17 February Sunday

ഓസ്‌ട്രേലിയൻ ഒാപ്പണിന്‌ 14ന്‌ തുടക്കം: എല്ലാ കണ്ണുകളും സെറീനയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Jan 13, 2019

മെൽബൺ > ടെന്നീസ‌് ലോകത്തിന്റെ കണ്ണുകൾ ഇനി സെറീന വില്യംസിലായിരിക്കും. 14ന‌് തുടങ്ങുന്ന ഓസ‌്ട്രേലിയൻ ഓപ്പണോടെ സെറീനയുടെ റാക്കറ്റും  കളത്തിലിറങ്ങും. ഏറ്റവും കൂടുതൽ ഗ്രാൻഡ‌് സ്ലാമുകൾ നേടിയ മാർഗരറ്റ‌് കോർട്ടിനൊപ്പമെത്താൻ ഒരു കിരീടംകൂടി മതി സെറീനയ‌്ക്ക‌്. ഈ വർഷം അത‌് സംഭവിക്കുമോ?. 2019 സെറീനയ‌്ക്കും ടെന്നീസ‌് ലോകത്തിനും ഉത്തരം നൽകുന്ന വർഷംകൂടിയാണ‌്.

ഈ വീരവനിതയുടെ കളിജീവിതത്തിന‌് 23 വർഷമായി. 23 ഗ്രാൻഡ‌് സ്ലാമുകൾ, 4 ഒളിമ്പിക‌് സ്വർണം, 9 കോടി ഡോളറോളം സമ്മാനത്തുക. നേട്ടങ്ങളുടെ എണ്ണപ്പെരുപ്പം മാത്രമല്ല, സെറീന. പ്രതിസന്ധികളിൽ പതറാത്ത ആത്മധൈര്യത്തിന്റെ പര്യായംകൂടിയാണ‌്. 2017ൽ ഓസ‌്‌ട്രേലിയൻ ഓപ്പൺ നേടുമ്പോൾ  രണ്ടുമാസം ഗർഭിണിയായിരുന്നു.  പ്രസവത്തോടനുബന്ധിച്ച‌് മറ്റ‌് ചില ശസ‌്ത്രക്രിയകൾകൂടി അനിവാര്യമായതോടെ ആരോഗ്യം ഗുരുതരമായി. എല്ലാം അതിജീവിച്ച സെറീന, നിശ‌്ചയദാർഢ്യത്തോടെ വീണ്ടും കളത്തിലിറങ്ങി.

2018ൽ വിംബിൾഡണിലും യുഎസ‌് ഓപ്പണിലും  ഫൈനലിലെത്തി. യുഎസ‌് ഓപ്പണിലെ ഫൈനലിൽ സെറീനയുടെ പെരുമാറ്റം വിമർശിക്കപ്പെട്ടു. അമ്പയറെ കള്ളനെന്നും നുണയനെന്നും സെറീന വിളിച്ചു. ഇതിന‌് പിഴകെട്ടേണ്ടതായും വന്നു. എന്നാലും സെറീനയുടെ നേട്ടങ്ങൾക്കുമുന്നിൽ ഇത്തരം ക്ഷേ‌ാഭങ്ങൾ  അപ്രസക്തമാണെന്ന‌് ക്രിസ‌് എവർട്ട‌് അഭിപ്രായപ്പെട്ടു. 18 ഗ്രാൻഡ്‌സ്ലാം കിരീടങ്ങളുടെ അവകാശിയാണ‌് ക്രിസ‌് എവർട്ട‌്.

വനിതാ ടെന്നീസിൽ ഇത്രയും കരുത്തുള്ള കളിക്കാരിയില്ലെന്നാണ‌് ക്രിസ‌് എവർട്ടിന്റെ അഭിപ്രായം. മാർഗരറ്റ‌് കോർട്ട‌് 24 ഗ്രാൻഡ‌്‌സ്ലാമുകൾ നേടിയത‌് 1950 മുതലുള്ള രണ്ട‌് പതിറ്റാണ്ടുകൾക്കിടയിലാണ‌്.  അതിൽനിന്ന‌് ടെന്നീസ‌് ഏറെ മാറിയിരിക്കുന്നു. പക്ഷെ, നേട്ടങ്ങളുടെ റെക്കോഡുകൾ കാലത്തിന്റെ  മാറ്റം കൊണ്ട‌് അപ്രസക്തമാകുന്നില്ല. അത‌് തിരുത്താനുള്ള ഊർജം സംഭരിക്കുകതന്നെ വേണം.

