26 August Monday

‘6‐0’ സാറിയുടെ ഉറക്കം കെടുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019


ലണ്ടൻ
ഇത്തിഹാദ‌് സ‌്റ്റേഡിയത്തിൽ മൗറീസിയോ സാറി കണ്ടത്‌ ഒരു ദുഃസ്വപ്‌നമായിരുന്നോ, അല്ല.  ഞെട്ടിയുണരുമ്പോൾ ചെൽസി ആറ‌് ഗോ‌ളിന‌് തോറ്റിരിക്കുന്നു. കൂടാരത്തിലേക്ക‌് മടങ്ങുമ്പോൾ മാഞ്ചസ‌്റ്റർ സിറ്റി പരിശീലകൻ പെപ‌് ഗ്വാർഡിയോള ഹസ‌്തദാനത്തിനായി മുമ്പിൽ. സാറി കാണാത്ത രീതിയിൽ മടങ്ങി. തൊട്ടപ്പുറത്ത‌്, മൈതാനത്തിലേക്ക‌് ചെൽസി ആരാധകൻ തന്റെ അംഗത്വ കാർഡ‌് വലിച്ചെറിഞ്ഞു. ഇംഗ്ലീഷ‌് പ്രീമിയർ ലീഗ‌് ഫുട‌്ബോളിൽ സിറ്റി ആഘോഷിച്ചപ്പോൾ ചെൽസി, ഇതുവരെ അനുഭവിക്കാത്ത അപമാനത്തിൽ നീറി. ചെൽസി പരിശീലകൻ സാറി പുറത്തേക്കുള്ള വഴിയിലാണ‌്. ചെൽസി പോയിന്റ‌് പട്ടികയിൽ ആറാം സ്ഥാനത്തേക്ക‌്‌ പതിച്ചു. അവസാന രണ്ട‌് കളിയിൽ വഴങ്ങിയത‌് 10 ഗോൾ.

ആറ‌് ഗോളിനാണ‌് സിറ്റി ചെൽസിയെ തകർത്തുകളഞ്ഞത‌്. അതിൽ നാലെണ്ണം 25 മിനിറ്റിനുള്ളിൽ. ഗ്വാർഡിയോളയെന്ന മാന്ത്രികന‌് കീഴിൽ സിറ്റി  മൈതാനം ഭരിച്ചു. സെർജിയോ അഗ്വേറോ ആ പോരിന്റെ നായകനായി. അഗ്വേറോ ഹാട്രിക‌്‌ നേടി. ന്യൂകാസിൽ യുണൈറ്റഡിനോട‌് തോറ്റപ്പോൾ സിറ്റി പതറിയെന്ന‌് കണക്കുകൂട്ടിയവരുടെ മുന്നിലേക്കാണ‌് ഗ്വാർഡിയോള ഈ ജയം വച്ചുനീട്ടിയത‌്. ചെൽസിയെന്ന വമ്പൻ ക്ലബ്ബിനെതിരെ നേടിയ ഈ ഉശിരൻ ജയം ഈ സീസണിൽ സിറ്റിയുടെ കിരീടപ്പോരിന‌് ഊർജം നൽകും. നിലവിൽ പട്ടികയിൽ ഒന്നാമതാണ‌് സിറ്റി. 65 പോയിന്റ‌്. ഗോൾ വ്യത്യാസത്തിൽ ലിവർപൂളിനെ മറികടന്നു. ലിവർപൂളിന‌് ഒരു കളി കുറവുണ്ട‌്. പക്ഷേ, സിറ്റിയുടെ ജയം ലിവർപൂളിനെ സമ്മർദത്തിലാക്കി. ഇനി സിറ്റി–-ലിവർപൂൾ കിരീടപ്പോര‌് ഒന്നുകൂടി മുറുകും.

ഇത്തിഹാദിൽ ചെൽസിയുടെ ഹൃദയം നഷ്ടമായിരുന്നു. പൊരുതാനുള്ള ചങ്കുറപ്പ‌് ഉണ്ടായില്ല. എങ്ങനെ കളിക്കണമെന്ന വ്യക്തമായ പദ്ധതിയുണ്ടായില്ല. നാലാം മിനിറ്റിൽ റഹീം സ‌്റ്റെർലിങ്ങിന്റെ ഫ്രീകിക്കിൽ അവരുടെ  തകർച്ചതുടങ്ങി. പിന്നെ അഗ്വേറോ ഗോളടിച്ചുകൂട്ടിയപ്പോൾ ചെൽസി പ്രതിരോധം  വിളറി.അഗ്വേറോ റെക്കോഡിലാണ‌്. ഏറ്റവും കൂടുതൽ ഹാട്രിക‌് നേടിയതിൽ അലൻ ഷിയറർക്കൊപ്പമെത്തി–-11 ഹാട്രിക‌്. ഇടയ‌്ക്കൊന്ന‌് മങ്ങിപ്പോയ ഈ അർജന്റീനക്കാരന‌് മൂർച്ച നൽകിയത‌് ഗ്വാർഡിയോളയാണ‌്. ചെൽസിയുടെ പ്രതിരോധത്തെ  വെള്ളംകുടിപ്പിച്ചു അഗ്വേറോ.

ചെൽസി കളി മറന്നു. മാർകോസ‌് അലോൺസോയ‌്ക്ക‌് കളിഗതി മനസ്സിലായില്ല. സിറ്റി ഈ സീസണിൽ സ്വന്തമാക്കണമെന്ന‌് ഏറെ കൊതിച്ച ജോർജീന്യോ മത്സരത്തിൽ ചെൽസിയുടെ ഏറ്റവും വലിയ പരാജയമായി മാറി. ഓടാനറിയാതെ, തടയാനറിയാതെ, ജോർജീന്യോ യുദ്ധക്കളത്തിൽ ആയുധം നഷ്ടപ്പെട്ടവനെപ്പൊലെയായി. ആകെ ചെയ‌്തത‌് മൈനസ‌് പാസുകളാണ‌്. ഏദെൻ ഹസാർഡും എൻഗോളോ കാന്റെയുംവരെ നിറംകെട്ടു.  ചെൽസി അനിവാര്യമായ പതനം ഏറ്റുവാങ്ങി. സിറ്റി കിരീടപ്പോരിലേക്ക‌് കച്ചമുറുക്കി.

ലൂയിസ‌് ഫിലിപ്പ‌് സ‌്കൊളാരി, ആന്ദ്രേ വില്ലാസ‌് ബോസ‌് എന്നിവരുടെ വഴിയെയാണ‌് സാറിയും. ചെൽസിയിൽ  സാറിയുടെ നാളുകൾ എണ്ണപ്പെട്ടു.


പ്രധാന വാർത്തകൾ
 Top