25 April Thursday

രണ്ടാം സെമി: ഇംഗ്ലണ്ടും ക്രൊയേഷ്യയും നേര്‍ക്കുനേര്‍; തീപാറും 90 മിനിറ്റും

വെബ് ഡെസ്‌ക്‌Updated: Wednesday Jul 11, 2018

മോസ്‌കോ > ലോകകപ്പിന്റെ രണ്ടാം സെമിയില്‍ ഇംഗ്ലണ്ടും ക്രൊയേഷ്യയും നേര്‍ക്കുനേര്‍. രാത്രി 11.30 നാണ് മത്സരം. ഇരു ടീമികളെ കുറിച്ചും വിശദമായി വിലയിരുത്തുന്നു.
 

 ക്രൊയേഷ്യ

ചരിത്രം
ലോകകപ്പ് സെമിയിൽ കടക്കുന്നത് രണ്ടാം തവണ. 1998ലാണ് ആദ്യം. ക്രൊയേഷ്യ ആദ്യമായി ലോകകപ്പിൽ കളിക്കുന്നത് ആ വർഷമാണ്. അതിനുമുമ്പ് യൂഗോസ്ലാവിയയുടെ ഭാഗമായിരുന്നു. 1998ൽ മൂന്നാംസ്ഥാനം നേടി. സെമിയിൽ ഫ്രാൻസിനോട് 1‐2ന് തോറ്റു. മൂന്നാംസ്ഥാനക്കാർക്കായുള്ള കളിയിൽ നെതർലൻഡ്സിനെ 2‐1ന് തോൽപ്പിച്ചു. തുടർന്നുള്ള ലോകകപ്പുകളിൽ ആദ്യ റൗണ്ട് കടക്കാൻ ക്രൊയേഷ്യക്ക് കഴിഞ്ഞില്ല.

2018
നൈജീരിയ     2‐0
അർജന്റീന     3‐0
ഐസ്ലൻഡ്     2‐1
ഡെൻമാർക്ക്     1‐1 (3‐2)
റഷ്യ     2‐2 (4‐3)
പ്രകടനം
കണക്കുകളിൽ
മത്സരം:     5
അടിച്ച ഗോൾ:     10
വഴങ്ങിയ ഗോൾ:     4
ആകെ ഷോട്ടുകൾ:     78
ലക്ഷ്യത്തിലേക്കുള്ളവ:     19
പെനൽറ്റി ഗോളുകൾ:     1
മഞ്ഞക്കാർഡ്:     12
ചുവപ്പുകാർഡ്:     0

കരുത്ത്
ഈ ലോകകപ്പിലെ ഏറ്റവും ഭാവനാസമ്പന്നമായ മധ്യനിരയാണ് ക്രൊയേഷ്യയുടേത്. അഞ്ചുപേരാണ് മധ്യനിരയിൽ. കൂടുതൽ സമയം പന്ത് കൈവശംവയ്ക്കാനും ആക്രമണം നയിക്കാനും ഇവർക്ക് കഴിയുന്നു. പ്രതിരോധത്തെയും സഹായിക്കും. ലൂക്കാ മോഡ്രിച്ച്‐ഇവാൻ റാകിടിച്ച് സഖ്യം നീക്കങ്ങളെ നയിക്കും. പ്രതിരോധത്തിൽ ഗോൾകീപ്പർ ഡാനിയേൽ സുബാസിച്ച് പ്രതീക്ഷയ്ക്കൊത്തുയർന്നു. ദെയാൻ ലോവ്റെൻ, ഡൊമഗോയ് വിദ, വെർദാൻ ക്രൊലൂക എന്നിവരാണ് പ്രതിരോധത്തിൽ.

ദൗബർല്യം
മോഡ്രിച്ചിനെ അമിതമായി ആശ്രയിക്കേണ്ടിവരുന്നു എന്നതാണ് ക്രൊയേഷ്യൻ ടീമിന്റെ ഏറ്റവും വലിയ ദൗർബല്യം. ഡെൻമാർക്ക്, റഷ്യ ടീമുകൾക്കെതിരായ മത്സരങ്ങളിൽ മോഡ്രിച്ചിനെ മാത്രം ആശ്രയിച്ചായിരുന്നു ക്രൊയേഷ്യയുടെ കളി. മധ്യനിരയിൽ റാകിടിച്ച്, ഇവാൻ പെരിസിച്ച്, ആന്റെ റെബിച്ച് എന്നിവരുടെ പ്രകടനം മികച്ചതായിരുന്നില്ല.

