17 February Monday

‘പരിക്കൻ’ സമനില

ആർ രഞ‌്ജിത‌്Updated: Saturday Nov 9, 2019

ഒഡിഷയുടെ നന്ദകുമാറിന്റെ ഗോൾശ്രമം കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഗോൾ കീപ്പർ ടി പി രെഹ്‌നേഷ്‌ തടഞ്ഞപ്പോൾ ഫോട്ടോ: പി വി സുജിത്‌


ഒഡിഷയെ പറത്താനുള്ള ഒരു ചുഴലിയും ബ്ലാസ‌്റ്റേഴ‌്സിന്റെ ബൂട്ടിൽ ഇല്ലായിരുന്നു. പരിക്കിനൊപ്പം ഗോളടിക്കാരന്റെ അഭാവവും വലച്ച കേരള ബ്ലാസ‌്റ്റേഴ‌്സിന‌് ഐഎസ‌്എലിൽ ഗോളില്ലാ സമനില. കളിക്കാരുടെ പരിക്ക‌് ബ്ലാസ‌്റ്റേഴ‌്സിന്റെ മുന്നോട്ടുള്ള പോക്കിൽ ചോദ്യചിഹ്നമായി നിൽക്കുന്നു.

നാല‌ു കളിയിലെ ആദ്യ  സമനിലയാണിത‌്. നാല‌് പോയിന്റുമായി ആറാംസ്ഥാനത്ത‌്. ഇതേ പോയിന്റുള്ള ഒഡിഷ അഞ്ചാമതാണ‌്.  സന്ദേശ‌് ജിങ്കൻ, ജിയാന്നി സുയ്‌വെർലൂൺ, മരിയോ അർക്യൂസ‌് എന്നിവർക്കു പിന്നാലെ ജെയ‌്റോയും മെസിയും ഇന്നലത്തെ കളിയോടെ പരിക്കിന്റെ പിടിയിലായി. പത്തൊമ്പതുകാരൻ കെ പി രാഹുൽ മിന്നിക്കളിച്ചപ്പോൾ പ്രശാന്തും സഹൽ അബ‌്ദുൽ സമദും പ്രതീക്ഷ നൽകി. പക്ഷേ, ആസൂത്രിതമായ നീക്കങ്ങളോ ഭാവനാസമ്പന്നമായ ഗോൾലക്ഷ്യങ്ങളോ ബ്ലാസ‌്റ്റേഴ‌്സിന‌് ഇല്ലാതെപോയി.  ഇപ്പറഞ്ഞ കാര്യങ്ങളൊന്നും ഒഡിഷയ്‌ക്കും ഇല്ലാതെപോയത‌് ഭാഗ്യം. നെഹ‌്റു സ‌്റ്റേഡിയത്തിൽ നിറഞ്ഞ ഇരുപതിനായിരത്തോളം വരുന്ന കാണികൾക്ക‌് നിരാശമാത്രം ബാക്കി. ഒരുവേള കളത്തിൽ ആറ‌് കേരള താരങ്ങളുണ്ടായിരുന്നു.

ആദ്യത്തെ 45 മിനിറ്റ‌് കളിയേക്കാൾ മുന്നിൽനിന്നത‌് പരിക്കായിരുന്നു. ബ്ലാസ‌്റ്റേഴ‌്സിന്റെ പ്രതിരോധക്കാരൻ ജെയ‌്റോ റോഡ്രിഗസും സ‌്ട്രൈക്കർ മെസി ബൗളിയും പരിക്കേറ്റ‌് മടങ്ങി. ഒഡിഷയുടെ സ‌്പാനിഷ‌് സ‌്ട്രൈക്കർ അരിദാനെ സന്റാനെയും കളംവിട്ടു.  ക്യാപ‌്റ്റൻ ബർതലോമേവ‌് ഒഗ‌്ബെച്ചേക്ക‌ുപകരം മെസി ബൗളി ആദ്യ ഇലവനിൽ ഇറങ്ങി. ബാറിനുകീഴിൽ രഹ‌്നേ‌ഷും മധ്യനിരയിൽ പ്രശാന്തും രാഹുലും സഹലും  മലയാളിസാന്നിധ്യമായി. മൂന്നാം മിനിറ്റിൽത്തന്നെ  ബ്ലാസ‌്റ്റേഴ‌്സിന‌് അടികിട്ടി. പ്രതിരോധത്തിലെ ആശ്രയമായിരുന്ന ജെയ‌്റോ പരിക്കേറ്റ‌് മടങ്ങിയത‌് തിരിച്ചടിയായി. മലയാളിതാരം അബ‌്ദുൽ ഹക്കു പകരക്കാരനായി എത്തി.

