21 August Wednesday

റോഷൻ കാത്തിരിക്കുന്നു

സ്‌പോർട്‌സ്‌ ലേഖകൻUpdated: Monday Aug 12, 2019



കൊച്ചി
റോഷൻ വി ജിജി കാത്തിരിക്കുകയാണ്‌. കേരളത്തിന് കളിക്കണം, പിന്നെ ഇന്ത്യക്കും. രണ്ട്‌ ജേഴ്‌സിയും കപ്പിനും ചുണ്ടിനും ഇടയിൽ നഷ്‌ടപ്പെട്ടതാണ്‌.  കഴിഞ്ഞ തവണ സന്തോഷ്‌   ട്രോഫിക്കുള്ള കേരള ടീമിൽ റിസർവായിരുന്നു. അണ്ടർ 17 ലോകകപ്പ്‌ കളിച്ച ഇന്ത്യൻ ടീം ക്യാമ്പിലുമെത്തി.  സംസ്ഥാന സീനിയർ ഫുട്‌ബോളിൽ മികച്ച കളിക്കാരനായ ഈ വിങ്ങർ ലക്ഷ്യം നേടാനുള്ള കഠിനാധ്വാനത്തിലാണ്‌.

കൊച്ചിയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ  തൃശൂരിനെ ജേതാക്കളാക്കുന്നതിൽ നിർണായക പങ്കായിരുന്നു ഈ പത്തൊമ്പതുകാരന്റേത്‌.  
പാലക്കാടുമായുള്ള സെമിയിൽ ഇരട്ട ഗോൾ നേടി. ഫൈനലിൽ കോട്ടയത്തെ കീഴടക്കിയപ്പോൾ ആദ്യ ഗോൾ നേടി. സംസ്ഥാന ഫുട്‌ബോളിൽ മികച്ച പ്രകടനം നടത്താനായെന്ന്‌ റോഷൻ പറഞ്ഞു. ‘നല്ല അനുഭവമായിരുന്നു. സെമിയിലും ഫൈനലിലും നന്നായി കളിച്ചു. കേരളത്തിന്‌ കളിക്കാൻ കഴിയുമെന്നാണ്‌ പ്രതീക്ഷ’‐ റോഷൻ പറഞ്ഞു.

തൃശൂർ മണ്ണൂത്തിക്കടുത്ത്‌ ഒല്ലൂക്കര വട്ടത്തിച്ചിറയിൽ ജിജിമോന്റെ (മെഡിക്കൽ റപ്രസന്റേറ്റീവ്‌) മകനാണ്‌. കുട്ടനെല്ലൂർ റെഡ്‌സ്‌റ്റാർ അക്കാദമിയിലൂടെയാണ്‌ തുടക്കം. കേരളത്തിന്റെ അണ്ടർ 14, 16 ടീം അംഗമായിരുന്നു. ഗോവയിൽ നടന്ന ദേശീയ അണ്ടർ 16 ചാമ്പ്യൻഷിപ്പിൽ റോഷന്റെ കളി കണ്ട പുണെ എഫ്‌സി കോച്ച്‌ അങ്ങോട്ട്‌ ക്ഷണിച്ചു. അവിടെ പുണെ എഫ്സി‌യുടെയും പുണെ സിറ്റിയുടെയും ജൂനിയർ ടീമിൽ കളിച്ചു. പതിനാറാം വയസ്സിൽ ഗോകുലത്തിന്റെ ജൂനിയർ ടീമിലും കഴിഞ്ഞവർഷം കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ജൂനിയർ ടീമിലുമുണ്ടായിരുന്നു. ഇക്കുറി സന്തോഷ്‌ ട്രോഫിയാണ്‌ ലക്ഷ്യം. പുതിയ ക്ലബ്ബിൽ കളിക്കുന്നത്‌ അതിനുശേഷം തീരുമാനിക്കും.  അണ്ടർ 17 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനൊപ്പം ജർമനിയിലും ഓസ്‌ട്രിയയിലും പരിശീലനത്തിൽ പങ്കെടുത്തു. ഇപ്പോൾ തൃശൂർ സെന്റ്‌ തോമസ്‌ കോളേജിൽ രണ്ടാംവർഷ ബിരുദവിദ്യാർഥിയാണ്‌.


പ്രധാന വാർത്തകൾ
 Top