ഗോളടിക്കാരിൽ മരിയോ മാൻഡ്സുകിച്ചും ക്രമറിച്ചും പോര. ശക്തമായ പ്രതിരോധത്തെ മറികടക്കാനുള്ള വൈഭവം ഇവർക്കില്ല. സെറ്റ്പീസുകളിൽ പതറിപ്പോകുന്ന പ്രതിരോധമാണ് മറ്റൊരു പോരായ്മ. റഷ്യയോട് അവസാനനിമിഷം ഗോൾ വഴങ്ങിയത് ഈ ദൗർബല്യംകൊണ്ടാണ്. അവസാന രണ്ട് മത്സരങ്ങളും ഷൂട്ടൗട്ടിലേക്ക് നീണ്ടുപോയത് ക്രൊയേഷ്യൻ കളിക്കാരെ തളർത്തിയിട്ടുണ്ട്. റഷ്യയുമായുള്ള കളിയിൽ പരിക്കേറ്റ സിമെ വ്രസാൽകോ ഇന്ന് കളിക്കില്ല. കൊർലൂക്കയാകും പകരക്കാരൻ.

കളിരീതി
4‐2‐3‐1 എന്ന രീതിയിലാണ് കോച്ച് സ്ലാട്കോ ഡാലിച്ച് കളിക്കാരെ വിന്യസിക്കുക. മധ്യനിരയിലാണ് കളി. പ്രതിരോധത്തിൽ നാലുപേർ. സ്ട്രിനിച്ച്, വിദ, ലോവ്റെൻ, കൊർലൂക്ക എന്നിവരാകും. തൊട്ടുമുന്നിൽ മോഡ്രിച്ച്‐റാകിടിച്ച് സഖ്യം. മുന്നേറ്റവുമായി കണ്ണിചേരാൻ പെരിസിച്ച്‐ക്രമറിച്ച്‐റെബിച്ച് എന്നിവരുണ്ട്. മുന്നേറ്റത്തിൽ മാൻഡ്സുകിച്ചും.

ശ്രദ്ധേയതാരം ‐ ലൂക്കാ മോഡ്രിച്ച്
ഈ ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരിലൊരാൾ. അഞ്ച് കളിയിൽ രണ്ട് ഗോളടിച്ചു. ഒരെണ്ണത്തിന് അവസരമൊരുക്കി. കളംനിറഞ്ഞുകളിക്കും മോഡ്രിച്ച്. നിരന്തരം പാസുകളുമായി മുന്നേറും. മുന്നേറ്റത്തിലേക്ക് പന്തെത്തിക്കും. പ്രതിരോധവുമായി ഒത്തിണക്കംകാട്ടും. മോഡ്രിച്ചിനെ കേന്ദ്രീകരിച്ചാണ് ക്രൊയേഷ്യയുടെ കളി. ക്വാർട്ടറിൽ റഷ്യക്കെതിരെ മോഡ്രിച്ചിന്റേത് ഒറ്റയാൾ പോരാട്ടമായിരുന്നു.

സ്ലാട്കോ ഡാലിച്ച് (പരിശീലകൻ)
ധൈര്യമുള്ള പരിശീലകനാണ് ഡാലിച്ച്. 2017ലാണ് ഡാലിച്ച് ക്രൊയേഷ്യൻ ടീമിന്റെ പരിശീലകനാകുന്നത്. ഓരോ ടീമിലെയും മികച്ച കളിക്കാരെ എങ്ങനെ കൈകാര്യംചെയ്യണമെന്ന് ഡാലിച്ചിന് കൃത്യമായി അറിയാം.

