20 August Tuesday

പാകിസ്ഥാൻ പൊരുതി വീണു

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019

സെഞ്ചുറി നേടിയ വാർണറുടെ ആഹ്ലാദം

 

ടോണ്ടൻ
അവസാനംവരെ പൊരുതിയ പാകിസ്ഥാനെ കീഴടക്കി ഓസ‌്ട്രേലിയക്ക‌് 41 റൺ ജയം. ഡേവിഡ‌്‌ വാർണറുടെ സെഞ്ചുറി മികവിൽ (111 പന്തിൽനിന്ന‌് 107) ഓസീസ‌് ഉയർത്തിയ 308 റൺസ‌് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന്റെ പോരാട്ടം 266 റണ്ണിൽ അവസാനിച്ചു. ‌‌എട്ടാം വിക്കറ്റിൽ ക്യാപ‌്റ്റൻ സർഫ്രാസ‌് അഹമ്മദും (48 പന്തിൽ 40) വഹാബ‌് റിയാസും ( 39 പന്തിൽ 45) ചേർന്ന‌്  വിജയത്തിലേക്ക‌് കൈപിടിച്ചുയർത്തുമെന്ന‌് തോന്നിപ്പിച്ചെങ്കിലും അതുണ്ടായില്ല. സ‌്കോർ: ഓസ‌്ട്രേലിയ: 307 (49), പാകിസ്ഥാൻ: 266 (45.4)

മൂന്ന‌് വിക്കറ്റ‌് വീഴ‌്ത്തിയ പാറ്റ‌് കമ്മിൻസാണ‌് പാകിസ്ഥാന്റെ കുഴി വെട്ടിയത‌്. മിച്ചൽ സ്റ്റാർകും കെയ‌്ൻ റിച്ചാഡ‌്സനും രണ്ട‌് വിക്കറ്റ‌് വീതം വീഴ‌്ത്തി. പാകിസ്ഥാനുവേണ്ടി ഇമാമുൾ ഹഖ‌് അർധസെഞ്ചുറി (75 പന്തിൽ 53) നേടി. രണ്ടാം വിക്കറ്റിൽ ബാബർ അസമും ഇമാമുൾ ഹഖും ചേർന്ന‌് 54 റൺ കൂട്ടിച്ചേർത്തു. മൂന്നാം വിക്കറ്റിൽ ഹഖും മുഹമ്മദ‌് ഹഫീസും ചേർന്ന‌് 80 റണ്ണാണ‌് നേടിയത്‌. എന്നാൽ, മധ്യ ഓവറുകളിൽ പാകിസ്ഥാൻ കള‌ി കൈവിട്ടു.

147 റണ്ണെടുക്കുന്നതിനിടെ അഞ്ച‌് വിക്കറ്റ‌് നഷ‌്ടപ്പെട്ട പാകിസ്ഥാൻ ആറിന‌് 160, ഏഴിന‌് 200 എന്ന നിലയിലേക്ക‌് വീണു. എട്ടാം വിക്കറ്റിൽ സർഫ്രാസും വഹാബും 64 റണ്ണടിച്ച‌് പ്രതീക്ഷ നൽകി. എന്നാൽ, മൂന്ന‌് റണ്ണെടുക്കുന്നതിനിടെ മൂന്ന‌് വിക്കറ്റ‌് നഷ്ടപ്പെടുത്തി പാകിസ്ഥാൻ തോൽവി ഏറ്റുവാങ്ങി. സ്റ്റാർക്കിന്റെ പന്തിൽ വിക്കറ്റ്‌ കീപ്പർ കാരി പിടിച്ചാണ്‌ വഹാബ്‌ പുറത്തായത്‌. അമ്പയർ ഔട്ട്‌ നൽകാതിരുന്നപ്പോൾ ഡിആർഎസ്‌ ഉപയോഗിച്ചാണ്‌ ഓസ്‌ട്രേലിയ നിർണായകമായ ഈ വിക്കറ്റ്‌ സ്വന്തമാക്കിയത്‌.
മഴ അകന്നുനിന്ന ദിനം ടോ‌സ‌് നേടിയ പാകിസ്ഥാൻ ഓസ‌്ടേലിയയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപ്പണർമാരായ ഡേവി‌ഡ‌് വാർണറും ക്യാപ്റ്റൻ ആരോൺ ഫിഞ്ചും ചേർന്ന‌് മികച്ച തുടക്കമാണ‌് നൽകിയത‌്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന‌് 146 റൺ  കൂട്ടിച്ചേർത്തു. ഫിഞ്ച‌് 84 പന്തിൽ 82 റണ്ണെടുത്തു.

പന്ത‌് ചുരണ്ടൽ വിവാദത്തിലെ വിലക്കിൽനിന്ന‌് തിരിച്ചെത്തിയശേഷം വാർണർ ആദ്യ സെഞ്ചുറി കണ്ടെത്തി. പഴയ ഫോമിലേക്ക‌് എത്തുന്നില്ല എന്ന വിമർശകരുടെ വായടപ്പിക്കുന്നതായിരുന്നു‌ വാർണറുടെ ഇന്നിങ‌്സ‌്. 2–-223 എന്ന നിലയിൽനിന്നാണ‌് ഓസീസ‌് 307ന‌് എല്ലാവരും പുറത്തായത‌്. ആദ്യ 25 ഓവറിൽ ഒരു വിക്കറ്റ‌് നഷ‌്ടത്തിൽ 165 റണ്ണാണ‌് ഓസ‌ീസ‌് നേടിയത‌്. റണ്ണൊഴുകേണ്ട അവസാന 24 ഓവറിൽ ഒമ്പത‌് വിക്കറ്റ‌് നഷ‌്ടത്തിൽ 142 റൺ മാത്രമേ ഓസീസിന‌് എ‌ടുക്കാനായുള്ളൂ. 50 റൺ  വഴങ്ങി അഞ്ച‌് വിക്കറ്റ‌് നേടിയ മുഹമ്മദ‌് അമീറാണ‌് ഓസീസിന്റെ റണ്ണൊഴുക്ക‌് തടഞ്ഞത‌്. ശനിയാഴ്‌ച ശ്രീലങ്കയ്‌ക്കെതിരെയാണ്‌ ഓസ്‌ട്രേലിയയുടെ അടുത്ത മത്സരം. പാകിസ്ഥാനാകട്ടെ ഞായറാഴ്‌ച നടക്കുന്ന പോരാട്ടത്തിൽ ഇന്ത്യയാണ്‌ എതിരാളി.


പ്രധാന വാർത്തകൾ
 Top