25 July Sunday

കളം ഒഴിഞ്ഞ്‌ കേരളവും

ജിജോ ജോർജ്‌Updated: Thursday Mar 12, 2020


മലപ്പുറം
കോവിഡ്‌–-19ന്റെ സാഹചര്യത്തിൽ കേരളത്തിന്റെ കളിക്കളങ്ങളിലും ആരവങ്ങൾ ഒഴിയുന്നു. സംസ്ഥാന സ്‌പോർട്‌സ്‌ കൗൺസിലിന്റെ കീഴിലുള്ള സ്‌പോർട്‌സ്‌ അക്കാദമികൾക്കും ഹോസ്‌റ്റലുകൾക്കും അവധി പ്രഖ്യാപിച്ചു. 31 വരെയുള്ള ടൂർണമെന്റുകളെല്ലാം മാറ്റിവയ്‌ക്കാൻ സംസ്ഥാന വോളിബോൾ അസോസിയേഷൻ ജില്ലാ അസോസിയേഷനുകൾക്കും അഫിലിയേറ്റഡ്‌ ക്ലബ്ബുകൾക്കും നിർദേശം നൽകി.

സംസ്ഥാനത്ത്‌ നടക്കുന്ന സെവൻസ്‌ ഫുട്‌ബോൾ ടൂർണമെന്റുകൾ നിർത്തിവച്ചു. പ്രധാന മേളകളൊന്നും നടക്കുന്ന സമയമല്ലാത്തതിനാൽ അത്‌ലറ്റിക്‌സിനെയും ഫുട്‌ബോളിനെയും കാര്യമായി ബാധിച്ചിട്ടില്ല. അവധിക്കാല ക്യാമ്പുകൾ നടത്തുന്നതിലും ആശങ്കയുണ്ട്‌. സന്തോഷ്‌ ട്രോഫി കേരള ടീമിന്റെ പരിശീലന ക്യാമ്പും ഏപ്രിൽ ആറുമുതൽ ഭോപ്പാലിൽ നടക്കേണ്ട ജൂനിയർ അത്‌ലറ്റിക്‌ ഫെഡറേഷൻ കപ്പും നേരത്തെ മാറ്റിയിരുന്നു. എല്ലാ ക്രിക്കറ്റ്‌ മത്സരങ്ങളും നിർത്തി. സർക്കാരിന്റെ മാരത്തൺ മാറ്റിവച്ചു.

ഹോസ്‌റ്റലുകൾക്ക്‌ അവധി
സ്‌കൂൾ, കോളേജ്‌ സ്‌പോർട്‌സ്‌ അക്കാദമികൾക്കും എലൈറ്റ്‌, ഓപ്പറേഷൻ ഒളിമ്പ്യ അക്കാദമികൾക്കും അവധി നൽകി. ഹോസ്‌റ്റലുകളിലെ പരിശീലകർ ജില്ലാ സ്‌പോർട്‌സ്‌ കൗൺസിലുകളിൽ ചുമതല ഏൽക്കണം. അടുത്ത മാസം പരീക്ഷയുള്ളവരും ദൂരെയുള്ള വീടുകളുള്ളവരുമാണെങ്കിൽ പരീക്ഷ അടുപ്പിച്ചു മാത്രം ഹോസ്‌റ്റലിൽ വന്നാൽ മതി. പരീക്ഷാസംബന്ധമായി ഹോസ്‌റ്റലിൽ നിൽക്കുന്ന കുട്ടികൾ ജില്ലാ സ്‌പോർട്‌സ്‌ കൗൺസിൽവഴി സംസ്ഥാന കൗൺസിലിന്റെ അനുമതി വാങ്ങണം. സംസ്ഥാന സർക്കാരിന്റെ പുതിയ തീരുമാനങ്ങൾക്കനുസരിച്ചായിരിക്കും തുടർ നടപടിയെന്ന്‌ സംസ്ഥാന സ്‌പോർട്‌സ്‌ കൗൺസിൽ പ്രസിഡന്റ്‌ മേഴ്‌സി കുട്ടൻ പറഞ്ഞു.