സാധ്യതാ ടീം
ഗോൾകീപ്പർ: ഡാനിയേൽ സുബാസിച്ച്, പ്രതിരോധം: കൊർലൂക്ക, ദെയാൻ ലോവ്റെൻ, ഡൊമഗോയ് വിദ, ഇവാൻ സ്ട്രിനിച്ച്, മധ്യനിര: ഇവാൻ റാകിടിച്ച് മാഴ്സെലോ ബ്രൊസോവിച്ച്, ആന്റെ റെബിച്ച്, ലൂക്കാ മോഡ്രിച്ച്, ഇവാൻ പെരിസിച്ച്, മരിയോ മാൻഡ്സുകിച്ച്.
 

ഇംഗ്ലണ്ട്

ചരിത്രം
1966ലെ ചാമ്പ്യൻമാരാണ് ഇംഗ്ലണ്ട്. 1990ൽ സെമിയിലെത്തിയതാണ് അതിനുശേഷമുള്ള പ്രധാന നേട്ടം. 2014 ലോകകപ്പിൽ ഗ്രൂപ്പ്ഘട്ടത്തിൽ പുറത്തായി. 1950ലാണ് ഇംഗ്ലണ്ട് ആദ്യമായി ലോകകപ്പ് കളിക്കുന്നത്. ലോകകപ്പിൽ കളിക്കുന്നത് 15‐ാം തവണ.

2018
ടുണീഷ്യ     2‐1
പനാമ     6‐1
ബൽജിയം     0‐1
കൊളംബിയ     1‐1 (4‐3)
സ്വീഡൻ     2‐0
പ്രകടനം
കണക്കുകളിൽ
മത്സരം:     5
അടിച്ചഗോൾ:     11
വഴങ്ങിയ ഗോൾ:     4
ആകെ ശ്രമങ്ങൾ:     70
ലക്ഷ്യത്തിലേക്കുള്ളവ: 19
പെനൽറ്റി ഗോളുകൾ:     3
മഞ്ഞക്കാർഡ്:     5
ചുവപ്പുകാർഡ്:     0

കരുത്ത്
ഗോളി ജോർദാൻ പിക്ഫോർഡിന്റെ സാന്നിധ്യമാണ് ഇംഗ്ലണ്ടിന്റെ ഊർജം. കൊളംബിയ, സ്വീഡൻ ടീമുകൾക്കെതിരെ ഇംഗ്ലണ്ട് ജയിച്ചത് പിക്േഫാർഡിന്റെ മികവിലാണ്. പ്രതിരോധത്തിൽ  കെയ്ൽ വാൾകർ, ജോൺ സ്റ്റോൺസ്, ഹാരി മഗ്വെയർ ത്രയം ഏത് ആക്രമണത്തെയും ചെറുക്കാൻ കെൽപ്പുള്ളതാണ്.

മുന്നേറ്റത്തിൽ ഹാരി കെയ്നിന്റെ ഗോളടിമികവ് ഇംഗ്ലണ്ടിന് കരുത്തുനൽകുന്നു. സെറ്റ്പീസുകളിൽനിന്ന് ഗോളടിക്കാനുള്ള കഴിവാണ് ഇംഗ്ലണ്ടിനെ അപകടകാരികളാക്കുന്നത്. ആഷ്ലി യങ്, കീറൺ ട്രാപ്പിയർ എന്നിവർ വേഗം നൽകുന്നു. നേരിട്ടുള്ള ആക്രമണവും വേഗവുമാണ് ഇംഗ്ലണ്ടിന്റെ ശക്തി. മധ്യനിര ലോകോത്തരം. ആദ്യഈണ്ടിൽ അർജന്റീനയ്‌ക്കെതിരെ ക്രൊയേഷ്യക്ക്‌ ആധികാരിക ജയമൊരുക്കിയത്‌ മധ്യനിരയാണ്‌.

ദൗർബല്യം
മുന്നേറ്റത്തിൽ കെയ്നിന്റെ പങ്കാളി റഹീം സ്റ്റെർലിങ് ഇതുവരെ ഗോളടിച്ചിട്ടില്ല. കെയ്നിനെ കൃത്യമായി പ്രതിരോധിച്ചാൽ ഇംഗ്ലണ്ടിന് മറുവഴി എളുപ്പമല്ല. മധ്യനിരയിൽ ഡെലെ ആല്ലി സ്വീഡനെതിരെ ഗോളടിച്ചെങ്കിലും പ്രകടനം മോശമാണ്. ഗോൾ വഴങ്ങിയാൽ തിരിച്ചുവരാനുള്ള ഊർജം ഇംഗ്ലണ്ടിന് ഉണ്ടാകാറില്ല.  മധ്യനിരക്കാരൻ ജോർദാൻ ഹെൻഡേഴ്സണ് പരിക്കുണ്ട്. കളിക്കുന്ന കാര്യത്തിൽ ഉറപ്പില്ല. ഹെൻഡേഴ്സൺ കളിച്ചില്ലെങ്കിൽ   ടീമിനെ കാര്യമായി ബാധിക്കും.

