ട്‌ പതറുന്നു. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇംഗ്ലണ്ട്‌ ഏഴ്‌ വിക്കറ്റ്‌ നഷ്ടത്തിൽ 205 റണ്ണെടുത്തിട്ടുണ്ട്‌. ജോസ്‌ ബട്‌ലറും (17) ജോഫ്ര ആർച്ചെറുമാണ്‌ (0) ക്രീസിൽ. ക്യാപ്‌റ്റൻ ജോ റൂട്ട്‌ 57 റൺ നേടി മടങ്ങി. ഓസീസിനായി മിച്ചെൽ മാർഷ്‌ നാല്‌ വിക്കറ്റ്‌ നേടി.
പരമ്പര ഉറപ്പിച്ച ഓസ്‌ട്രേലിയ 2–-1 ന്‌ മുന്നിലാണ്‌.

ഓവലിൽ ടോസ്‌ നേടിയ ഓസ്‌ട്രേലിയൻ ക്യാപ്‌റ്റൻ ടിം പെയ്‌ൻ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇരുടീമുകളും രണ്ട്‌ മാറ്റങ്ങളോടെയാണ്‌ കളത്തിലിറങ്ങിയത്‌. ഇംഗ്ലീഷ്‌ നിരയിൽ ജാസൺ റോയിയും ക്രയ്‌ഗ്‌ ഒവർട്ടണും ഇടംപിടിച്ചില്ല. ക്രിസ്‌ വോക്‌സും കറനുമാണ്‌ പകരക്കാർ. മാർഷും പീറ്റർ സിഡിലും ഓസീസ്‌ ടീമിലെത്തി.ട്രാവിസ്‌ ഹെഡും മിച്ചെൽ സ്റ്റാർകും പുറത്തിരുന്നു.

തകർച്ചയോടെയായിരുന്നു ഇംഗ്ലണ്ടിന്റെ തുടക്കം. ഓപ്പണർ ജോ ഡെൻലി (14) വേഗം മടങ്ങി. രണ്ടാം വിക്കറ്റിൽ റൂട്ടും റോറി ബേൺസും (47) ചേർന്ന്‌ ഇംഗ്ലണ്ടിനെ കരകയറ്റി. ഇരുവരും 76 റൺ കൂട്ടുകെട്ടുണ്ടാക്കി. ബേൺസിനെ പറഞ്ഞയച്ച്‌ പീറ്റർ ഹാസെൽവുഡ്‌ ഓസീസിനെ കളിയിൽ തിരിച്ചുകൊണ്ടുവന്നു. ബെൻ സ്‌റ്റോക്‌സിനും (20) ഏറെനേരം പിടിച്ചുനിൽക്കാനായില്ല. മൂന്നുതവണ ഓസീസ്‌ ഫീൽഡർമാർ കൈവിട്ട റൂട്ട്‌ പതർച്ചയോടെയാണ്‌ ബാറ്റ്‌ വീശിയത്‌. ചായക്കുശേഷം പാറ്റ്‌ കമ്മിൻസിന്‌ മുന്നിൽ റൂട്ടും കീഴടങ്ങിയതോടെ ഇംഗ്ലണ്ട്‌ പതറി.
 


പ്രധാന വാർത്തകൾ
 Top