നാഗ്പുർ
രാജ്കോട്ട് ആവർത്തിക്കാനാണ് രോഹിത് ശർമയും കൂട്ടരും നാഗ്പുരിൽ ഇറങ്ങുന്നത്. മൂന്ന് മത്സര ട്വന്റി–-20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ കളിയിൽ ബംഗ്ലാദേശിനോട് തോറ്റ ഇന്ത്യ രാജ്കോട്ടിൽ എട്ട് വിക്കറ്റിന്റെ ജയം പിടിച്ചിരുന്നു. നാഗ്പുരിലെ വിസിഎ സ്റ്റേഡിയത്തിൽ ഇന്ന് പരമ്പര വിജയികളെ തീരുമാനിക്കുന്ന ‘ഫൈനൽ’ അരങ്ങേറും. രാത്രി ഏഴിനാണ് മത്സരം. അടുത്തവർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി–-20 ലോകകപ്പിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ബംഗ്ലാദേശിനെതിരെയുള്ള പരമ്പരജയം ഇന്ത്യൻ യുവനിരയ്ക്ക് കുതിക്കാനുള്ള ഊർജമാകും. കഴിഞ്ഞ കളികളിൽ ഇടം കിട്ടാതിരുന്ന മലയാളിതാരം സഞ്ജു സാംസണ് ഇത്തവണ അവസരം കിട്ടുമോയെന്ന് വ്യക്തമല്ല.
ഡൽഹിയിൽ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യക്കെതിരെ ബംഗ്ലാദേശിന്റെ കന്നി ട്വന്റി–-20 ജയം. എന്നാൽ, രാജ്കോട്ടിൽ ക്യാപ്റ്റൻ രോഹിത് ഇന്ത്യക്ക് വിജയവഴി കാട്ടി. 43 പന്തിൽ 85 റണ്ണുമായി വലംകൈയൻ ഇന്ത്യക്ക് വിജയം സമ്മാനിച്ചു. സ്പിന്നർമാരും മിന്നി. അവസാന കളിയിലും ഇതേ മികവ് ആവർത്തിച്ച് പരമ്പര പിടിക്കാമെന്ന മോഹത്തിലാണ് ഇന്ത്യ.
കഴിഞ്ഞ രണ്ടു കളിയിലും ഇന്ത്യ ഒരേ ടീമിനെയാണ് വിന്യസിച്ചത്. നാഗ്പുരിൽ മാറ്റങ്ങളുണ്ടായേക്കും. ശിവം ദുബെയ്ക്ക് പകരം സഞ്ജുവിനെ പരീക്ഷിക്കുമോ എന്നതിൽ തീരുമാനമായിട്ടില്ല. ഋഷഭ് പന്തിന് പകരം വിക്കറ്റ് കീപ്പറായി സഞ്ജു എത്തിയാലും അതിശയപ്പെടേണ്ടതില്ല.
ബൗളർമാരിൽ മങ്ങിയ പേസർ ഖലീൽ അഹമ്മദ് പുറത്തിരുന്നേക്കും. ശാർദുൽ താക്കൂറാകും പകരക്കാരൻ. ബംഗ്ലാദേശ് നിരയിൽ മാറ്റങ്ങളുണ്ടായേക്കില്ല.
അവസാന 11 കളികളിൽ എട്ടിലും ആദ്യം ബാറ്റ് ചെയ്ത ടീം ജയിച്ച സ്റ്റേഡിയമാണ് നാഗ്പുരിലേത്. മഴയുടെ ആശങ്കകൾ ഒട്ടുമില്ല.