30 May Saturday
ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ രണ്ടാംപാദ പ്രീ ക്വാർട്ടർ

ചാമ്പ്യൻസ്‌ ലീഗ്‌ : ലിവർപൂളിനും പിഎസ്‌ജിക്കും നിർണായകം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 11, 2020

ലിവർപൂളിന്റെ മുഹമ്മദ്‌ സലാ പരിശീലനത്തിൽ


പാരിസ്‌/ലണ്ടൻ
പിഎസ്‌ജിയുടെയും ലിവർപൂളിന്റെയും നെഞ്ചിടിപ്പ്‌ കൂടുകയാണ്‌. ആദ്യപാദ പ്രീ ക്വാർട്ടറിൽ തോറ്റ ഇരുടീമുകൾക്കും സ്വന്തം തട്ടകത്തിൽ ജയം അനിവാര്യം. നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളിന്‌ അത്‌ലറ്റികോ മാഡ്രിഡിനെതിരെ രണ്ടു ഗോൾ ജയം അനിവാര്യം. ആദ്യപാദത്തിൽ ഒറ്റ ഗോളിനായിരുന്നു യുർഗൻ ക്ലോപ്പും കൂട്ടരും കീഴടങ്ങിയത്‌. പിഎസ്‌ജിക്കു മുമ്പിൽ ബൊറൂസിയ ഡോർട്ട്‌മുണ്ടാണ്‌. ആദ്യപാദത്തിൽ 1–-2നായിരുന്നു കീഴടങ്ങൽ. എതിർതട്ടകത്തിൽ ഗോളാനുകൂല്യമുണ്ട്‌. ക്വാർട്ടർ മോഹങ്ങൾ തളിർക്കാൻ ഒറ്റ ഗോൾ ജയം മതി. ഇന്ന്‌ രാത്രി 1.30നാണ്‌ മത്സരങ്ങൾ.

ആദ്യപാദത്തിൽ അത്‌ലറ്റികോയുടെ പ്രതിരാധപ്പൂട്ടിൽ ഞെരിഞ്ഞമർന്ന ലിവർപൂളിന്‌ എളുപ്പമാകില്ല തിരിച്ചുവരവ്‌. ആൻഫീൽഡിൽ വേണ്ടത്‌ രണ്ടു ഗോളാണ്‌. ഒന്നടിച്ചാൽ കളി അധികസമയത്തേക്ക്‌ നീളും. ദ്യോഗോ സിമിയോണി ഒരുക്കുന്ന പ്രതിരോധം മറികടക്കാൻ മുഹമ്മദ്‌ സലായും സാദിയോ മാനെയും എല്ലാ ഊർജവും പുറത്തെടുക്കേണ്ടതായിവരും. വാണ്ട മെട്രൊ പൊളീറ്റാനയിൽ ലക്ഷ്യത്തിലേക്ക്‌ ഒറ്റ ഷോട്ടുപോലും പായിക്കാതെയായിരുന്നു പേരുകേട്ട ലിവർപൂൾ ആക്രമണനിരയുടെ കീഴടങ്ങൽ. സോൾ നിഗേസിന്റെ ഗോളിൽ തുടക്കത്തിലേ മുന്നിലെത്തിയ അത്‌ലറ്റികോ പിൻനിരയിൽ ഉറച്ചു. പതിനൊന്നുപേരും പതറാതെ എതിർത്തു. അത്‌ലറ്റികോയുടെ ഗോൾമുഖത്തുപോലും പന്തെത്തിക്കാനായില്ല ലിവർപൂളുകാർക്ക്‌.

തോൽവിക്കു പിന്നാലെ ആൻഫീൽഡിൽ കാണാമെന്ന്‌ ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ്‌ അത്‌ലറ്റികോയ്‌ക്ക്‌ മുന്നറിയിപ്പ്‌ നൽകിയിരുന്നു. ലണ്ടനിൽ സ്വന്തം കാണികൾക്കു മുന്നിൽ ലിവർപൂളിന്‌ കരുത്തുകൂടും. കഴിഞ്ഞ സീസണിൽ ബാഴ്‌സലോണ ലിവർപൂളിന്റെ ചൂടറിഞ്ഞതാണ്‌. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ കിരീടത്തിന്‌ രണ്ട്‌ ജയമപ്പുറമാണ്‌ ലിവർപൂൾ. എന്നാൽ, അവസാന കളികളിൽ തിരിച്ചടികളായിരുന്നു. മൂന്നിൽ രണ്ടിലും തോറ്റു. എഫ്‌എ കപ്പിൽ പുറത്തായി. ചാമ്പ്യൻസ്‌ ലീഗിൽ മുന്നേറാനായില്ലെങ്കിൽ ഇംഗ്ലീഷ്‌ കിരീടത്തിന്റെ തിളക്കം നഷ്ടമാകും. പരിക്കേറ്റ ഗോൾകീപ്പർ അലിസൺ ബെക്കർ കളിക്കില്ല.

പാരീസിലെ 48,000 സീറ്റുള്ള പാർക്‌ ഡെ പ്രിൻസസ്‌ സ്‌റ്റേഡിയത്തിൽ ആരവങ്ങളില്ലാതെയാണ്‌ പിഎസ്‌ജി–-ഡോർട്ട്‌മുണ്ട്‌ മത്സരം അരങ്ങേറുക. കോവിഡ്‌–-19 രോഗഭീതി കാരണം അടച്ചിട്ട സ്‌റ്റേഡിയത്തിലാണ്‌ കളി നടക്കുക. എർലിങ്‌ ഹാലൻഡ്‌ എന്ന പത്തൊമ്പതുകാരനു മുമ്പിൽ ആദ്യപാദം തലകുനിച്ച പിഎസ്‌ജിക്ക്‌ ഒരുഗോൾ മതി. ഇരട്ടഗോൾ നേടിയ ഹാലൻഡിന്‌ മറുപടിയായി നെയ്‌മറായിരുന്നു ഡോർട്ട്‌മുണ്ട്‌ വല തൊട്ടത്‌. ഈ ഗോളിന്റെ ആശ്വാസത്തിലാണ്‌ തോമസ്‌ ടുഷലിന്റെ പിഎസ്‌ജി.
നെയ്‌മറും കിലിയൻ എംബാപ്പെയും അണിനിരക്കുന്ന മുന്നേറ്റത്തിലാണ്‌ അവരുടെ പ്രതീക്ഷ. ഇരുവരും മികവിലെത്തിയാൽ ഡോർട്ട്‌മുണ്ട്‌ അവസാനിക്കും. പ്രതിരോധത്തിൽ പിഴവുകളുണ്ടായാൽ ചാമ്പ്യൻസ്‌ ലീഗ്‌ സ്വപ്‌നം ഈ സീസണിലും മറക്കാം. ഹാലൻഡ്‌ തന്നെയാണ്‌ ഡോർട്ട്‌മുണ്ടിന്റെ കരുത്ത്‌. പരിക്കേറ്റ മാർകോ റ്യൂസ്‌ കളിക്കാത്തത്‌ അവർക്ക്‌ തിരിച്ചടിയാകും.


പ്രധാന വാർത്തകൾ
 Top