01 October Sunday

ദേശീയ സ്‌കൂൾ അത്‌ലറ്റിക്‌ മീറ്റ്‌ ; കേരളം നാലാമത്‌

വെബ് ഡെസ്‌ക്‌Updated: Saturday Jun 10, 2023


ഭോപാൽ
കാലം തെറ്റിവന്ന ദേശീയ സ്‌കൂൾ അത്‌ലറ്റിക്‌സിൽ കേരളം നാലാംസ്ഥാനത്തൊതുങ്ങി. നാല്‌ സ്വർണവും അഞ്ച്‌ വെള്ളിയും മൂന്ന്‌ വെങ്കലവുമടക്കം 76 പോയിന്റ്‌. സീനിയർ (അണ്ടർ 19) വിഭാഗത്തിൽമാത്രമായിരുന്നു ഇക്കുറി മീറ്റ്‌. ഒമ്പത്‌ സ്വർണത്തോടെ 140 പോയിന്റുമായി ഹരിയാന ജേതാക്കളായി. ഉത്തർപ്രദേശ്‌ 86 പോയിന്റ്‌ നേടി രണ്ടാമതെത്തി. മഹാരാഷ്‌ട്ര (82) മൂന്നാംസ്ഥാനം നേടി.

ആൺകുട്ടികളുടെ വിഭാഗത്തിൽ കേരളം ഹരിയാനയ്‌ക്കും (98) ഉത്തർപ്രദേശിനും (52) പിന്നിൽ മൂന്നാംസ്ഥാനത്താണ്‌. ആൺകുട്ടികൾ നേടിയത്‌ മൂന്ന്‌ സ്വർണവും രണ്ട്‌ വെള്ളിയും ഒരു വെങ്കലവുമടക്കം 44 പോയിന്റ്‌. പെൺകുട്ടികളിൽ കേരളം നാലാമതായി. ഒരു സ്വർണവും മൂന്ന്‌ വെള്ളിയും രണ്ട്‌ വെങ്കലവുമാണ്‌ നേടിയത്‌–- 32 പോയിന്റ്‌. മഹാരാഷ്‌ട്ര (54), ബംഗാൾ (48), ഹരിയാന (42) ടീമുകൾ ആദ്യ മൂന്ന്‌ സ്ഥാനം നേടി.

അത്‌ലറ്റിക്‌സിൽ കഴിഞ്ഞ 20 വർഷമായി ചാമ്പ്യൻമാരായിരുന്നു കേരളം. 2019ൽ പഞ്ചാബിലെ സംഗ്രൂറിൽ നടന്ന അവസാന മീറ്റിൽ എട്ട്‌ സ്വർണവും ആറ്‌ വെള്ളിയും 10 വെങ്കലവുമടക്കം 159 പോയിന്റോടെയാണ്‌ കേരളം ജേതാക്കളായത്‌. മൂന്നുവർഷംമുമ്പ്‌ പെൺകുട്ടികളുടെ കരുത്തിലായിരുന്നു കേരളത്തിന്റെ മുന്നേറ്റം. 101 പോയിന്റായിരുന്നു സമ്പാദ്യം. ആൺകുട്ടികൾ 58 പോയിന്റ്‌ നേടി. ഇക്കുറി പെൺകുട്ടികളുടെ നേട്ടം മൂന്നിലൊന്നായി കുറഞ്ഞു. പഠനവും പരീക്ഷയും അവധിക്കാലവും കഴിഞ്ഞാണ്‌ ഇത്തവണ ദേശീയ മീറ്റ്‌ നടത്തിയത്‌. സീസൺ കഴിഞ്ഞതിനാൽ സംസ്ഥാന മീറ്റിലെ മെഡൽജേതാക്കളിൽ പലരും പങ്കെടുക്കാത്തത്‌ തിരിച്ചടിയായി. സംസ്ഥാന മീറ്റിൽ സ്വർണം നേടിയ 10 അത്‌ലീറ്റുകൾ ദേശീയ മീറ്റിനെത്തിയില്ല. പ്രമുഖ അക്കാദമികളും കുട്ടികളെ അയച്ചില്ല.

അവസാനദിവസം 12 ഇനങ്ങളിലാണ്‌ മെഡൽജേതാക്കളെ നിശ്‌ചയിച്ചത്‌. ഒറ്റ സ്വർണവും കിട്ടിയില്ല. ആൺകുട്ടികളുടെ ലോങ്ജമ്പിൽ സി വി അനുരാഗും പെൺകുട്ടികളുടെ 200 മീറ്റർ ഓട്ടത്തിൽ എസ്‌ മേഘയും വെള്ളി നേടി. പെൺകുട്ടികളുടെ ലോങ്ജമ്പിൽ ഡി ഷീബയ്‌ക്ക്‌ വെങ്കലമുണ്ട്‌. ആൺകുട്ടികളുടെ 800 മീറ്ററിൽ ആന്റോ ആന്റണി മൂന്നാംസ്ഥാനം നേടി. റിലേ ടീമുകളുടെ പരാജയം കനത്ത തിരിച്ചടിയായി. 4x400 മീറ്റർ റിലേയിൽ പെൺകുട്ടികൾ നാലാമതായി. പരിക്കുമൂലം ആൺകുട്ടികൾക്ക്‌ ഫൈനൽ ഓടാനായില്ല.

ഉത്തർപ്രദേശിന്റെ ദേവേന്ദ്രകുമാർ പാണ്ഡെയും (ഷോട്ട്‌പുട്ട്‌) മഹാരാഷ്‌ട്രയുടെ ശ്രാവണി സാംഗ്ലേയും (400 മീറ്റർ ഹർഡിൽസ്‌) മികച്ച അത്‌ലീറ്റുകളായി തെരഞ്ഞെടുക്കപ്പെട്ടു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top