25 May Monday
നേട്ടം നാല്‌ കളികൾ ബാക്കിനിൽക്കെ

ബഗാന്‌ ഐ ലീഗ്‌ കിരീടം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 11, 2020


കൊൽക്കത്ത
ഇന്ത്യൻ ഫുട്‌ബോളിന്റെ രാജാക്കൻമാരായി മോഹൻ ബഗാൻ. ഐസ്വാൾ എഫ്‌സിയെ ഒരു ഗോളിന്‌ കീഴടക്കി ഐ ലീഗ്‌ കിരീടം സ്വന്തമാക്കി. ബഗാന്റെ അവസാന ലീഗാണിത്‌. ഐഎസ്‌എൽ ടീം എടികെയുമായി ലയിക്കുന്ന സംഘം ഐ ലീഗിൽ കിരീടവുമായി വിടപറഞ്ഞു. നാല്‌ കളികൾ ബാക്കിനിൽക്കേയാണ്‌ കൊൽക്കത്ത വമ്പൻമാരുടെ കിരീടധാരണം. ഐ ലീഗിലെ രണ്ടാം കിരീടമാണിത്‌. ദേശീയ ലീഗിലെ അഞ്ചാമത്തേതും. ഡെമ്പോ ഗോവയ്‌ക്കു ശേഷം നാല്‌ കളികൾ ശേഷിക്കേ ചാമ്പ്യൻമാരാകുന്ന ടീമെന്ന നേട്ടവും ബഗാൻ സ്വന്തമാക്കി.

സ്‌പാനിഷ്‌ പരിശീലകൻ കിബു വികുനയ്‌ക്ക്‌ കീഴിൽ അപാരജിത കുതിപ്പാണ്‌ ബഗാൻ നടത്തിയത്‌. 14 മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറി. 16ൽ 12ഉം ജയിച്ചു. മൂന്ന്‌ സമനില. തോറ്റത്‌ ഒരു കളി മാത്രം. നേടിയത്‌ 39 പോയിന്റ്‌. രണ്ടാമതുള്ള ഈസ്റ്റ്‌ ബംഗാളിന്‌ 23 പോയിന്റ്‌. ശേഷിക്കുന്ന എല്ലാ കളികളും ജയിച്ചാലും ഒരു ടീമിനും ബഗാനെ മറികടക്കാനാകില്ല.

സീസണിൽ മോശം തുടക്കമായിരുന്നു കൊൽക്കത്തക്കാരുടേത്‌. ആദ്യ കളിയിൽ ഐസ്വാളിനോട്‌ സമനില. പിന്നാലെ സ്വന്തംതട്ടകത്തിൽ ചർച്ചിൽ ബ്രദേഴ്‌സിനോട്‌ 2–- 4ന്‌ തോറ്റു. പിന്നീട്‌ ബഗാൻ തിരിഞ്ഞുനോക്കിയില്ല. ഒറ്റക്കളിയും തോറ്റില്ല. ഐസ്വാളിനെതിരെ ബാബ ദിവാരയാണ്‌ ബഗാന്റെ വിജയഗോൾ കുറിച്ചത്‌. ജൂണിലാണ്‌ ബഗാൻ എടികെയുമായി ലയിക്കുന്നത്‌. മറ്റൊരു മത്സരത്തിൽ പഞ്ചാബ്‌ എഫ്‌സിയെ നെരോക്ക 4 –-3ന്‌ അട്ടിമറിച്ചു.


പ്രധാന വാർത്തകൾ
 Top