13 December Friday

സഞ്ജുവിന്‌ ഇനിയും കാത്തിരിപ്പോ?

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2019


നാഗ്‌പുർ
കേരളത്തിന്റെ സഞ്ജു സാംസന്റെ കാത്തിരിപ്പ്‌ നീളുന്നു. ബംഗ്ലാദേശിനെതിരായ മൂന്നു മത്സര ട്വന്റി–-20 പരമ്പരയിൽ ഇടംപിടിച്ച സഞ്ജുവിന്‌ ഒരു കളിയിലും അവസരം നൽകിയില്ല. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ നാലുവർഷത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ തിരുവനന്തപുരത്തുകാരൻ ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയത്‌.

ബാറ്റ്‌സ്‌മാനായാണ്‌ ഇരുപത്തഞ്ചുകാരനെ പരിഗണിച്ചത്‌. വിക്കറ്റ്‌ കീപ്പറായ ഋഷഭ്‌ പന്ത്‌ പരമ്പരയിൽ മങ്ങിയിട്ടും സഞ്ജുവിന്‌ അവസരം കിട്ടിയില്ല. പന്തിനുള്ള മുൻഗണന ബംഗ്ലാദേശ്‌ പരമ്പരയിലും ഇന്ത്യൻ ടീം മാനേജ്‌മെന്റ്‌ തുടർന്നു. ഡൽഹിയിൽ നടന്ന ആദ്യമത്സരത്തിൽ 27 റണ്ണായിരുന്നു ഡൽഹിക്കാരന്റെ സമ്പാദ്യം. അതിനാകട്ടെ 26 പന്തുകൾ വേണ്ടിവന്നു.

രാജ്‌കോട്ടിൽ ബാറ്റ്‌ ചെയ്യേണ്ടിവന്നില്ല. എന്നാൽ, വിക്കറ്റിനുപിറകിൽ പൂർണ പരാജയമായിരുന്നു. സ്‌റ്റമ്പിനു മുൻവശത്തുനിന്ന്‌ സ്റ്റമ്പിങ്‌ നടത്തിയതും ഡിആർഎസ്‌ വഴി എതിരാളിയെ പുറത്താക്കാനുള്ള അവസരം നഷ്‌ടപ്പെടുത്തിയതും ടീം മാനേജ്‌മെന്റ്‌ കാര്യമാക്കിയില്ല. നാഗ്‌പുരിലെ അവസാന കളിയിൽ ആറു റണ്ണെടുത്ത്‌ മടങ്ങി. സൗമ്യ സർക്കാരിന്റെ പന്തിൽ അനാവശ്യ ഷോട്ടിന്‌ ശ്രമിച്ച്‌ ക്ലീൻ ബൗൾഡ്‌. ‌തെറ്റുകൾ ആവർത്തിച്ചുകൊണ്ടേയിരിക്കുകയാണ്‌ പന്ത്‌. ലോകകപ്പിനുശേഷം ലഭിച്ച മൂന്നു പരമ്പരകളിലും ഈ ഇരുപത്തിരണ്ടുകാരന്‌ കഴിവ്‌ തെളിയിക്കാനായിട്ടില്ല.

പരമ്പരയിൽ ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറ്റംകുറിച്ച മുംബൈക്കാരൻ ശിവം ദുബെയ്‌ക്ക്‌ മൂന്നു കളികളിലും അവസരം നൽകി. അവസാന കളിയിലെ മൂന്ന്‌ വിക്കറ്റ്‌ പ്രകടനമല്ലാതെ ദയനീയമായിരുന്നു ദുബെയുടെയും പ്രകടനം. ഇവിടെയും സഞ്ജുവിന്‌ നറുക്കുവീണില്ല. അവസാന മത്സരത്തിൽ സഞ്ജു ഉണ്ടാകുമെന്ന്‌ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ക്രുണാൾ പാണ്ഡ്യക്കുപകരം മനീഷ്‌ പാണ്ഡെയെ ഉൾപ്പെടുത്തിയാണ്‌ ഇന്ത്യ ഇറങ്ങിയത്‌.

ഇനി ഡിസംബർ ആറിന്‌ ആരംഭിക്കുന്ന വെസ്റ്റിൻഡീസുമായുള്ള ട്വന്റി–-20 പരമ്പരയാണ്‌ ഇന്ത്യക്കുമുന്നിലുള്ളത്‌. സഞ്ജു കാത്തിരിക്കുകയാണ്‌.


പ്രധാന വാർത്തകൾ
 Top