കളിരീതി
3‐5‐2 രീതിയാണ് കോച്ച് ഗാരെത് സൗത്ഗേറ്റിന് പഥ്യം. പ്രതിരോധത്തിൽ കെയ്ൽ വാൾകർ, ജോൺ സ്റ്റോൺസ്, ഹാരി മഗ്വെയർ സഖ്യം. മധ്യനിരയിൽ അഞ്ചുപേർ. ഇതിൽ ആഷ്ലി യങ്ങിനും കീറൺ ട്രാപ്പിയറിനും വശങ്ങളിൽക്കൂടി അതിവേഗം നീക്കം നടത്താനുള്ള ചുമതലയാണ്. ജെസി ലിങ്ഗാർഡ്, ഹെൻഡേഴ്സൺ, ഡെലെ ആല്ലി എന്നിവർക്കായിരുന്നു ഇതുവരെ മധ്യനിരയുടെ ചുമതല. ഇന്ന് മാറ്റംവന്നേക്കാം. മുന്നേറ്റത്തിൽ കെയ്നും സ്റ്റെർലിങ്ങും.

ശ്രദ്ധേയതാരം ‐ ഹാരി കെയ്ൻ
ഈ ലോകകപ്പിലെ ടോപ് സ്കോററാണ് കെയ്ൻ. ഇംഗ്ലണ്ട് ടീമിന്റെ ക്യാപ്റ്റൻ. അഞ്ച് കളിയിൽ ആറ് ഗോളടിച്ചു. ചടുലവേഗവും മനക്കരുത്തുമാണ് കെയ്നിന്റെ പ്രത്യേകത. നേടിയ ഗോളിൽ മൂന്നും പെനൽറ്റിയിൽനിന്ന്. ഇതുകൂടാതെ കൊളംബിയക്കെതിരായ ക്വാർട്ടർമത്സരത്തിന്റെ ഷൂട്ടൗട്ടിൽ ആദ്യ പെനൽറ്റി കിക്ക് എടുത്തതും കെയ്നായിരുന്നു.

ഗാരെത് സൗത്ഗേറ്റ് (പരിശീലകൻ)
ഇംഗ്ലണ്ടിന്റെ മുൻ താരമാണ് സൗത്ഗേറ്റ്. പരിശീലകനായി മികച്ച തുടക്കം. യുവനിരയെ വാർത്തെടുത്തു. ടീമിന് ആത്മവിശ്വാസം നൽകുന്ന തീരുമാനങ്ങൾ. കളിക്കാരുമായി നല്ല ബന്ധം. കളിക്കാരെ തെരഞ്ഞെടുക്കുന്നതിലുള്ള ധൈര്യവും സൗത്ഗേറ്റിനെ വ്യത്യസ്തനാക്കുന്നു. ഗോൾകീപ്പർ പിക്ഫോർഡിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയത് ഉദാഹരണം.

സാധ്യതാ ടീം
ഗോൾകീപ്പർ: ജോർദാൻ പിക്ഫോർഡ്, പ്രതിരോധം: കെയ്ൽ വാൾകർ, ജോൺ സ്റ്റോൺസ്, ഹാരി മഗ്വെയർ, മധ്യനിര: കീറൺ ട്രിപ്പിയർ, ഡെലെ ആല്ലി, ജോർദാൻ ഹെൻഡേഴ്സൺ, ജെസി ലിങ്ഗാർഡ്, ആഷ്ലി യങ്, മുന്നേറ്റം: റഹീം സ്റ്റെർലിങ്, ഹാരി കെയ്ൻ.

 

പ്രധാന വാർത്തകൾ
 Top