15 November Friday
സ്‌റ്റെർലിങ്ങിന്‌ ഹാട്രിക്‌

ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌: സിറ്റി, ലിവർപൂൾ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2019

വെസ്‌റ്റ്‌ഹാം യുണൈറ്റഡിനെതിരെ ഹാട്രിക്‌ നേടിയ മാഞ്ചസ്‌റ്റർ സിറ്റിയുടെ റഹീം സ്‌റ്റെർലിങ്ങിന്റെ ആഹ്ലാദം


ലണ്ടൻ
ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോളിൽ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്‌റ്റർ സിറ്റിക്കും ലിവർപൂളിനും മിന്നുന്ന തുടക്കം. റഹീം സ്‌റ്റെർലിങ്ങിന്റെ ഹാട്രിക്‌ മികവിൽ സിറ്റി വെസ്‌റ്റ്‌ഹാം യുണൈറ്റഡ‌ിനെ അഞ്ച്‌ ഗോളിന്‌ തകർത്തു.ലിവർപൂൾ ഒന്നിനെതിരെ നാല്‌ ഗോളിന്‌ നോർവിച്ച്‌ സിറ്റിയെ മറികടന്നു.

സെർജിയോ അഗ്വേറോയെയും ബെർണാഡോ സിൽവയെയും ബെഞ്ചിലിരുത്തിയാണ്‌ പെപ്‌ ഗ്വാർഡിയോള വെസ്‌റ്റ്‌ ഹാമിനെതിരെ സിറ്റിയെ ഇറക്കിയത്‌. തുടക്കത്തിൽ പതറിയ സിറ്റി അരമണിക്കൂറിനുള്ളിൽ കളി പിടിച്ചു. ഗബ്രിയേൽ ജെസ്യൂസ്‌ ലക്ഷ്യംകണ്ടു. കെയ്‌ൽ വാൾക്കറാണ്‌ അവസരമൊരുക്കിയത്‌.

രണ്ടാം പകുതിയിലായിരുന്നു സ്‌റ്റെർലിങ്ങിന്റെ മിന്നുന്ന പ്രകടനം.  രണ്ടാംപകുതി തുടങ്ങി മിനിറ്റുകൾക്കുള്ളിൽ സ്‌റ്റെർലിങ്‌ വെസ്‌റ്റ്‌ഹാം വലകുലുക്കി. പിന്നാലെ സ്‌റ്റെർലിങ്‌ ഒരുക്കിയ അവസരത്തിൽ ജെസ്യൂസ്‌ വെസ്‌റ്റ്‌ഹാം ഗോൾകീപ്പർ ലൂക്കാസ്‌ ഫാബിയാൻസ്‌കിയെ കീഴടക്കി. എന്നാൽ, വീഡിയോ സഹായ സംവിധാനം (വാർ) പരിശോധനയിൽ സ്‌റ്റെർലിങ്‌ ഓഫ്‌ സൈഡാണെന്ന്‌ തെളിഞ്ഞതോടെ ഗോൾ റദ്ദാക്കി. പ്രീമിയർ ലീഗിൽ ആദ്യമായാണ്‌ വാർ സംവിധാനം ഉപയോഗിക്കുന്നത്‌.

പിന്നാലെ സ്‌റ്റെർലിങ്‌ രണ്ട്‌ ഗോൾ നേടി ഹാട്രിക്‌ പൂർത്തിയാക്കി. പകരക്കാരനായി ഇറങ്ങിയ അഗ്വേറോയും ഗോളടിച്ചു. അഗ്വേറോ അടിച്ച പെനൽറ്റി ഫാബിയാൻസ്‌കി തടുത്തിട്ടു. എന്നാൽ, വെസ്‌റ്റ്‌ ഹാം പ്രതിരോധക്കാരൻ ഡെക്ലാൻ റിസെ ഫൗളായെന്ന്‌ വാറിൽ തെളിഞ്ഞു. രണ്ടാമത്തെ അവസരത്തിൽ അഗ്വേറോ ലക്ഷ്യംകണ്ടു. നോർവിച്ചിനെതിരെ മുഹമ്മദ്‌ സലാ, വിർജിൽ വാൻ ഡിക്ക്‌, ഡിവോക്‌ ഒറിഗി എന്നിവർ ലിവർപൂളിനായി ഗോളടിച്ചു. ഒരെണ്ണം നോർവിച്ചിന്റെ ഹാൻലി ദാനമായി നൽകി. ജയത്തിനിടയിലും ഗോൾകീപ്പർ അലിസണിന്റെ പരിക്ക്‌ ലിവർപൂളിന്‌ തിരിച്ചടിയായി.


പ്രധാന വാർത്തകൾ
 Top