സെവൻസിന്‌ തിരിച്ചടി
പ്രദേശിക ക്ലബ്ബുകൾ നടത്തുന്ന വോളിബോൾ ടൂർണമെന്റുകളെയാണ്‌ പ്രധാനമായും വൈറസ്‌ ബാധിച്ചത്‌. കേരളത്തിൽ പത്തോളം പ്രാദേശിക വോളിബോൾ ടൂർണമെന്റുകൾ മാറ്റിവച്ചു. മഴക്കാലത്തിനുമുമ്പ്‌ ഫെബ്രുവരിമുതൽ മെയ്‌ പകുതിവരെയുള്ള കാലയളവിലാണ്‌ പ്രധാനമായും വോളി ടൂർണമെന്റുകൾ നടക്കുക. 31 വരെ മാറ്റിയ ചാമ്പ്യൻഷിപ്പുകൾ നടക്കണമെങ്കിൽ ഇനി ഏപ്രിൽ പകുതിവരെയെങ്കിലും കാത്തിരിക്കണം. പ്രാദേശിക മേളകൾ അധികവും സ്‌പോൺസർമാരെ കണ്ടെത്തിയും പരസ്യംപിടിച്ചുമാണ്‌ നടത്താറുള്ളത്‌. പുതിയ സാഹചര്യത്തിൽ സ്‌പോൺസർഷിപ്‌ കിട്ടുന്നത്‌ കുറയും. ഇത്‌ മേളകളുടെ നടത്തിപ്പുകാരെ വെട്ടിലാക്കും.
സംസ്ഥാനത്ത്‌ നടക്കുന്ന അഞ്ച്‌ സെവൻസ്‌ ടൂർണമെന്റ്‌ നിർത്തിയതായി സെവൻസ്‌ ഫുട്‌ബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ കെ എം ലെനിൻ പറഞ്ഞു. പെരുമ്പാവൂർ, പാണ്ടിക്കാട്‌, സുൽത്താൻ ബത്തേരി, ഒറ്റപ്പാലം, വളാഞ്ചേരി എന്നിവിടങ്ങളിൽ നടക്കുന്ന ടൂർണമെന്റുകളാണ്‌ മാറ്റിയത്‌.

ക്രിക്കറ്റിന്‌ വിലക്ക്‌
മുൻകരുതലായി എല്ലാ പരിപാടികളും താൽക്കാലികമായി നിർത്തിവയ്‌ക്കണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ നിർദേശം നൽകി. പരിശീലന ക്യാമ്പുകൾ, ലീഗ് മത്സരങ്ങൾ, പ്രാക്ടീസ് നെറ്റുകൾ, സെലക്‌ഷൻ ട്രയലുകൾ, ഗ്രൂപ്പ് ഒത്തുചേരൽ തുടങ്ങിയവയെല്ലാം 31 വരെ നടത്തരുതെന്നാണ് നിർദേശം. അക്കാദമി ഹോസ്റ്റലുകൾ, ജിംനേഷ്യം, ഫിറ്റ്‌നസ് സെന്ററുകൾ എന്നിവയുടെ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സജൻ കെ വർഗീസ്, സെക്രട്ടറി അഡ്വ. ശ്രീജിത്ത് വി നായർ എന്നിവർ അറിയിച്ചു. 

മാരത്തൺ പിന്നീട്‌
സംസ്ഥാന കായികവകുപ്പ് നടത്താനിരുന്ന മാരത്തണും ബീച്ച്‌ ഗെയിംസ്‌ ഫുട്‌ബോളും മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും. 15ന് എറണാകുളത്ത് മിനി മാരത്തണും 22ന്  തിരുവനന്തപുരത്ത് മെഗാ മാരത്തണും നടക്കേണ്ടിയിരുന്നു. ഈ മാസം അവസാനം  ശംഖുമുഖത്ത് നടക്കേണ്ടിയിരുന്ന സംസ്ഥാനതല ബീച്ച്‌ ഗെയിംസിന്റെ ഫുട്‌ബോൾ മത്സരവുമാണ് മാറ്റിവയ്‌ക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top