26 May Sunday

‘പൊൻകുട്ടികൾ’

ആർ രഞ‌്ജിത‌്Updated: Wednesday Feb 13, 2019

ആൺകുട്ടികളെയും പെൺകുട്ടികളെയും വിഭജിച്ച്‌ നടത്തിയ ആദ്യ ദേശീയ സ്‌കൂൾ മീറ്റിൽ കേരളത്തെ ഓവറോൾ കിരീടം ചൂടിച്ചു

നദിയാദ‌് (ഗുജറാത്ത‌്)
എതിരാളികളെ ബഹുദൂരം പിന്നിലാക്കിയ കേരളത്തിന്റെ പെൺകുട്ടികൾക്ക‌് കിരീടം. ദേശീയ സ‌്കൂൾ സീനിയർ (അണ്ടർ–- 19) അത‌്‌ലറ്റിക‌് മീറ്റിൽ ആറ‌ു സ്വർണവും ഏഴ‌ു വെള്ളിയും രണ്ട‌് വെങ്കലവുമടക്കം 104 പോയിന്റോടെയാണ‌് ആധികാരിക വിജയം. രണ്ടാമതെത്തിയ തമിഴ‌്നാട‌് മൂന്ന‌് സ്വർണവും രണ്ട‌് വെള്ളിയും നാല‌് വെങ്കലവുമടക്കം 54 പോയിന്റ‌് നേടി. ഡൽഹിക്ക‌് മൂന്ന‌് സ്വർണമടക്കം 41.50 പോയിന്റ‌് ലഭിച്ചു.

കേരളത്തിന്റെ ക്യാപ‌്റ്റൻ അപർണ റോയിയും തമിഴ‌്നാടിന്റെ വേഗക്കാരി ഗിരിധാറാണിയും മികച്ച അത‌്‌ലീറ്റുകളായി. കഴിഞ്ഞവർഷം ഹരിയാനയിലെ റോത്തക്കിൽ പെൺകുട്ടികൾക്ക‌് ആറ‌ു സ്വർണവും മൂന്ന‌ു വെള്ളിയും നാല‌ു വെങ്കലവുമായിരുന്നു സമ്പാദ്യം. അവസാനദിവസം കേരളത്തിന‌് രണ്ട‌ു സ്വർണവും മൂന്ന‌ു വെള്ളിയും കിട്ടി.  

ട്രിപ്പിൾജമ്പിൽ സാന്ദ്രബാബു 12.52 മീറ്റർ ചാടി സ്വർണം കരസ്ഥമാക്കി. മാതിരപ്പള്ളി എംഎ കോളേജ‌് സ‌്പോർട‌്സ‌് ഹോസ‌്റ്റലിലെ പ്ലസ‌്ടുകാരി ലോങ‌്ജമ്പിലും ഒന്നാമതെത്തിയിരുന്നു. കോതമംഗലം സെന്റ‌് ജോർജ‌് സ‌്കൂളിലെ മെറിൻ ബിജു 12.20 മീറ്ററോടെ വെള്ളി നേടി. റിലേയിലെ ആധിപത്യം കേരളം തുടർന്നു. 4﹣-100 മീറ്റർ റിലേക്കു പിന്നാലെ 4﹣-400 മീറ്റർ റിലേയിലും വിജയം ആവർത്തിച്ചു. 4﹣-400 മീറ്റർ റിലേയിൽ ടി സൂര്യമോൾ (പൂവമ്പായി എഎംഎച്ച‌്എസ‌്), ജി രേഷ‌്മ (ചാരമംഗലം ഗവ. ഡിവിഎച്ച‌്എസ‌്), റിയ മോൾ ജോയ‌് (പാല സെന്റ‌് മേരീസ‌് എച്ച‌്എസ‌്), ട്രീസ മാത്യു (പുല്ലൂരാമ്പാറ സെന്റ‌് ജോസഫ‌്സ‌് സ‌്കൂൾ) എന്നിവരാണ‌് നയിച്ചത‌്. രണ്ടാമതോടിയ രേഷ‌്മയുടെ കുതിപ്പാണ‌് നിർണായകമായത‌്. പഞ്ചാബും ഗുജറാത്തും വെള്ളിയും വെങ്കലവും നേടി.

400 മീറ്റർ ഹർഡിൽസിൽ തലശേരി സായിയിലെ ഡെൽന ഫിലിപ്പ‌് (1:02.77) വെള്ളി നേടി. കർണാടകത്തിന്റെ കെ പ്രജ‌്നയ‌്ക്കാണ‌്(1:04.10) സ്വർണം. തമിഴ‌്നാടിന്റെ കെ ഭവാനി മൂന്നാമതായപ്പോൾ കേരളത്തിന്റെ ആർ ആരതി അഞ്ചാമതായി. മൂന്ന‌ുദിവസത്തെ മീറ്റിലെ ഏക  റെക്കോർഡ‌് 200 മീറ്ററിലാണ‌്. ആദ്യ മൂന്ന‌ുസ്ഥാനക്കാരും പഴയസമയം മറികടന്നു. ഡൽഹിയുടെ ഋതിക(24.14), കേരളത്തിന്റെ ആൻസി സോജൻ (24.50), തമിഴ‌്നാടിന്റെ മലയാളി അത‌്‌ലീറ്റ‌് സാന്ദ്ര തെരേസ മാർട്ടിൻ (24.62) എന്നിവർ ആദ്യ മൂന്നുസ്ഥാനം സ്വന്തമാക്കി. ബംഗാളിന്റെ രാജശ്രീ പ്രസാദ‌് 2017ൽ സ്ഥാപിച്ച  24.68 സെക്കൻഡ‌് മാഞ്ഞുപോയി.

800 മീറ്ററിൽ മിന്നു പി റോയ‌് നാലും അതുല്യ ഉദയൻ അഞ്ചും സ്ഥാനത്തേക്ക‌് പിന്തള്ളപ്പെട്ടു. ജാവലിൻത്രോയിൽ വി ഡി അഞ‌്ജലി എട്ടാമതായി. എൻ ഇന്ദുമതിക്ക‌് പതിനൊന്നാം സ്ഥാനം. ഇക്കുറി വെവ്വേറെയാക്കിയ സീനിയർ മീറ്റിൽ ആൺകുട്ടികളുടെ ചാമ്പ്യൻഷിപ‌് ഇതേ വേദിയിൽ 15ന‌് തുടങ്ങും. 37 അംഗ ആൺകുട്ടികളുടെ സംഘം ഇന്ന‌് രാത്രി എത്തും.


പ്രധാന വാർത്തകൾ
 Top