30 May Saturday

ചാമ്പ്യൻസ്‌ ലീഗ്‌ പ്രീ ക്വാർട്ടർ : വിട ലിവർപൂൾ

വെബ് ഡെസ്‌ക്‌Updated: Friday Mar 13, 2020

ലിവർപൂളിനെതിരെ അത്‌ലറ്റികോയുടെ ഗോളുകൾ നേടിയ മൊറാട്ടയുടെയും ലൊറന്റെയുടെയും ആഹ്ലാദം


ലണ്ടൻ
ആൻഫീൽഡിൽ ലിവർപൂളിന്റെ ഹൃദയം നിലച്ചു. ഏത്‌ വെല്ലുവിളികളിലും തുണയായ മൈതാനത്ത്‌ ഇത്തവണ ഘടികാരം നിലച്ചപ്പോൾ ലിവർപൂളുകാർ തേങ്ങി. അധിക സമയത്തെ മൂന്ന്‌ ഗോളിൽ ദ്യോഗോ സിമിയോണിയുടെ അത്‌ലറ്റികോ മാഡ്രിഡ്‌ ഇംഗ്ലീഷുകാരെ തുരത്തി. ഇരുപാദങ്ങളിലുമായി 2–-4ന്‌ അത്‌ലറ്റികോയോട്‌ തലകുനിച്ച്‌ നിലവിലെ ചാമ്പ്യൻമാർ മടങ്ങി. 

ആദ്യപാദത്തിൽ അത്‌ലറ്റികോയുടെ പ്രതിരോധത്തിൽ പിടഞ്ഞ ലിവർപൂൾ സമ്മർദത്തിലായിരുന്നു. ക്വാർട്ടർ ഉറപ്പിക്കാൻ രണ്ട്‌ ഗോൾ ജയം അനിവാര്യം. മാഡ്രിഡിലെ തോൽവിക്കുശേഷം ആൻഫീൽഡിൽ കാണാമെന്ന്‌ പറഞ്ഞ പരിശീലകൻ യുർഗൻ ക്ലോപ്‌ ലിവർപൂളിനെ സർവസജ്ജരാക്കി. സാദിയോ മാനെയും മുഹമ്മദ്‌ സലായും അടങ്ങിയ മുൻനിരയോട്‌ ഒറ്റ ഉപദേശം മാത്രമായിരുന്നു. ‘കാലുകൾ തളരരുത്‌, വേഗത കുറയരുത്‌, ആക്രമിക്കുക’. അപ്പുറം അത്‌ലറ്റികോയുടെ പ്രതിരോധമതിൽ ഉയർന്നു. പതിനൊന്നുപേരും ഒത്തുള്ള എതിർപ്പ്‌.

ആൻഫീൽഡിൽ കാഹളം മുഴങ്ങി. പരിശീലകന്റെ വാക്ക്‌ അതേപടി അനുസരിച്ചു ലിവർപൂളുകാർ. ആദ്യപാദത്തിൽ ലക്ഷ്യത്തിലേക്ക്‌ ഒറ്റ പന്ത്‌ പായിക്കാതെ പിടിച്ചുനിർത്തിയ അത്‌ലറ്റികോ പ്രതിരോധത്തിൽ മാനെയും സലായും അതിശക്തമായി പ്രഹരിച്ചു. സമയസൂചികയെ കാക്കാതെയുള്ള മുന്നേറ്റം. ഫെലിപേയും സ്‌റ്റെഫാൻ സാവിച്ചും നയിച്ച അത്‌ലറ്റികോ പിൻനിര ഉലഞ്ഞു. പലപ്പോഴും പന്ത്‌ വലയ്‌ക്കരികെയെത്തി. അവിടെ കാവൽക്കാരൻ യാൻ ഒബ്ലാക്‌ ഉറച്ചുനിന്നു.
 ലിവർപൂളുകാർ ഇരച്ചെത്തിയപ്പോൾ ഒരു നിമിഷം അത്‌ലറ്റികോ നിശബ്ദരായി. അലക്‌സ്‌ ഒക്‌സാൽഡേ ചംബർലെയ്‌ൻ നീട്ടിയ പന്ത്‌ ജ്യോർജീനോ വൈനാൽദം വലകടത്തി. ലിവർപൂൾ സന്തോഷിച്ചു. ക്വാർട്ടറിലേക്ക്‌ ഇനി ഒരു ഗോൾ കൂടി. ഇടവേള കഴിഞ്ഞും ലണ്ടൻകാർ തുടർന്നു. എന്നാൽ അത്‌ലറ്റികോ പതറിയില്ല. നിശ്ചിതസമയം പട്ടിക തുല്യം. അധികസമയത്തേക്ക്‌. ഏറെ കാത്തിരുന്നില്ല ലിവർപൂളുകാർ. റോബർടോ ഫിർമിനോ കാത്തിരുന്ന ഗോൾ കുറിച്ചു. വലതുഭാഗത്തുനിന്ന്‌ വൈനാൽദത്തിന്റെ ക്രോസ്‌. ഒബ്ലാക്കിന്‌ മുന്നിലുള്ള ഫിർമിനോ തലവച്ചു. അത്‌ലറ്റികോ ഗോളി തടുത്തു. പന്ത്‌ വീണ്ടും ഫിർമിനോയുടെ കാലിൽ. സ്‌റ്റേഡിയം പൊട്ടിത്തെറിച്ചു. ക്ലോപ്‌ ആഘോഷമാരംഭിച്ചു.

അവിടെ തീർന്നില്ല. പ്രതിരോധത്തിലെ പിടിവിട്ട്‌ അത്‌ലറ്റികോ താരങ്ങൾ മുന്നോട്ടേക്ക്‌ കുതിച്ചു. ഒരുവട്ടം ലക്ഷ്യത്തിലെത്തിയാൽ ജയം കൈയിലാക്കാമെന്ന ബോധ്യം അവരെ നയിച്ചു. കെട്ടുകൾ പൊട്ടിച്ച്‌ അവർ ഒഴുകി. വിർജിൽ വാൻഡിക്കും കൂട്ടരും നോക്കിനിന്നു. ലിവർപൂളുകാരുടെ പതർച്ച സിമിയോണിയുടെ കുട്ടികൾ മുതലാക്കി. ഗോളി ആഡ്രിയാന്റെ ദുർബലമായ പാസ്‌ പിടിച്ചെടുത്ത്‌ മാർകോസ്‌ ലൊറന്റെ തൊടുത്തു. സ്‌റ്റേഡിയത്തിലെ ആരവം നിലച്ചു. സിമിയോണി ആനന്ദിച്ചു. വീണ്ടും തിരിച്ചുവരാൻ ലിവർപൂളിന്‌ വേണ്ടത്‌ രണ്ട്‌ ഗോൾ. അവർ തളർന്നു. ലിവർപൂളിന്റെ മടക്കം ഉറപ്പിച്ച്‌ ഒരിക്കൽക്കൂടി ലൊറന്റെ ആഡ്രിയാനെ കീഴടക്കി. കിതപ്പോടെ പന്തുതട്ടി ഇംഗ്ലീഷുകാർ. കാണികൾ കസേര വിട്ടു. ‌അവസാന വിസിലിന്‌ റഫറി തയ്യാറെടുക്കവേ അൽവരോ മെറാട്ട മൂന്നാക്കി.
ആൻഫീൽഡ്‌ മരിച്ച വീടായി.


പ്രധാന വാർത്തകൾ
 Top