27 June Thursday

ലോകകപ്പ‌്: കംഗാരുക്കളെ പിടിക്കാൻ പാകി‌സ‌്ഥാൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019

പാകിസ്ഥാൻ കളിക്കാർ പരിശീലനത്തിൽ

ടോണ്ടൻ> ലോകകപ്പ‌് ക്രിക്കറ്റിൽ ടോണ്ടനിൽ ഇന്ന‌് പകൽ മൂന്നിന‌് ഓസ‌്ട്രേലിയ പാകിസ‌്ഥാനെ നേരിടും. കഴിഞ്ഞ 14 മത്സരങ്ങളിൽ ഇരു ടീമുകളും തമ്മിൽ ‌ഏറ്റുമുട്ടിയപ്പോൾ ഒരിക്കൽ മാത്രമാണ‌് പാകിസ‌്ഥാന‌് ജയിക്കാനായത‌്. എന്നാൽ ലോകകപ്പിൽ ഏറ്റവുമധികം സാധ്യത കൽപ്പിച്ചിരുന്ന ഇംഗ്ലണ്ടിനെ തോൽപ്പിച്ചെത്തുന്ന സർഫ്രാസ‌് അഹമ്മദിന്റെ സംഘത്തിന‌് ആരെയും തോൽപ്പിക്കാനാകുമെന്ന വിശ്വാസമുണ്ട‌്. മൂന്ന‌് കളികളിൽനിന്ന‌് മൂന്ന‌് പോയിന്റാണ‌് പാകിസ‌്ഥാന്റെ സമ്പാദ്യം.

ആദ്യ മത്സരത്തിൽ വിൻഡീസിനോട‌് തോറ്റെങ്കിലും ഇംഗ്ലണ്ടിനെ തോൽപ്പിച്ച‌് ട്രാക്കിലെത്തി. എന്നാൽ ശ്രീലങ്കയുമായുള്ള മത്സരം ഉപേക്ഷിച്ചത‌് പാകിസ‌്ഥാന‌് തിരിച്ചടിയാണ‌്. ജയത്തിലൂടെ നേടാമായിരുന്ന വിലപ്പെട്ട ഒരു പോയിന്റാണ‌് നഷ‌്ടമായത‌്. പട്ടികയിൽ എട്ടാമതാണ‌് പാകിസ‌്ഥാൻ. പാക‌് ബൗളർ മുഹമ്മദ‌് ആമിറിന്റെ കരിയറിൽ നിർണായക സ‌്ഥാനമുള്ള സ‌്റ്റേഡിയമാണ‌് ടോണ്ടണിലേത‌്‌. ഒത്തുകളി വിവാദത്തിന‌് ശേഷം ആമിർ ഒന്നാം ക്ലാസ‌് ക്രിക്കറ്റിലേക്ക‌്  തിരിച്ചെത്തുന്നത‌് ടോണ്ടണിലാണ‌്. മൂന്ന‌് വിക്കറ്റും അന്നെടുത്തു. വിൻഡീസിനെതിരായ മത്സരത്തിൽ മൂന്ന‌് വിക്കറ്റെടുത്ത‌് ആമിർ കരുത്ത‌് തെളിയിച്ചതാണ‌്. ആമിർ ഒഴിച്ചുള്ള ബൗ‌ളർമാർ താളം കണ്ടെത്താത്തത‌് പാകിസ‌്ഥാന‌് വെല്ലുവിളിയാണ‌്. ഇംഗ്ലണ്ടിനെതിരെ പുറത്തെടുത്ത ആക്രമാണാത്മകമായ ശൈലി തന്നെ തുടരുമെന്നാണ‌് സർഫ്രാ‌‌സ‌് പറയുന്നത‌്.

ഇന്ത്യയോട‌് 36 റണ്ണിന്റെ പരാജയം ഏറ്റുവാങ്ങിയാണ‌് ഓസ‌്ട്രേലിയ എ‌ത്തുന്നത‌്. ഓപ്പണർ ഡേവിഡ‌് വാർണർ പഴയ താളം കണ്ടെത്താത്തത‌് വെല്ലുവി‌ളിയാണ‌്. ഇന്ത്യക്കെതിരായ മത്സരത്തിൽ 84 പന്തിൽനിന്ന‌് 56 റണ്ണാണ‌് വാർണർ നേടിയത‌്. ഇതിൽ 48 പന്തിൽ റണ്ണെടുക്കാനേ കഴിഞ്ഞില്ല.

തിരിച്ചുവന്ന ശേഷം വാർണർക്ക‌് തി‌ളങ്ങാൻ സമയം നൽകണമെന്നാണ‌് ക്യാപ‌്റ്റൻ ഡേവിഡ‌് ഫിഞ്ച‌് പറയുന്നത‌്. മാർക്കസ‌് സ‌്റ്റോയിനിസ‌് പരിക്കുമൂലം ഓസ‌്ട്രേലിയൻ നിരയിലുണ്ടാകില്ല. ഇന്ത്യക്കെതിരായ തോൽവി തന്ത്രങ്ങൾ മാറ്റി ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നതല്ലെന്നും ബാറ്റിങ‌് നിരയിൽ വിശ്വാസമുണ്ടെന്നും കോച്ച‌് ജസ‌്റ്റിൻ ലാംഗർ പറഞ്ഞു. സാഹചര്യങ്ങൾ ആവശ്യപ്പെട്ടാൽ മാക‌്സ‌്‌വെല്ലിനെ ബാറ്റിങ‌് നിരയിൽ ഉയർത്താൻ സാധ്യതയുണ്ടെന്നും ലാംഗർ പറഞ്ഞു. മൂന്ന‌് മത്സരങ്ങളിൽ രണ്ട‌് വിജയമടക്കം നാല‌് പോയന്റുമായി പട്ടികയിൽ നാലാമതാണ‌് ഓസ‌ീസ‌്. ടോണ്ടനിൽ മഴ വില്ലാനാകാനും സാധ്യതയുണ്ട‌്.


പ്രധാന വാർത്തകൾ
 Top