26 February Wednesday
അത്‌ലറ്റികോ 3 ബാഴ്‌സലോണ 2

സ്‌പാനിഷ്‌ സൂപ്പർ കപ്പ്‌: ബാഴ്‌സയെ വീഴ്‌ത്തി അത്‌ലറ്റികോ

വെബ് ഡെസ്‌ക്‌Updated: Saturday Jan 11, 2020

ബാഴ്‌സക്കെതിരെ ജയം നേടിയ അത്‌ലറ്റികോ താരങ്ങളുടെ ആഹ്ലാദം. നിരാശയോടെ നിൽക്കുന്ന ലയൺ മെസി


ജിദ്ദ
കൊണ്ടും കൊടുത്തുമുള്ള പോരിൽ ഏഞ്ചൽ കൊറിയ വീരനായകനായി. ഈ അർജന്റീനക്കാരന്റെ മിന്നുംഗോളിൽ അത്‌ലറ്റികോ മാഡ്രിഡ്‌ ബാഴ്‌സലോണയെ വീഴ്‌ത്തി (3–-2). ആവേശകരമായ രണ്ടാം പകുതിയിലായിരുന്നു ഗോളുകളെല്ലാം പിറന്നത്‌. രണ്ടുവട്ടം അത്‌ലറ്റികോയുടെ വല കുലുക്കിയത്‌ ‘വാർ’ തടഞ്ഞതും ബാഴ്‌സയ്‌ക്ക്‌ തിരിച്ചടിയായി. ഇതോടെ സ്‌പാനിഷ്‌ സൂപ്പർ കപ്പ്‌ ഫൈനലിൽ മാഡ്രിഡ്‌ ടീമുകൾ കൊമ്പുകോർക്കും. നാളെയാണ്‌ റയൽ–-അത്‌ലറ്റികോ അങ്കം.

നിശബ്ദമായ ഒന്നാം പകുതിക്കുശേഷം കിങ്‌ അബ്‌ദുല്ല സ്‌പോർട്‌സ്‌ സിറ്റി സ്‌റ്റേഡിയം പൊട്ടിത്തെറിച്ചു. ആദ്യപകുതി ബാഴ്‌സയും അത്‌ലറ്റികോയും വീര്യം അളക്കുകയായിരുന്നു. ബാഴ്‌സയുടെ മുന്നേറ്റങ്ങളുടെ നടുവൊടിച്ച്‌ അത്‌ലറ്റികോ പ്രതിരോധം നിവർന്നുനിന്നു. ഇടവേളയ്‌ക്ക്‌ പിരിയുംമുമ്പേ കളത്തിന്‌ ചൂട്‌ പിടിക്കുന്നതിന്റെ ലക്ഷണങ്ങൾ തെളിഞ്ഞു. ബാഴ്‌സക്കാരൻ ജോർഡി ആൽബ ജോയോ ഫെലിക്‌സിനെ പ്രകോപിപിച്ചു. അത്‌ലറ്റികോ മുന്നേറ്റക്കാരന്റെ മൂക്കിലേക്ക്‌ വിരലടുപ്പിച്ചു ആൽബ. കൈ തട്ടിത്തെറിപ്പിച്ച്‌ ജോയോയുടെ മറുപടി. വിശ്രമമുറിയിലേക്ക്‌ മടങ്ങുന്നതിനിടെ ലയണൽ മെസി ഫെലിക്‌സിനുനേരേ തിരിഞ്ഞു. വാക്കേറ്റം, പിന്നാലെ കളിക്കാരും കൂടി. അടിപിടിയോടെ കളി പിരിഞ്ഞു.

രണ്ടാം പകുതി ബാഴ്‌സ ഉണരും മുമ്പ്‌ അത്‌ലറ്റികോ പ്രഹരിച്ചു. ജോയോ തുടങ്ങിവച്ച മുന്നേറ്റം. പ്രതിരോധക്കാർക്കിടയിലൂടെ പന്ത്‌ കൊറിയയിലേക്ക്‌. പിക്വെയെയും കൂട്ടരെയും മറികടന്ന്‌ കൊറോറോ മുന്നിലുള്ള കൊകെയ്‌ക്ക്‌ നീട്ടിനൽകി. വലംകാലടി ബാഴ്‌സ ഗോളി നെറ്റോയെ  കീഴടക്കി. അത്‌ലറ്റികോ മുന്നിൽ. ബാഴ്‌സ തളർന്നില്ല. സർവതും മറന്നുള്ള ആക്രമണം. മധ്യനിരയിൽ അർട്യൂറോ വിദാലും ഫ്രെങ്ക്‌ ഡിയോങ്ങും കളി ഏറ്റെടുത്തു. മെസിയിലൂടെ മറുപടി വന്നു. ബോക്‌സിൽ ഉയർന്നുവന്ന പന്ത്‌ പിടിവിടാതെ കാലിലാക്കി ബാഴ്‌സ ക്യാപ്‌റ്റൻ. രണ്ട്‌ അത്‌ലറ്റിക്കോക്കാരെ മറികടന്നുള്ള ഉശിരനടി.   നിർത്തിയില്ല ബാഴ്‌സ. മുൻ ക്ലബ്ബിനെതിരെ ഒൺട്ടോയ്‌ൻ ഗ്രീസ്‌മാന്റെ ഊഴമായിരുന്നു അടുത്തത്‌. ഇടതുമൂലയിൽനിന്ന്‌ ആൽബ നൽകിയ ഒന്നാന്തരം ക്രോസ്‌. കൃത്യം ലൂയിസ്‌ സുവാരസിന്റെ തലയിൽ. ഉറുഗ്വേക്കാരന്റെ ശ്രമം യാൻ ഒബ്ലാക്‌ തട്ടിയകറ്റി. പന്ത്‌ നേരേ ഗ്രീസ്‌മാനിലേക്ക്‌. പിഴച്ചില്ല. അത്‌ലറ്റികോയുടെ പ്രതിരോധത്തിന്റെ പിടിവിട്ടു. പിക്വെയും മെസിയും വല കണ്ടെങ്കിലും വാർ തടഞ്ഞു. വിദാൽ ഓഫ്‌സൈഡായത്‌ പിക്വെയ്‌ക്കും പന്ത്‌ കൈയിൽതട്ടിയത്‌ മെസിക്കും വിനയായി.

അവസാന പത്ത്‌ മിനിറ്റിലാണ്‌ കളി മാറിമറിഞ്ഞത്‌. ബാഴ്‌സ ഗോളി നെറ്റോ അത്‌ലറ്റികോക്കാരൻ വിറ്റോളയെ വീഴ്‌ത്തിയതിന്‌ പെനൽറ്റി. അൽവാരൊ മൊറാട്ടോയ്‌ക്ക്‌ ഉന്നം തെറ്റിയില്ല. കൊറിയയുടെ വിജയഗോളും നെറ്റോയുടെ പിഴവിലൂടെയായിരുന്നു. പന്ത്‌ വരയ്‌ക്കുപുറത്തുനിന്നു തടയുന്നതിൽ പരാജയപ്പെട്ടു ഈ ബ്രസീലുകാരൻ.
ഒപ്പമെത്താനുള്ള അവസരം പിക്വെയ്‌ക്ക്‌ കിട്ടിയെങ്കിലും തുലച്ചു. അവസാന വിസിൽ മുഴങ്ങിയപ്പോൾ അത്‌ലറ്റികോ ആഘോഷിച്ചു.
നാളെ 11.30നാണ്‌ റയൽ അത്‌ലറ്റികോ ഫൈനൽ.


പ്രധാന വാർത്തകൾ
 Top