25 May Monday

ഇതാ പിഎസ്‌ജി

വെബ് ഡെസ്‌ക്‌Updated: Friday Mar 13, 2020

പിഎസ്‌ജിയുടെ ഗോൾ നേടിയ നെയ്‌മറുടെ ആഹ്ലാദം


പാരീസ്‌
ആളും ആരവുമൊഴിഞ്ഞ പാരീസിലെ പാർക്‌ ഡെ പ്രിൻസസ്‌ സ്‌റ്റേഡിയത്തിൽ പിഎസ്‌ജി നിറഞ്ഞു. മൈതാനത്തിനു പുറത്ത്‌ വലിയ സ്‌ക്രീനുകളിൽ കളി കണ്ട്‌ ആർത്തുവിളിച്ച ആയിരങ്ങളെ ഫ്രഞ്ചുകാർ നിരാശരാക്കിയില്ല. ചാമ്പ്യൻസ്‌ ലീഗിൽ ബൊറൂസിയ ഡോർട്ട്‌മുണ്ടിനെ വീഴ്‌ത്തി പിഎസ്‌ജി ക്വാർട്ടറിലേക്ക്‌ കുതിച്ചു. ആദ്യപാദത്തിലെ 1–-2ന്റെ തോൽവിക്ക്‌ സ്വന്തം തട്ടകത്തിൽ രണ്ടു ഗോളിന്റെ മറുപടി. ഇരുപാദങ്ങളിലുമായി 3–-2. നെയ്‌മറും യുവാൻ ബെർണറ്റും വിജയഗോളുകൾ നേടി.

കോവിഡ്‌–-19 കാരണം മത്സരത്തിൽ കാണികൾക്ക്‌ വിലക്കായിരുന്നു. നെപ്പോളിയൻ ബോണപ്പാർട്ടിന്റെ മണ്ണിൽ പിഎസ്‌ജിക്ക്‌ തോൽക്കാൻ കഴിയുമായിരുന്നില്ല. ആദ്യപാദത്തിൽ ഫ്രഞ്ചുകാരെ വിറപ്പിച്ച എർലിങ്‌ ഹാലൻഡിനും കൂട്ടരും പാരീസിൽ നിറംകെട്ടു. പത്തൊമ്പതുകാരൻ ഹാലൻഡും ‌കൂട്ടുകാരൻ ജെയ്‌ഡെൻ സാഞ്ചോയും മുന്നേറ്റത്തിൽ പതറി. അവസരങ്ങളെല്ലാം ഇരുവരും കളഞ്ഞു. പിഎസ്‌ജി ഗോൾകീപ്പർ കെയ്‌ലർ നവാസിന്റെ മിടുക്കും ഡോർട്ട്‌മുണ്ടിനെ തടഞ്ഞു.

ക്വാർട്ടർ ഉറപ്പിക്കാൻ ഒറ്റ ഗോളായിരുന്നു തോമസ്‌ ടുഷലിന്റെ പിഎസ്‌ജിക്ക്‌ ആവശ്യം. ഡോർട്ട്‌മുണ്ടിൽ കാട്ടിയ പിഴവുകൾ അവർ ഇത്തവണ ആവർത്തിച്ചില്ല. പ്രതിരോധബലം ഉറപ്പിച്ചു. മധ്യനിരയിൽ ഏഞ്ചൽ ഡി മരിയയുടെ മികവും തുണയായി. മധ്യനിരയിൽ കളി പിടിച്ച്‌ പ്രത്യാക്രമണം നടത്തുക എന്നതായിരുന്നു പിഎസ്‌ജി തന്ത്രം. കളത്തിൽ അത്‌ പൂർണമായി. ഡി മരിയയുടെ കോർണറിൽ ഹെഡ്ഡറിലൂടെ നെയ്‌മർ ഡോർട്ട്‌മുണ്ട്‌ വല കണ്ടു. പിഎസ്‌ജി ഉറപ്പിച്ചു. ആത്മവിശ്വാസത്തോടെ അവർ പന്തുതട്ടി. ഡോർട്ട്‌മുണ്ട്‌ പരിഭ്രാന്തരായി. ഒന്നാംപകുതിയവസാനം ബെർണറ്റ്‌ ലീഡുയർത്തി. രണ്ടാംപകുതിയിലും പിഎസ്‌ജി വല ഭേദിക്കാൻ ജർമൻകാർക്കായില്ല. നെയ്‌മറെ വീഴ്‌ത്തിയതിന്‌ എമ്‌റി ചാൻ ചുവപ്പ്‌ കാർഡ്‌ കിട്ടി മടങ്ങിയതും അവർക്ക്‌ തിരിച്ചടിയായി.


പ്രധാന വാർത്തകൾ
 Top