25 May Monday

റയൽ സിറ്റി തോറ്റു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 10, 2020

സിറ്റി പരിശീലകൻ ഗ്വാർഡിയോള/ റയൽ മാഡ്രിഡ്‌ പരിശീലകൻ സിദാന്റെ നിരാശ

ലണ്ടൻ/മാഡ്രിഡ്‌

ചാമ്പ്യൻസ്‌ ലീഗിൽ അടുത്താഴ്‌ച മുഖാമുഖമെത്തുന്ന റയൽ മാഡ്രിഡിനും മാഞ്ചസ്റ്റർ സിറ്റിക്കും തോൽവി. സ്‌പാനിഷ്‌ ലീഗിൽ റയൽ ബെറ്റിസാണ്‌ റയലിനെ വീഴ്‌ത്തിയത്‌ (2–-1). സിറ്റിയാകട്ടെ മാഞ്ചസ്റ്റർ പോരിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട്‌ രണ്ട്‌ ഗോളിന്‌ അടിയറവ്‌ പറഞ്ഞു. 18ന്‌ ലണ്ടനിലാണ്‌ റയലും സിറ്റിയും തമ്മിലുള്ള ചാമ്പ്യൻസ്‌ ലീഗ്‌ രണ്ടാംപാദ പ്രീ ക്വാർട്ടർ. ആദ്യപാദം സിറ്റി 2–-1ന്‌ നേടിയിരുന്നു. ദേശീയ ലീഗുകളിലെ തോൽവി ഇരുടീമുകൾക്കും തിരിച്ചടിയായി.

അപ്രതീക്ഷിതമായിരുന്നു റയലിന്റെ തോൽവി. ലീഗിൽ പതിനഞ്ചാമതായിരുന്ന ബെറ്റിസിനെതിരെ ജയിച്ച്‌ പട്ടികയിൽ ഒന്നാമതെത്താമെന്ന മോഹവുമായി സിനദിൻ സിദാന്റെ സംഘം കളത്തിലിറങ്ങി. എന്നാൽ  ‌സിഡ്‌നെയിലൂടെ ബെറ്റിസ്‌ മുന്നിലെത്തി. ഇടവേളയ്‌ക്ക്‌ മുമ്പ്‌ കരിം ബെൻസെമ പെനൽറ്റിയിലൂടെ റയലിന്‌ സമനില നൽകി. കളിയവസാനിക്കാൻ എട്ട്‌ മിനിറ്റ്‌ ബാക്കിനിൽക്കേ മുൻ ബാഴ്‌സലോണ മുന്നേറ്റക്കാരൻ ക്രിസ്റ്റ്യൻ ടെല്ലൊ റയലിനെ അവസാനിപ്പിച്ചു. തോൽവിയോടെ രണ്ടാമത്‌ തുടർന്നു റയൽ. 27 കളികളിൽ 56 പോയിന്റ്‌. ഒന്നാമതുള്ള ബാഴ്‌സയ്‌ക്ക്‌ 58.

പ്രതിരോധം കളി മറന്നതാണ്‌ സിറ്റിക്ക്‌ വിനയായത്‌. യുണൈറ്റഡിന്റെ മുന്നേറ്റങ്ങൾക്ക്‌ മുമ്പിൽ പെപ്‌ ഗ്വാർഡിയോളയുടെ സംഘത്തിന്‌ മറുപടിയുണ്ടായില്ല. ആന്തണി മാർഷ്യലും സ്‌കോട്ട്‌ മക്‌ടോമിനിയും യുണൈറ്റഡിനായി വല കണ്ടു. മധ്യനിരയിലെ ബ്രൂണോ ഫെർണാണ്ടസിന്റെ മികവിലായിരുന്നു യുണൈറ്റഡിന്റെ മേൽക്കോയ്‌മ. സീസണിലെ ആദ്യ കളിയിലും സിറ്റിക്കെതിരെ യുണൈറ്റഡ്‌ ജയിച്ചിരുന്നു. ഈ ദശാബ്‌ദത്തിൽ ആദ്യമായാണ്‌ ലീഗിലെ രണ്ട്‌ മാഞ്ചസ്റ്റർ പോരിലും യുണൈറ്റഡ്‌ ജയം പിടിക്കുന്നത്‌. ലീഗിലെ സിറ്റിയുടെ ഏഴാം തോൽവിയാണിത്‌. 


പ്രധാന വാർത്തകൾ
 Top