ടൂറിൻ
യുവന്റസിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നിരാശയിൽ. എ സി മിലാനെതിരായ മത്സരത്തിൽ 55–-ാം മിനിറ്റിൽ മൈതാനത്തുനിന്ന് പിൻവലിച്ചതാണ് റൊണാൾഡോയെ ചൊടിപ്പിച്ചത്. പരിശീലകൻ മൗറീസിയോ സാറിയുടെ തീരുമാനത്തിൽ പരസ്യമായി നീരസം പ്രകടിപ്പിച്ചായിരുന്നു പോർച്ചുഗീസുകാരൻ കളം വിട്ടത്. യുവന്റസിന്റെ കളി പൂർത്തിയാകും മുമ്പ് റൊണാൾഡോ സ്റ്റേഡിയം വിട്ടെന്നാണ് സൂചന.
കളിയിൽ റൊണാൾഡോയ്ക്ക് പകരമെത്തിയ പൗലോ ഡിബാലയുടെ ഗോളിൽ യുവന്റസ് മത്സരം ജയിച്ചു. ചാമ്പ്യൻസ് ലീഗിൽ ലൊകോമോടീവ് മോസ്കോയ്ക്കെതിരായ കഴിഞ്ഞ മത്സരത്തിലും സാറി റൊണാൾഡോയെ കളിക്കിടെ പിൻവലിച്ചിരുന്നു. റൊണാൾഡോയുടെ കാൽമുട്ട് പരിക്ക് ഭീഷണിയിലാണെന്നും കളിക്കിടെ പുറത്തുപോകുമ്പോൾ ഏത് താരത്തിനും വിഷമം ഉണ്ടാകുമെന്നുമാണ് പരിശീലകൻ സാറിയുടെ പ്രതികരണം.