17 September Tuesday

144, 142, 92, 211, 82 ; തുടരും സ്‌മിത്ത്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019



ഓവൽ
സ്‌റ്റീവ്‌ സ്‌മിത്ത്‌ ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ റാങ്കിങ്‌ പട്ടികയിൽ ഒന്നാംസ്ഥാനം നിലനിർത്തി. രണ്ടാമതുള്ള ഇന്ത്യൻ ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലിയേക്കാളും 34 പോയിന്റ്‌ മുന്നിലാണ്‌ സ്‌മിത്ത്‌.
നാളെ ആഷസ്‌ പരമ്പരയിലെ അവസാനമത്സരമാണ്‌. മൂന്ന്‌ ടെസ്‌റ്റിൽ, അഞ്ച്‌ ഇന്നിങ്‌സുകളിലായി 144, 142, 92, 211, 82 എന്നിങ്ങനെയാണ്‌ സ്‌മിത്തിന്റെ പ്രകടനം. ആകെ 671 റൺ.
പരമ്പരയിൽ 2–-1നുമുന്നിലാണ്‌ ഓസീസ്‌. കിരീടം നിലനിർത്തി.

ഒരുവർഷത്തെ വിലക്ക്‌ കഴിഞ്ഞാണ്‌ സ്‌മിത്ത്‌ ആഷസിൽ എത്തിയത്‌. ഇതിനിടെ രണ്ടാംടെസ്‌റ്റിൽ ഇംഗ്ലീഷ്‌ പേസർ ജോഫ്ര ആർച്ചെറുടെ ബൗൺസറിൽ കഴുത്തിൽ പതിച്ച്‌ ഒരു ഇന്നിങ്‌സും ഒരു ടെസ്‌റ്റും നഷ്ടമായി. തിരിച്ചെത്തിയത്‌ നാലാംടെസ്‌റ്റിൽ. ഇരട്ടസെഞ്ചുറിയുമായി ആഘോഷിച്ചു.

സ്‌മിത്ത്‌ ഇല്ലെങ്കിൽ ഓസീസും ഇംഗ്ലണ്ടും സമൻമാരാണെന്നായിരുന്നു ഇംഗ്ലണ്ട്‌ ക്യാപ്‌റ്റൻ ജോ റൂട്ടിന്റെ പ്രതികരണം. ഓസീസ്‌ തകർന്ന ഘട്ടത്തിലെല്ലാം സ്‌മിത്ത്‌ രക്ഷകനായി.
ഒരു ബാറ്റ്‌സ്‌മാന്‌ സാധ്യമാകുന്നതെല്ലാം സ്‌മിത്ത്‌ ചെയ്യുന്നുണ്ടെന്നായിരുന്നു മുൻ ഇംഗ്ലണ്ട്‌ ക്യാപ്‌റ്റൻ അലസ്‌റ്റയർ കുക്ക്‌ പറഞ്ഞത്‌. ‘സ്‌മിത്തിന്റെ ബാറ്റിങ്‌ രീതി വിചിത്രമാണ്‌. അസാധാരണ ഷോട്ടുകൾ. അതുല്യപ്രതിഭയാണ്‌’–- കുക്ക്‌ പറഞ്ഞു.

കണ്ണും കൈയും തമ്മിലുള്ള ഏകോപനമാണ്‌ ബാറ്റിങ്ങിൽ സ്‌മിത്തിനെ വ്യത്യസ്‌തനാക്കുന്നത്‌. പന്ത്‌ ബാറ്റിനരികെ തട്ടി പോകുന്നത്‌ അപൂർവം. ഇക്കാര്യത്തിൽ ഡോൺ ബ്രാഡ്‌മാൻമാത്രമാണ്‌ സ്‌മിത്തിനുമുന്നിൽ.

മുപ്പതുവയസ്സാണ്‌ സ്‌മിത്തിന്‌. ഇതിനകം 26 ടെസ്‌റ്റ്‌ സെഞ്ചുറികൾ കുറിച്ചു. പന്തുചുരണ്ടൽ വിവാദത്തെ തുടർന്നുണ്ടായ വിലക്കിൽ ഒരുവർഷം നഷ്ടമായി. ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിലായിരുന്നു തിരിച്ചുവരവ്‌. അന്നുമുതൽ ഇംഗ്ലീഷ്‌ കാണികൾ സ്‌മിത്തിനെ കൂവിവിളിക്കുന്നുണ്ട്‌. ആഷസിലും അത്‌ തുടർന്നു. സ്‌മിത്ത്‌ ബാറ്റുകൊണ്ട്‌ മറുപടി പറഞ്ഞു.
ഇംഗ്ലണ്ടിന്‌ നിർണായകമാണ്‌ അഞ്ചാംടെസ്‌റ്റ്‌. സ്‌മിത്തിനെ മെരുക്കുകയാണ്‌ അവരുടെ പരീക്ഷണം. സ്‌മിത്തിനെ വിടൂ, മറ്റുള്ളവർക്ക്‌ കഴിവ്‌ തെളിയിക്കേണ്ട അവസാനവേദിയാണ്‌ ഇതെന്നായിരുന്നു ഓസീസ്‌ പരിശീലകൻ ജസ്‌റ്റിൻ ലാംഗറുടെ പ്രതികരണം.

റൂട്ടിന്‌ സമ്മർദം
ഓവൽ
ആഷസിൽ തോറ്റ ക്യാപ്‌റ്റൻമാർക്ക്‌ രണ്ടാമത്‌ ഒരവസരം കൊടുക്കാറില്ല ഇംഗ്ലണ്ടുകാർ. ജോ റൂട്ടിന്‌ അതുനൽകി. എങ്കിലും റൂട്ട്‌ സമ്മർദത്തിലാണ്‌. മോശം ആഷസ്‌ പരമ്പരയാണ്‌ ഇംഗ്ലണ്ട്‌ ക്യാപ്‌റ്റന്‌. രണ്ട്‌ കളി തോറ്റു. രണ്ടുതവണ പരമ്പരയിൽ റണ്ണെടുക്കാതെ പുറത്തായി. ഒരു സെഞ്ചുറി പോലുമില്ല.

റൂട്ടിനുപകരം ഓൾ റൗണ്ടർ ബെൻ സ്‌റ്റോക്‌സിനെ ക്യാപ്‌റ്റനാക്കണമെന്ന അഭിപ്രായമുയരുന്നുണ്ട്‌. ക്യാപ്‌റ്റന്റെ സമ്മർദം റൂട്ടിന്റെ കളിയെയും ബാധിക്കുന്നു. ഓവലിൽ വ്യാഴാഴ്‌ച നടക്കുന്ന അഞ്ചാം ടെസ്‌റ്റിന്റെ ഫലം ഒരുപക്ഷേ, റൂട്ടിന്റെ ഭാവി തീരുമാനിക്കും.

 

 


പ്രധാന വാർത്തകൾ
 Top