 മെസി ബൗളി  ബോക‌്സിൽ പരിക്കേറ്റ‌ുവീണത‌് ഗ്യാലറിയെ ഞെട്ടിച്ചു. കോർണർ കിക്കിൽനിന്ന്‌ ഉയർന്ന പന്തിനായുള്ള ചാട്ടത്തിൽ ഒഡിഷയുടെ സ‌്പാനിഷ‌് സ‌്ട്രൈക്കർ അരിദാനെ സന്റാനെ തലകൊണ്ടിടിച്ച‌ത‌് മെസിയുടെ നെഞ്ചിലായിരുന്നു.  മെസി തലയിടിച്ച‌് മൈതാനത്ത‌് വീണു. ഒപ്പം സന്റാനയും. അഞ്ചു മിനിറ്റോളം കളി നിർത്തിവച്ച‌് മെസിക്ക‌് പ്രാഥമിക ശുശ്രൂഷ നൽകി ആശുപത്രിയിലേക്ക‌് മാറ്റി. സന്റാനയും പരിക്കേറ്റ‌് പുറത്തായി. മെസിക്കുപകരം മുഹമ്മദ‌് റാഫി കളത്തിലിറങ്ങി.


 

ഇടവേളയ്‌ക്കു പിരിയാൻ പത്തു മിനിറ്റുള്ളപ്പോഴാണ‌് ഗോളിന്റെ മണമുള്ള ആദ്യനീക്കം പിറന്നത‌്.  ഒഡിഷ ബോക‌്സിനു പുറത്ത‌് സഹലിന്റെ പ്രതിഭാസ‌്പർശമുള്ള നീക്കം. നാല‌ു കളിക്കാരെ കബളിപ്പിച്ച‌് ബോക‌്സിൽ കയറിയ സഹൽ പ്രതിരോധപ്പൂട്ടിൽ വീണു. പെനൽറ്റിക്കായി കളിക്കാരും ഗ്യാലറിയും ആർത്തുവിളിച്ചെങ്കിലും റഫറി വഴങ്ങിയില്ല. അടുത്ത അവസരം രാഹുലിനായിരുന്നു. വലതുപാർശ്വത്തിലൂടെ കുതിച്ച‌് റാഫി നൽകിയ ക്രോസ‌്. ഗോളിമാത്രം  മുന്നിൽനിൽക്കെ അടിച്ചത‌് ബാറിനു മുകളിലേക്കായി. റഫറി വിശ്രമത്തിന‌് വിസിലൂതിയപ്പോൾ കോച്ച‌് എൽകോ ഷട്ടോരി മൈതാനത്തേക്ക‌് കുതിച്ചു. റഫറിയെ മൈതാനത്തിറങ്ങി ചോദ്യംചെയ‌്തതിന‌് മഞ്ഞക്കാർഡ‌് കിട്ടിയത‌് മിച്ചം.

രണ്ടാംപകുതിയിൽ ഉണരാൻ രണ്ടുകൂട്ടരും ശ്രമിച്ചു. ഒറ്റപ്പെട്ട നീക്കങ്ങളുമായി ബ്ലാസ‌്റ്റേഴ‌്സ‌് ഗോളിയെ പരീക്ഷിക്കാനാണ‌് ഒഡിഷ ശ്രമിച്ചത‌്.  മറുപടിയായി പ്രശാന്ത‌് വലതുപാർശ്വത്തിലൂടെ മുന്നേറി ബോക‌്സിന്റെ തുമ്പത്തുനിന്ന്‌ തൊടുത്തത‌് പുറത്തേക്കായിരുന്നു. വീണ്ടും പ്രശാന്തിന്റെ അപകടകരമായ നീക്കം. ബോക‌്സിനുള്ളിൽ  പന്ത‌് ഒഡിഷ പ്രതിരോധക്കാരൻ നാരായൺ ദാസിന്റെ കൈയിൽ തട്ടിയെങ്കിലും റഫറി കണ്ടില്ല. അതിനിടെ, റാഫിക്ക‌ുപകരം ഒഗ‌്ബെച്ചെ  എത്തി. കളി തീരാൻ നിമിഷങ്ങൾ മാത്രമുള്ളപ്പോൾ രാഹുലിന‌് സുവർണാവസരം ലഭിച്ചു. പ്രശാന്ത‌് ഉയർത്തിയടിച്ച പന്ത‌് ഒഗ‌്ബെച്ചെ തലകൊണ്ട‌് മറിച്ചു. കാത്തുനിന്ന രാഹുലിന്റെ ഷോട്ട‌് ഒഡിഷ ഗോളി കുത്തിപ്പുറത്താക്കി.

ബ്ലാസ‌്റ്റേഴ‌്സിന്റെ അടുത്ത കളി 23ന‌് നിലവിലെ ചാമ്പ്യൻമാരായ ബംഗളൂരു എഫ‌്സിയുമായി അവരുടെ തട്ടകത്തിൽ. കൊച്ചിയിൽ ഡിസംബർ ഒന്നിന‌് എഫ‌്സി ഗോവയുമായി.


പ്രധാന വാർത്തകൾ
 Top