30 September Wednesday

മുംബൈയിൽ ഇന്ന്‌ ‘ഫൈനൽ’

വെബ് ഡെസ്‌ക്‌Updated: Wednesday Dec 11, 2019

ശിവം ദുബെ പരിശീലനത്തിൽ


മുംബൈ
സിക്‌സറുകളാണ്‌ വെസ്‌റ്റിൻഡീസുകാരുടെ ഹരം. ഹൈദരാബാദിൽ 15ഉം തിരുവനന്തപുരത്ത്‌ 12ഉം സിക്‌സറുകൾ വിൻഡീസ്‌ ബാറ്റ്‌സ്‌മാൻമാർ പറത്തി. ഇന്ന്‌ കളി മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിലാണ്‌. കരുത്തോടെ ബാറ്റ്‌ വീശുക തന്നെയാണ്‌ വിൻഡീസിന്റെ തന്ത്രം.  ട്വന്റി–-20 പരമ്പരയിലെ അവസാന മത്സരമാണിന്ന്‌. നിലവിൽ ഇന്ത്യയും വിൻഡീസും ഓരോ കളി ജയിച്ച്‌ ഒപ്പം നിൽക്കുന്നു. ജയിക്കുന്ന ടീമിന്‌ കിരീടം. വാംഖഡെ വിൻഡീസിന്റെ പ്രിയപ്പെട്ട വേദിയാണ്‌. 2016ലെ ട്വന്റി–-20 ലോകകപ്പ്‌ സെമിയിൽ ഇവിടെവച്ചാണ്‌ വിൻഡീസ്‌ ഇന്ത്യയെ വീഴ്‌ത്തിയത്‌. തുടർന്ന്‌ ചാമ്പ്യൻമാരുമായി.

അന്നത്തെ ചാമ്പ്യൻമാർ ഇന്ന്‌ പത്താം റാങ്കിലേക്ക്‌ കൂപ്പുകുത്തിയെങ്കിലും അവരുടെ സിക്‌സർ കരുത്തിന്‌ ആഘാതമൊന്നും ഏറ്റിട്ടില്ല. വലിയ മൈതാനമാണെങ്കിലും പന്തിനെ അതിർത്തി കടത്താനുള്ള കരുത്തൊക്കെ ഈ വിൻഡീസ്‌ നിരയ്‌ക്കുണ്ട്‌. നിക്കോളാസ്‌ പുരാനും ഷിംറോൺ ഹെറ്റ്‌മെയറും ലെൻഡൽ സിമ്മൺസുമൊക്കെ കൂറ്റൻ സിക്‌സറുകൾ പായിക്കാൻ കെൽപ്പുള്ളവരാണ്‌. സിമ്മൺസ്‌ 2016 സെമിയിൽ അഞ്ച്‌ സിക്‌സറുകളാണ്‌ വാംഖഡെയിൽ പായിച്ചത്‌. സിമ്മൺസിന്റെ മികവ്‌ മാഞ്ഞിട്ടില്ലെന്ന്‌ തെളിയിക്കുന്നതായിരുന്നു കാര്യവട്ടത്തെ പ്രകടനം.

സിമ്മൺസും എവിൻ ലൂയിസും ക്യാപ്‌റ്റൻ കീറൺ പൊള്ളാർഡുമെല്ലാം ഐപിഎലിൽ മുംബൈ ഇന്ത്യൻസിനായി വാംഖഡെയിൽ ഏറെ കളിച്ചിട്ടുമുണ്ട്‌.
മറുവശത്ത്‌, ലോകകപ്പിനുള്ള തയ്യാറെടുപ്പ്‌ അത്ര ശുഭകരമല്ല ഇന്ത്യക്ക്‌. ചില പ്രധാന താരങ്ങൾ കൂടെയില്ലെങ്കിലും കളത്തിലെ മോശം പ്രകടനത്തിന്‌ അതൊരു കാരണമാകുന്നില്ല. പ്രത്യേകിച്ചും ഫീൽഡിങ്ങിൽ. സ്‌പിൻ ബൗളർമാരും നിറംകെട്ടു. ബാറ്റിങ്ങിൽ ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലിയും ലോകേഷ്‌ രാഹുലുമൊക്കെ മികവിലുണ്ട്‌. ഓൾ റൗണ്ടർ ശിവം ദുബെയുടെ അപ്രതീക്ഷിത പ്രകടനവും ആശാവഹം.  ടീമിൽ മാറ്റങ്ങളുണ്ടാകില്ലെന്നാണ്‌ സൂചന. മലയാളി താരം സഞ്‌ജു സാംസൺ ഇന്നും കളിച്ചേക്കില്ല. ക്യാച്ചുകൾ പാഴാക്കിയെങ്കിലും സ്‌പിന്നർ വാഷിങ്‌ടൺ സുന്ദറിന്റെ ബൗളിങ്‌ പ്രകടനം കാര്യവട്ടത്ത്‌ ഭേദപ്പെട്ടതായിരുന്നു. കുൽദീപ്‌ യാദവും പേസർ മുഹമ്മദ്‌ ഷമിയും അവസരം കാത്ത്‌ നിൽപ്പുണ്ട്‌. 

റണ്ണൊഴുകും പിച്ചാണ്‌ വാംഖഡെയിൽ.
ടീം: ഇന്ത്യ
രോഹിത്‌ ശർമ, ലോകേഷ്‌ രാഹുൽ, വിരാട്‌ കോഹ്‌ലി, ഋഷഭ്‌ പന്ത്‌, ശ്രേയസ്‌ അയ്യർ, ശിവം ദുബെ, രവീന്ദ്ര ജഡേജ, വാഷിങ്‌ടൺ സുന്ദർ, ദീപക്‌ ചഹാർ, ഭുവനേശ്വർ കുമാർ, യുശ്‌വേന്ദ്ര ചഹാൽ.

വെസ്‌റ്റിൻഡീസ്‌–- ലെൻഡൽ സിമ്മൺസ്‌, എവിൻ ലൂയിസ്‌, ബ്രണ്ടൻ കിങ്‌, ഷിംറോൺ ഹെറ്റ്‌മെയർ, നിക്കോളാസ്‌ പുരാൻ, കീറൺ പൊള്ളാർഡ്‌, ജാസൺ ഹോൾഡർ, ഖാരി പിയറി, കെസ്‌റിക് വില്യംസ്‌, ഷെൽഡൺ കോട്രെൽ, ഹെയ്‌ഡൻ വാൽഷ്‌ ജൂനിയർ.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top