കൂടുതൽ ശക്തയായാണ‌് സെറീന ഈ വർഷം മെൽബണിലെത്തുന്നത‌്. കളിയുടെ വേഗം കൂടിയിട്ടുണ്ട‌്. ശരീരഭാരം കുറച്ചു. ഹോപ‌്മാൻസ‌് കപ്പിൽ ഇത‌് പ്രകടമായി. പുരുഷവിഭാഗത്തിലെപേ‌ാലെ എതിരാളികളെ മുൻക്കൂട്ടി കാണാനാവില്ല വനിതാവിഭാഗത്തിൽ. പുരുഷന്മാരിൽ പറയാൻ സ്ഥിരംപേരുകളുണ്ട‌്. റോജർ ഫെഡറർ, റാഫേൽ നദാൽ, നൊവാക‌് യൊക്കോവിച്ച‌്, ആൻഡി മറെ.

വനിതകളിൽ സെറീനയുടെ പ്രതിയോഗി ആരെന്ന‌് പ്രവചിക്കാനാവില്ല. കഴിഞ്ഞ രണ്ട‌ു വർഷത്തിൽ ഗ്രാൻഡ‌്സ്ലാമുകൾ നേടിയത‌് വിവിധ വനിതകളാണ‌്. 2017ൽ ഓസ‌്ട്രേലിയൻ ഓപ്പൺ നേടി സെറീന കളം വിട്ടപ്പോൾ  ഫ്രഞ്ച‌് ഓപ്പൺ നേടിയത‌് ജെലീന ‌ഒസ‌്റ്റപെങ്കോ. വിംബിൾഡൺ ജേത്രിയായത‌് ഗാർബിന മുഗുരുസ. സ‌്ലൊവാനെ സ‌്റ്റീഫൻസ‌് യുഎസ‌് ഓപ്പൺ നേടി. 2018ൽ കരോളിൻ ഓസ‌്നിയാക്കി (ഓസ‌്ട്രേലിയൻ ഓപ്പൺ), സിമോണ ഹാലെപ‌് (ഫ്രഞ്ച‌്), ആഞ്ചലീക്വെ കെർബെർ (വിംബിൾഡൺ), നവോമി ഒസാക (യുഎസ‌്) എന്നിവരാണ‌് ചാമ്പ്യൻമാരായത‌്.

ഇവർക്കൊപ്പം കരുതിയിരിക്കേണ്ട കളിക്കാരിയാണ‌് ആര്യന സബാലെങ്ക. ബെലാറുസിൽനിന്നുള്ള ഈ ഇരുപതുകാരി ഓസ‌്ട്രേലിയൻ ഓപ്പൺ നേടുമെന്നാണ‌് അമേരിക്കയുടെ ഡേവിസ‌്‌ കപ്പ‌് ക്യാപ‌്റ്റൻ പാട്രിക്ക‌് മക്കെൻറോയുടെ പ്രവചനം. അപാരമായ മികവാണ‌് ഈ ആറടിക്കാരിക്കെന്ന‌് മക്കെൻറോ പറയുന്നു.

പുരുഷന്മാരിൽ ഫെഡറർതന്നെയാണ‌് ശ്രദ്ധേയതാരം. 20–-ാം ഗ്രാൻഡ‌്സ്ലാം തേടിയാണ‌് ഈ മുപ്പത്തേഴുകാരൻ ഇറങ്ങുന്നത‌്. യൊക്കോവിച്ച‌്, നദാൽ എന്നിവർ എതിരാളികളായുണ്ട‌്. പരിക്കിൽനിന്നും പൂർണ വിമുക്തനല്ലെങ്കിലും ആൻഡി മറെയുമുണ്ട‌് വെല്ലുവിളിക്കാൻ.


പ്രധാന വാർത്തകൾ
 Top